മെസഞ്ചര്‍ ആപ്പുകളുടെ കുത്തൊഴുക്കാണിപ്പോള്‍. അതിനിടെ ആന്‍ഡ്രോയ്ഡ് ഫോണിലെ ഹാങൗട്ട്സ് ആപ്പ് രംഗം വിടുകയാണ്. വഴിപാടു പോലെ ഹാങൗട്ട്സ് പ്രീഇന്‍സ്റ്റാള്‍ ചെയ്യേണ്ടി വരുന്ന മൊബൈല്‍ ഹാന്‍ഡ്സെറ്റ് നിര്‍മ്മാതാക്കളോട് ഇനിയത് വേണ്ട എന്ന് ഗൂഗിള്‍ പറയുന്നു.
ഗൂഗിളുമായുള്ള സോഫ്ട്വേര്‍ ഉപയോഗ ഉടമ്പടിയുടെ പേരിലാണ് ആന്‍ഡ്രോയ്ഡ് ഫോണികളില്‍ ഹാങൗട്ട്സ് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ സ്മാര്‍ട്ഫോണ്‍ നിര്‍മ്മാതാക്കള്‍ നിര്‍ബന്ധിതരാകുന്നത്. ആ സ്ഥിതിക്ക് അറുതിയാകുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഹാങൗട്ട്സിന് പകരം ഗൂഗിളിന്റെ പുതിയ വീഡിയോകോളിങ് ആപ്പായ ഡ്യുവോ ഉള്‍പ്പെടുത്തിയാകും ഈ വര്‍ഷം ഡിസംബര്‍ മുതല്‍ ആന്‍ഡ്രോയ്ഡ് ഫോണുകള്‍ വിപണിയിലെത്തുക.
ഹാങൗട്ട്സ് ആന്‍ഡ്രോയിഡില്‍ നിന്ന് പക്ഷേ, പൂര്‍ണ്ണമായി മാറ്റിനിര്‍ത്തുന്നില്ല. മൊബൈലിലെ ഹാങൗട്ട്സ് ആപ്പ് പരിഷ്കരിക്കാന്‍ അധികം ശ്രദ്ധിക്കാതെ വ്യവസായ സ്ഥാപനങ്ങള്‍ക്കുള്ള മികച്ച ആശയവിനിമയ ഉപാധിയായി ഇതിനെ വികസിപ്പിച്ചെടുക്കാനാണ് ഗൂഗിളിന്റെ നീക്കം.
2005 ആഗസ്റ് 24 ന് ഇന്റര്‍നെറ്റിന്റെ ലോകത്ത് അവതരിപ്പിക്കപ്പെട്ട ഗൂഗിള്‍ ടോക്ക് അഥവാ 'ജിടോക്ക്' വ്യാപകമായത് യാഹൂ മെസഞ്ചറിനെപ്പോലുള്ള സേവനങ്ങള്‍ക്ക് തിരിച്ചടിയായിരുന്നു. 2015 ഫിബ്രവരിയില്‍ ജിടോക് സേവനം നിര്‍ത്തലാക്കി. പകരം ഹാങൗട്ട്സുമായി മെസഞ്ചര്‍ ലോകത്ത് ഗൂഗിള്‍ സജീവമായി.
Extensible Messaging and Presence Protocol എന്നറിയപ്പെടുന്ന XMPP പ്രോട്ടോക്കോള്‍ അനുസരിച്ച് പ്രവര്‍ത്തിച്ചിരുന്ന പിഡ്ജിന് പോലുള്ള ഓപ്പണ്‍സോഴ്സ് ആപ്പുകളില്‍ ജിടോക്ക് പ്രവര്‍ത്തിച്ചിരുന്നു. ഓര്‍ക്കുട്ടിന്റെ പ്രതാപകാലം തീരുന്ന വേളയില്‍ ജിടോക്ക് ഓര്‍ക്കുട്ടില്‍ ഉള്‍പ്പെടുത്തിയെങ്കിലും, താമസിയാതെ ഓര്‍ക്കുട്ട് ഓര്‍മയായത് ജിടോക്കിനെയും ബാധിച്ചു.
ജീമെയിലില്‍ പ്രവര്‍ത്തിച്ചിരുന്ന ജിടോക്ക് മെസ്സഞ്ചര്‍ ഈമെയില്‍ വിന്‍ഡോയില്‍ നിന്ന് ചാറ്റിങ് സാധ്യമാക്കിയിരുന്നു. മെസെഞ്ചര്‍ ആപ്പുകള്‍ക്ക് കര്‍ശന നിയന്ത്രണം ഉണ്ടായിരുന്ന പല ഓഫീസുകളിലും ഈ ചാറ്റിങ് ആയിരുന്നു പലര്‍ക്കും ആശ്രയം.
