പ്പിള്‍ ഉപകരണങ്ങളിലെ വോയ്‌സ് അസിസ്റ്റന്റ് സേവനമായ സിരി ഉപയോക്താക്കളുടെ ശബ്ദ ശകലങ്ങള്‍ മൂന്നാം കക്ഷി കരാറുകാരിലേക്ക് എത്തിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട്. ആരോഗ്യ വിവരങ്ങള്‍, ലൈംഗിക സംഭാഷണങ്ങള്‍ ഉള്‍പ്പടെയുള്ള രഹസ്യവിവരങ്ങള്‍ ഇക്കൂട്ടത്തില്‍ പെടുമെന്ന് ആപ്പിളിന്റെ കരാറുകാര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ഒരാള്‍ വെളിപ്പെടുത്തിയെന്ന് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ആപ്പിളും ഈ വിവരം സ്ഥിരീകരിച്ചിട്ടുണ്ട്. 

വോയ്‌സ് അസിസ്റ്റന്റ് മെച്ചപ്പെടുത്തുന്നതിനായി സിരി റെക്കോര്‍ഡ് ചെയ്യുന്ന ചില ശബ്ദങ്ങള്‍ ഉപയോഗിക്കുന്നുണ്ടെന്നാണ് ആപ്പിളിന്റെ പ്രതികരണം. സിരി വോയ്‌സ് അസിസ്റ്റന്റിന്റെ കഴിവ് മെച്ചപ്പെടുത്തുന്നതിനായി നിയോഗിച്ച കരാറുകാരിലേക്കാണ് ശബ്ദ റെക്കോര്‍ഡിങ്ങുകള്‍ എത്തുന്നത്. 

ആമസോണ്‍ അലെക്‌സയും, ഗൂഗിള്‍ അസിസ്റ്റന്റും സമാനമായ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. ഇരു സ്ഥാപനങ്ങളും ഉപയോക്താക്കളുടെ ശബ്ദം ശേഖരിക്കുന്നുണ്ടെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.  

ആളുകളുടെ സംസാരത്തിനിടെ ആക്ടിവേഷന്‍ വാക്ക് തെറ്റിദ്ധരിച്ച് സിരി അബദ്ധത്തില്‍ ആക്റ്റിവേറ്റ് ആവാറുണ്ടെന്നും ഈ സമയങ്ങളില്‍ പല സംഭാഷണങ്ങളും സിരി കേള്‍ക്കുന്നുണ്ടെന്നും വിവരം പുറത്തുവിട്ടയാള്‍ പറഞ്ഞു.

ഡോക്ടര്‍മാരും രോഗികളും തമ്മിലുള്ള സംഭാഷണങ്ങള്‍, വ്യവസായികള്‍ തമ്മിലുള്ള സംഭാഷണങ്ങള്‍, കുറ്റവാളികളുടെ സംഭാഷണങ്ങള്‍, ലൈംഗിക ബന്ധത്തിനിടെയുള്ള ശബ്ദങ്ങള്‍, ഉള്‍പ്പടെ പലപ്പോഴും സിരി റെക്കോര്‍ഡ് ചെയ്തിട്ടുണ്ട്.

ഐഫോണ്‍, മാക്ക് ഉപകരണങ്ങളിലാണ് സിരി ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത്. പലപ്പോഴും ആപ്പിള്‍ വാച്ചും, ഹോംപോഡുമാണ് ആളുകളുടെ സ്വകാര്യ സംഭാഷണങ്ങള്‍ അബദ്ധത്തില്‍ റെക്കോര്‍ഡ് ചെയ്യാറുള്ളതെന്നും ഇയാള്‍ പറയുന്നു.

അബദ്ധത്തില്‍ ശബ്ദം റെക്കോര്‍ഡ് ചെയ്യുന്നത് സാങ്കേതിക പിഴവായാണ് കണക്കാക്കാറുള്ളത്. എന്നാല്‍ ഇങ്ങനെയുള്ള ശബ്ദ ശകലങ്ങളില്‍ ഉണ്ടാവുന്ന രഹസ്യ സ്വഭാവമുള്ള വിവരങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യുമെന്നതിന് ഫലപ്രദമായ നടപടികളൊന്നുമില്ല. 

ആമസോണ്‍ അലെക്‌സയും ഗൂഗിള്‍ അസിസ്റ്റന്റും മൂന്നാം കക്ഷി കരാറുകാരുടെ സഹായത്തോടെയാണ് വോയ്‌സ് അസിസ്റ്റന്റ് സേവനത്തെ പരിഷ്‌കരിക്കുന്നത്. സ്വകാര്യ വിവരങ്ങള്‍ കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച ആശങ്കകള്‍ ഈ രണ്ട് സേവനങ്ങള്‍ക്കെതിരെയും ഉയര്‍ന്നിരുന്നു. അതേസമയം ഗൂഗിളും ആമസോണും വോയ്‌സ് അസിസ്റ്റന്റ് സേവനങ്ങള്‍ ശേഖരിക്കുന്ന ശബ്ദം ചിലകാര്യങ്ങള്‍ക്ക് ഉപയോഗിക്കരുത് എന്ന് തീരുമാനിക്കാന്‍ ഉപയോക്താക്കളെ അനുവദിക്കുന്നുണ്ട്. എന്നാല്‍ ആപ്പിള്‍ അങ്ങനെ ഒരു സൗകര്യം നല്‍കുന്നില്ല.

എങ്കിലും ഉപയോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കുന്നതില്‍ ആപ്പിള്‍ ഇതുവരെ ചീത്തപ്പേരുണ്ടാക്കിയിട്ടില്ല. ഉപയോക്താക്കളുടെ വിവരങ്ങള്‍ക്ക് പൂര്‍ണ സ്വകാര്യത ഉറപ്പുവരുത്തുന്നുണ്ടെന്ന് കാണിച്ചാണ് ആപ്പിള്‍ പലപ്പോഴും ആമസോണിനോടും ഗൂഗിളിനോടും വിപണിയില്‍ മത്സരിക്കാറ്.

Content Highlights: Apple contractors can hear your private talks on Siri recordings