വാഹന നിര്‍മാണ രംഗത്തേക്ക് കടക്കാനുള്ള ശ്രമത്തിലാണത്രെ ഐടി രംഗത്തെ അതികായരിലൊന്നായ ആപ്പിള്‍. കമ്പനിയുടെ ആദ്യ കാര്‍ നിര്‍മിക്കാന്‍ കാര്യമായി തന്നെ ശ്രമിച്ചുവരികയാണ് ആപ്പിള്‍.
2024-ഓടെ ആദ്യ യാത്രാവാഹനത്തിന്റെ നിര്‍മാണം ആരംഭിക്കുക, സെല്‍ഫ് ഡ്രൈവിങ് സംവിധാനങ്ങള്‍ വികസിപ്പിക്കുക, അത്യാധുനിക ബാറ്ററി സാങ്കേതികവിദ്യ വികസിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളാണ് കമ്പനി മുന്നില്‍ കാണുന്നതെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
2015-ല്‍ ആപ്പിള്‍ കാര്‍ നിര്‍മിക്കാന്‍ പോവുന്നതായ അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും 2016-ല്‍ ഈ പ്രൊജക്ട് ഒഴിവാക്കിയിരുന്നു. പകരം കാര്‍ നിര്‍മാതാക്കള്‍ക്ക് ലൈസന്‍സ് നല്‍കാനാവുന്ന സോഫ്റ്റ്വെയര്‍ നിര്‍മാണത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. ആപ്പിളിന്റെ കാര്‍ ടീമില്‍നിന്ന് കഴിഞ്ഞ വര്‍ഷം 200 പേരെ പിരിച്ചുവിട്ടതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
എന്നാല്‍, വീണ്ടും അതേ പദ്ധതിയ്ക്ക് മേല്‍ കാര്യമായ ശ്രമത്തിലാണ് കമ്പനി എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. അത് ഒരു ഇലക്ട്രിക് വാഹനമായിരിക്കുമെന്നും അത്യാധുനികെ സെല്‍ഫ് ഡ്രൈവിങ്, ബാറ്റങി സാങ്കേതികവിദ്യകള്‍ അതില്‍ ഉണ്ടാവുമെന്നും റിപ്പോര്‍ട്ട് സൂചന നല്‍കുന്നു.
2024-ഓടെ ആപ്പിളിന്റെ ആദ്യ കാര്‍ നിര്‍മിക്കുമെന്നാണ് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട്. എന്നാല്‍ ഇത് കൃത്യമാണോ എന്ന് വ്യക്തമല്ല. കോവിഡ് രോഗവ്യാപനവും ഇതിനെ സ്വാധീനിച്ചേക്കാം.
മോണോസെല്‍ രൂപകല്‍പനയെ ആശ്രയിച്ചുള്ളതാവും ആപ്പിളിന്റെ ബാറ്ററി സാങ്കേതികവിദ്യയെന്നാണ് വിവരം. ഇത് ബാറ്ററിയ്ക്ക് കൂടുതല്‍ ശേഷി നല്‍കുന്നു. റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് ആപ്പിള്‍ പ്രതികരിച്ചിട്ടില്ല.
Content Highlights: apple wants to build its first car by 2024