ഓണ്‍ലൈനില്‍ മാത്രം സാധ്യമായിരുന്ന ജിടോക്ക് 2006 ഒക്ടോബര്‍ 31 മുതല്‍ ഓഫ്ലൈന് ആപ്പിന്റെ രൂപത്തിലും ലഭ്യമാക്കി. പിന്നീട് സ്കൈപ്പുമായി ഗൂഗിളിന്റെ മെസഞ്ചര്‍ ആപ്പിനെ ബന്ധപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടന്നുവെങ്കിലും 2011 മെയ് 10 ന് സ്കൈപ്പിനെ മൈക്രൊസോഫ്ട് സ്വന്തമാക്കിയതോടെ ആ ശ്രമങ്ങള്‍ക്ക് തിരശ്ശീല വീണു.
സ്കൈപ്പ് മൈക്രോസോഫ്റ്റിന്റെ ഭാഗമായിരുന്നില്ലെങ്കില്‍ ഒരു പക്ഷെ ഹാങൗട്ട്സ് പുറംലോകം കാണാതെ വന്നേനെ. വീഡിയോ ചാറ്റ്, VOIP എന്നിവയ്ക്ക് പ്രാധാന്യം നല്‍കിക്കൊണ്ടുള്ള ഹാങൗട്ട്സ് 2013 മെയ് 15 നാണ് ആദ്യമായി അവതരിപ്പിക്കപ്പെട്ടത്.
വീഡിയോ ചാറ്റിങ് വളരെയെളുപ്പം സാധ്യമാക്കിയിരുന്ന ഈ ഹാങൗട്ട്സ് മെസഞ്ചര്‍ ആപ്പ് നമ്മുടെ നാട്ടുകാര്‍ ഏറെ ഉപയോഗിച്ചിരുന്നുല്ലെങ്കിലും മികച്ച ആന്ഡ്രോ്ഡ് ചാറ്റ് ആപ്പ് എന്ന വിശേഷണത്തിനു പാത്രമായ ശേഷമാണ് പടിയിറങ്ങുന്നത്.
2016 മെയ് 18 ന് ഗൂഗിള്‍ പ്രഖ്യാപിക്കുകയും 2016 ആഗസ്ത് 16 ന് ലോകവ്യാപകമായി പുറത്തിറക്കുകയും ചെയ്ത ഡ്യുവോ നിലവില്‍ ആന്‍ഡ്രോയ്ഡ്, ഐഒഎസ് പ്ലാറ്റ്ഫോമുകള്‍ക്ക് ലഭ്യമാണ്. റിലീസ് ചെയ്ത് രണ്ടുദിവസത്തിനകം മികച്ച പ്രതികരണം ലഭിച്ച ആപ്പിന് പിന്നീട് ആ താളത്തില്‍ തുടരാനായില്ല. വാട്സ്ആപ്പ് വീഡിയോ കോളിങ് സേവനം പൂര്‍ണ്ണ തോതില്‍ ഉപഭോക്താക്കളിലെത്തുന്നതോടെ ഡ്യുവോയുടെ നിലനില്‍പ്പ് ചോദ്യം ചെയ്യപ്പെട്ടേക്കാം.
സ്പീഡ്കുറഞ്ഞ ഡേറ്റ നെറ്റ്വര്ക്കില് മികച്ച വീഡിയോകോളിങ് സേവനം വാഗ്ദാനം ചെയ്യുന്ന ഡ്യുവോയ്ക്ക് ശേഷം അലോ ( Google Allo ) എന്ന മെസഞ്ചര്‍ ആപ്പും ഗൂഗിള്‍ അവതരിപ്പിച്ചു.
2016 ഒക്ടോബര്‍ 5 ന് വിവിധ ആന്‍ഡ്രോയ്ഡ് മൊബൈല്‍ നിര്‍മാതാക്കള്‍ക്കായി അയച്ച ഈമെയിലിലാണ് നിര്‍ബന്ധമായും പ്രീഇന്‍സ്റ്റാള്‍ ചെയ്യേണ്ട അപ്പുകളുടെ പട്ടികയില്‍ ഡ്യുവോ ഉള്‍പ്പെടുത്തികൊണ്ട് ഗൂഗിളിന്റെ നിര്‍ദ്ദേശം വന്നത്.
ഈ നിബന്ധന പ്രകാരം ഈ വര്‍ഷം ഡിസംബര്‍ ഒന്ന് മുതല്‍ വിപണിയിലെത്തുന്ന ആന്‍ഡ്രോയിഡ് ഫോണുകളില്‍ ഡ്യുവോ പ്രീഇന്‍സ്റ്റാള്‍ ചെയ്താകും ലഭിക്കുക. എന്തായാലും ഇതിനകം അപ്രത്യക്ഷമായ ഒരു പിടി ഗൂഗിള്‍ സേവനങ്ങളുടെ കൂട്ടത്തില്‍ ഹാങൗട്ട്സ് കൂടി ഓര്‍മയാകുകയാണ്.
shiyazmirza@outlook.com