ആപ്പിളില്‍ നിന്നും ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ ഒരു കൂട്ടം ഐഫോണ്‍ ആപ്ലിക്കേഷന്‍ നിര്‍മാതാക്കള്‍ യൂണിയനുണ്ടാക്കുന്നു. ' ദി ഡെവലപ്പേഴ്‌സ് യൂണിയന്‍' എന്ന് പേരിട്ടിരിക്കുന്ന ഈ സംഘത്തില്‍ നിലവില്‍ നൂറ് അംഗങ്ങളാണുള്ളത്. 

അടുത്തിടെ ആപ്പിള്‍ അവതരിപ്പിച്ച ചില മാറ്റങ്ങളാണ് ചില ഡെവലപ്പര്‍മാരെ ഒരു കൂട്ടായ്മയെന്ന ആശയത്തിലേക്ക് നയിച്ചത്. ഡെവലപ്പര്‍മാര്‍ക്ക് വേണ്ടിയെന്ന പേരില്‍ പലതും അവതരിപ്പിച്ചിട്ടുണ്ടെങ്കിലും തങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് അതൊന്നും പരിഹാരമല്ലെന്ന നിലപാടിലാണ് ഇവര്‍. നിലവിലുള്ള ആപ്പിളിന്റെ മൂല്യങ്ങള്‍ അനുസരിച്ച് സോഫ്റ്റ് വെയര്‍ നിര്‍മ്മിച്ച് വരുമാനമുണ്ടാക്കുന്നത് പ്രയാസമാണെന്ന് അവര്‍ പറയുന്നു.

അതിനാല്‍ കൂടുതല്‍ ഫ്രീ ട്രയല്‍ അവസരങ്ങള്‍ നല്‍കണമെന്ന് ഇവര്‍ ആവശ്യപ്പെടുന്നു. നിലവില്‍ സബ്‌സ്‌ക്രിപ്ഷന്‍ സൗകര്യമുള്ളവര്‍ക്ക് മാത്രമാണ് ഫ്രീ ട്രയല്‍ സൗകര്യമുള്ളത്.  ഭാവിയില്‍ ആപ്പ് സ്റ്റോര്‍ വരുമാനത്തില്‍ നിന്നും കൂടുതല്‍ പങ്ക് ചോദിക്കാനും ഈ യൂണിയന്‍ ലക്ഷ്യമിടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. അതേസമയം ഇതേകുറിച്ച് ആപ്പിള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. 

ആപ്പിളിന്റെ ഈ വര്‍ഷത്തെ വാര്‍ഷിക ഡെവലപ്പര്‍ കോണ്‍ഫറന്‍സ് നടക്കാനിരിക്കെയാണ് യൂണിയന്‍ രൂപീകരിക്കപ്പെട്ടിരിക്കുന്നത്. കാലിഫോര്‍ണിയയിലെ സാന്‍ ജോസില്‍ ജൂണ്‍ നാല് മുതല്‍ എട്ട് വരെയാണ് കോണ്‍ഫറന്‍സ് നടക്കുന്നത്. 

വ്യക്തമായ ഔദ്യോഗിക ഘടനയോടെയെല്ല പുതിയ യൂണിയന്‍ രൂപീകരിച്ചിട്ടുള്ളത്. അംഗത്വത്തിനും ഔദ്യോഗിക നടപടികളായിട്ടില്ല. എങ്കിലും ഈ ആഴ്ചയില്‍ തന്നെ അംഗങ്ങളുടെ എണ്ണം 20000 പേരിലെത്തിക്കാനാണ് സംഘടനയുടെ അണിയറപ്രവര്‍ത്തകര്‍ ലക്ഷ്യമിടുന്നത്.