ആപ്പിളിന്റെ ആദ്യത്തെ ആന്‍ഡ്രോയ്ഡ് ആപ്പ് എത്തി. സംഭവം ആന്‍ഡ്രോയ്ഡ് ആപ്പാണെങ്കിലും, ആപ്പിന്റെ ഉദ്ദേശം ആന്‍ഡ്രോയ്ഡ് ഉപയോക്താക്കളെ ഐഒഎസിലേക്ക് മാറാന്‍ സഹായിക്കുക എന്നതാണ്! 

 

ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്കായി ആപ്പിള്‍ മ്യൂസിക് ആപ്പ് രൂപപ്പെടുത്താനുള്ള ശ്രമം തുടരുന്നതിനിടെയാണ്, ആന്‍ഡ്രോയ്ഡിന് പാരയാകാവുന്ന 'മൂവ് ടു ഐഒഎസ്' ( Move to iOS ) ആപ്പ് ആപ്പിള്‍ അവതരിപ്പിച്ചിരിക്കുന്നത്. 

 

'ആന്‍ഡ്രോയ്ഡ് ഉപകരണത്തില്‍നിന്ന് നിങ്ങളുടെ ഉള്ളടക്കം സുരക്ഷിതമായും എളുപ്പത്തിലും മാറ്റാന്‍ 'മൂവ് ടു ഐഒഎസ് ആപ്പ്' സഹായിക്കും' - ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നില്‍കിയ വിവരണത്തില്‍ പറയുന്നു. ഉള്ളടക്കമെന്ന് പറയുമ്പോള്‍ അതില്‍ കോണ്ടാക്ടും കലണ്ടറും ഈമെയില്‍ അക്കൗണ്ടുകളും മെസേജ് ഹിസ്റ്ററിയും ക്യാമറ റോളും എല്ലാം ഉള്‍പ്പെടുന്നു.

 

ഉള്ളടക്കം മുഴുവനും ക്ലൗഡില്‍ സിങ്ക്രണൈസ് ചെയ്യുന്നത് പകരം കുറച്ചുകൂടി ബുദ്ധിപൂര്‍വമായ നീക്കമാണ് പുതിയ ആപ്പ് വഴി ആപ്പിള്‍ നടത്തിയിരിക്കുന്നത്. മുഴുവന്‍ ഉള്ളടക്കവും ആന്‍ഡ്രോയ്ഡ് ഫോണില്‍നിന്ന് ഐഫോണിലേക്ക് കുടിയിരുത്താനുള്ള തന്ത്രമാണത്. 

 

ഐഫോണ്‍ സ്വന്തംനിലയ്ക്ക് ഒരു പ്രൈവറ്റ് വൈഫൈ നെറ്റ്‌വര്‍ക്ക് രൂപപ്പെടുത്തുകയാണ് ആപ്പ് ഉപയോഗിക്കുമ്പോള്‍ സംഭവിക്കുക. യൂസറില്‍നിന്ന് സെക്യൂരിറ്റി കോഡ് ലഭിച്ചുകഴിഞ്ഞാല്‍, മുഴുവന്‍ ഡേറ്റയും ഐഫോണിലേക്ക് മാറ്റും. 

 

ആപ്പിളിന്റെ പുതിയ ഐഫോണ്‍ 6എസ്സും 6എസ് പ്ലസ്സും വിപണിയിലെത്തുന്നത് സപ്തംബര്‍ 25 നാണ്. അതിന് മുന്നോടിയായാണ് ഈ ആന്‍ഡ്രോയ്ഡ് ആപ്പ് അവതരിപ്പിച്ചതെന്നത് ശ്രദ്ധേയമാണ്. ആന്‍ഡ്രോയ്ഡ് 4.0 (കിറ്റകാറ്റ്) മുതലുള്ള ആന്‍ഡ്രോയ്ഡ് പതിപ്പുകളില്‍ ആപ്പിളിന്റെ ആപ്പ് പ്രവര്‍ത്തിക്കും.