ജന്റ് സ്മിത്ത് എന്ന് വിളിക്കുന്ന പുതിയ സ്മാര്‍ട്‌ഫോണ്‍ മാല്‍വെയര്‍ ലോകത്താകമാനം 2.5 കോടി ആന്‍ഡ്രോയിഡ് ഉപകരണങ്ങളെ ബാധിച്ചിട്ടുണ്ടെന്ന് കണ്ടെത്തല്‍. ഇതില്‍ 1.5 കോടിയാളുകള്‍ ഇന്ത്യയില്‍ നിന്നുള്ളവരാണ്. ഇസ്രായേല്‍ സൈബര്‍ സുരക്ഷാ സ്ഥാപനം ചെക്ക് പോയിന്റ് റിസര്‍ച്ചാണ് ഇങ്ങനെ ഒരു വിവരം പുറത്തുവിട്ടത്. 

ഗൂഗിളുമായി ബന്ധപ്പെട്ട ആപ്ലിക്കേഷന്‍ എന്ന വ്യാജേനയാണ് ഈ മാല്‍വെയര്‍ എത്തുന്നത്. ഉപയോക്താവറിയാതെ ആന്‍ഡ്രോയിഡിന്റെ സുരക്ഷാ പരിമിതികള്‍ മുതലെടുത്ത് അവ ഫോണില്‍ കടന്നുകയറുകയും ഇന്‍സ്റ്റാള്‍ ചെയ്ത ആപ്ലിക്കേഷന്റെ സ്ഥാനത്ത് കൃത്രിമത്വം കാണിച്ച് മറ്റൊരു പതിപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുകയും ചെയ്യുന്നു. 

സാമ്പത്തിക ലാഭത്തിന് വേണ്ടി വ്യാജ പരസ്യങ്ങള്‍ കാണിക്കുന്നതിനാണ് ഏജന്റ് സ്മിത്ത് എന്ന മാല്‍വെയറിനെ ഉപയോഗിക്കുന്നത്. എന്നാല്‍ ഹീനമായ മറ്റ് പല പ്രവൃത്തികള്‍ക്കും ഈ ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്നുണ്ടെന്ന് ചെക്ക്‌പോയിന്റ് റിസര്‍ച്ച് പറയുന്നു. പക്ഷെ മാല്‍വെയര്‍ ആ രീതിയില്‍ ഉപയോഗിക്കുന്നുണ്ടോ എന്ന് വ്യക്തമല്ല. 

വ്യാജ പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനായി കഴിഞ്ഞ വര്‍ഷങ്ങളില്‍ ഉപയോഗിക്കപ്പെട്ട കോപ്പി കാറ്റ്, ഗൂളിഗാന്‍, ഹമ്മിങ്ബാഡ് തുടങ്ങിയ മാല്‍വെയറുകള്‍ക്ക് സമാനമാണ് ഏജന്റ് സ്മിത്തിന്റെയും പ്രവര്‍ത്തനം.

ജനപ്രിയമായ തേഡ് പാര്‍ട്ടി ആപ്പ് സ്റ്റോര്‍ ആയ 9ആപ്പ്‌സില്‍ നിന്നാണ് ഏജന്റ് സ്മിത്തിന്റെ ഉത്ഭവം എന്ന് ചെക്ക് പോയിന്റ് റിസര്‍ച്ച് പറയുന്നു. അറബിക്ക്, ഹിന്ദി, ഇന്‍ഡൊനീഷ്യന്‍, റഷ്യന്‍ ഭാഷക്കാരെയാണ് ഈ മാല്‍വെയര്‍ പ്രധാനമായും ലക്ഷ്യംവെക്കുന്നത്. മാല്‍വെയര്‍ ബാധിതരായവര്‍ ഭൂരിഭാഗവും ഇന്ത്യയും അയല്‍ രാജ്യങ്ങളായ പാകിസ്താനും ബംഗ്ലാദേശുമാണ്. ഓസ്‌ട്രേലിയയിലും യുകെയിലും യുഎസ്എയിലും ഈ മാല്‍വെയര്‍ ബാധിച്ച ഉപകരണങ്ങള്‍ ഉണ്ടെന്നും ചെക്ക് പോയിന്റ് റിസര്‍ച്ച് പറഞ്ഞു. 

തേഡ് പാര്‍ട്ടി ആപ്പ് സ്റ്റോറുകളില്‍ സുരക്ഷാ സംവിധാനങ്ങള്‍ ഉണ്ടാവില്ലെന്നും ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ വിശ്വാസയോഗ്യമായ ആപ്പ്‌സ്റ്റോറുകള്‍ മാത്രമേ ഉപയോഗിക്കാവൂ എന്നും ചെക്ക് പോയിന്റ് റിസര്‍ച്ച് പറഞ്ഞു. 

ജൂണില്‍ സജീവമായ മാല്‍വെയറുകളില്‍ ലോട്ടൂര്‍, ട്രിയാഡ, സ്‌ടോര്‍ഗ് തുടങ്ങിയവയാണ് മുന്നിലുള്ളതെന്ന് ചെക്ക് പോയിന്റ് റിസര്‍ച്ച് പറഞ്ഞു. വ്യാജ പരസ്യങ്ങള്‍ കാണിക്കുന്നതിനാണ് ലോട്ടൂര്‍ മാല്‍വെയര്‍ ഉപയോഗിക്കുന്നത്. മാല്‍വെയറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതിന് വഴിയൊരുക്കുകയാണ് ട്രിയാഡയുടെ ചുമതല. ഫോണില്‍ ശക്തമായ സ്വാധീനം പിടിച്ചടക്കാന്‍ കഴിവുള്ള മാല്‍വെയറാണ് സ്‌ടോര്‍ഗ്. അനുവാദമില്ലാതെ മറ്റ് ആപ്ലിക്കേഷനുകള്‍ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യാനും ഇതിന് സാധിക്കും.

Content Highlights: android malware agent smith affected 1.5 crore indians