സാന്‍ഫ്രാന്‍സിസ്‌കോ: മകള്‍ തന്റെ യൂട്യൂബ് ചാനല്‍ വഴി പുറത്തുവിട്ട വീഡിയോ വഴി ഇതുവരെയും പുറത്തിറങ്ങിയിട്ടില്ലാത്ത ഐഫോണ്‍ ടെന്‍ സ്മാര്‍ട്‌ഫോണിന്റെ ദൃശ്യങ്ങള്‍ പുറത്തായതിനെ തുടര്‍ന്ന് ആപ്പിള്‍ ജീവനക്കാരനായ പിതാവിനെ ജോലിയില്‍ നിന്നും പുറത്താക്കിയതായി റിപ്പോര്‍ട്ട്. 

യൂട്യൂബ് വ്ളോഗറായ ബ്രൂക്ക് അമീലിയ പീറ്റേഴ്‌സന്‍ ആപ്പിള്‍ കാമ്പസിലേക്കുള്ള യാത്രയ്ക്കിടെ പകര്‍ത്തിയ ദൃശ്യങ്ങളിലാണ് ഐഫോണ്‍ ടെന്‍ സ്മാര്‍ട്‌ഫോണും ഉള്ളത്. അമീലിയ തന്നെയാണ് തന്റെ വീഡിയോ പുറത്ത് വന്നതിനെ തുടര്‍ന്ന് അച്ഛന് ജോലി നഷ്ടപെട്ട വിവരം പുറത്ത് വിട്ടത്. വീഡിയോ ദൃശ്യങ്ങള്‍ ഉടന്‍ ഡിലീറ്റ് ചെയ്തിരുന്നുവെങ്കിലും അതിനുള്ളില്‍ തന്നെ വീഡിയോ ഇന്റര്‍നെറ്റ് ഏറ്റെടുത്തിരുന്നു.

ജീവനക്കാര്‍ക്കായി നല്‍കുന്ന പ്രത്യേക ക്യൂആര്‍ കോഡ് അടങ്ങുന്ന ഐഫോണ്‍ ടെന്‍ സ്മാര്‍ട്‌ഫോണ്‍ ആയിരുന്നു അത്. സെപ്റ്റംബര്‍ 15ന് പകര്‍ത്തിയ വീഡിയോ ദൃശ്യങ്ങള്‍. ദിവസങ്ങള്‍ക്ക് മുമ്പാണ് യൂട്യൂബില്‍ പോസ്റ്റ് ചെയ്യപ്പെട്ടത്. 

ആപ്പിള്‍ ഐഫോണിലെ ഫെയ്‌സ് ഐഡി, ഐഫോണ്‍ ടെന്‍ ആപ്പിള്‍ പേ, ഐഫോണ്‍ ആനിമോജിസ്, പുതിയ ഐഫോണ്‍ ടെന്‍ ക്യാമറ എന്നിവയെല്ലാം വീഡിയോയില്‍ ഉണ്ടായിരുന്നു. കൂടാതെ ഇതുവരെയും പുറത്തിറങ്ങാത്ത ആപ്പിള്‍ ഉല്‍പ്പന്നങ്ങളുടെ കോഡ് നെയിമുകള്‍ അടങ്ങുന്ന നോട്ട് ആപ്ലിക്കേഷനും ഫോണിലുണ്ടായിരുന്നു. 

ആപ്പിള്‍ ക്യാമ്പസിനകത്ത് വീഡിയോ ചിത്രീകരിക്കുന്നതിന് കര്‍ശന നിരോധനമുണ്ട്. അതിന് പുറമെ ഐഫോണ്‍ ടെന്‍ സ്മാര്‍ട്‌ഫോണിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയത് സംഭവം കൂടുതല്‍ ഗുരുതരമാക്കി.