സംഗീത സംവിധായകന്‍ എആര്‍ റഹ്മാനുമായി ചേര്‍ന്ന് രാജ്യത്ത് രണ്ട് മാക് ലാബുകള്‍ സ്ഥാപിക്കുമെന്ന് ആപ്പിള്‍ മ്യൂസിക്. ചെന്നൈയിലെ റഹ്മാന്‍ സ്ഥാപിച്ച കെഎം മ്യൂസിക് കണ്‍സര്‍വേറ്ററീസിലും (കെ.എം.എം.സി) മുംബൈയില്‍ തുടങ്ങാനിരിക്കുന്ന കെ.എം.എം.സിയുടെ ശാഖയിലുമാണ് മാക് ലാബുകള്‍ തുടങ്ങുക. 

മാക് ഓഎസിന് വേണ്ടിയുള്ള ആപ്പിളിന്റെ പ്രൊഫഷണല്‍ മ്യൂസിക് ക്രിയേഷന്‍ ആപ്ലിക്കേഷനായ ലോജിക് പ്രോ എക്‌സ് ഉപയോഗിച്ച് സംഗീതം നിര്‍മിക്കുന്നതെങ്ങിനെയെന്ന് മാക്ലാബില്‍ വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്‍കും. പിന്നാക്കാവസ്ഥയിലുള്ള വിദ്യാര്‍ഥികള്‍ക്കായി പത്ത് മുഴുവന്‍സമയ സ്‌കോളര്‍ ഷിപ്പ് നല്‍കുമെന്നും ആപ്പിള്‍ വ്യക്തമാക്കി. 

2008ലാണ് ചെന്നൈയില്‍ റഹ്മാന്‍ കെഎം മ്യൂസിക് കണ്‍സര്‍വേറ്ററി സ്ഥാപിച്ചത്. ഇന്ത്യന്‍ സംഗീതം, പാശ്ചാത്യ സംഗീതം, സംഗീതവുമായി ബന്ധപ്പെട്ട സാങ്കേതികത എന്നിവയില്‍ കെഎംഎംസിയില്‍ പരിശീലനം നടക്കുന്നുണ്ട്. വിദ്യ മുംബൈയിലും താമസിയാതെ സ്ഥാപനത്തിന്റെ പുതിയ ശാഖ ആരംഭിക്കും.

'ഇന്നത്തെ ലോകത്തിനൊരു ഔഷധമാണ് സംഗീതം. ആ അടുപ്പവും സ്‌നേഹവും തന്നെയാണ് ആപ്പിള്‍ മ്യൂസിക്കിലൂടെ ഞങ്ങള്‍ പങ്കുവെക്കുന്നത്' എആര്‍ റഹ്മാന്‍ പറഞ്ഞു. കെഎംഎംസിയിലെ ലാബുകളും സ്‌കോളര്‍ഷിപ്പുകളും ഭാവിയിലെ സംഗീതജ്ഞരെ വാര്‍ത്തെടുക്കാന്‍ സഹായിക്കും. കഴിഞ്ഞ 20 വര്‍ഷമായി താന്‍ ലോജിക് പ്രോ ഉപയോക്താവാണെന്നും ഈ യാത്രയില്‍ ആപ്പിളിനൊപ്പം നില്‍ക്കാന്‍ സാധിച്ചതില്‍ ഏറെ ആവേശം തോന്നുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.