ന്‍ഡ്രോയിഡ് മൊബൈല്‍ ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ ഏറ്റവും പുതിയ പതിപ്പായ ആന്‍ഡ്രോയിഡ് 12  ഗൂഗിള്‍ താമസിയാതെ പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആന്‍ഡ്രോയിഡ് 11-ന് പിന്‍ഗാമിയായെത്തുന്ന പുതിയ പതിപ്പിനെ കുറിച്ചുള്ള ചില വാര്‍ത്തകള്‍ ടെക്ക് മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടുതുടങ്ങിയിരിക്കുകയാണ്. 

പുതിയ ആന്‍ഡ്രോയിഡ് പതിപ്പിലെ ഫീച്ചറുകള്‍, കോഡ് നാമം തുടങ്ങിയ ചില വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. 

മധുരമുള്ള പേര് വീണ്ടും

മധുര പലഹാരങ്ങള്‍ ആന്‍ഡ്രോയിഡിന് പണ്ടേ പ്രിയമാണ്. ഇത്തവണയും മധുരമുള്ളൊരു പേരാണ് കോഡ് നാമമായി ആന്‍ഡ്രോയിഡ് 12 ഓ.എസിന് നല്‍കിയിരിക്കുന്നത് എന്നാണ് എക്‌സ് ഡി എ ഡെവലപ്പേഴ്‌സ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 

കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ ആന്‍ഡ്രോയിഡ് 11-ന് റെഡ് വെല്‍വെറ്റ് കേക്ക് എന്നായിരുന്നു പേര് നല്‍കിയിരുന്നത്. നേരത്തെ മധുരപലഹാരങ്ങളുടെ പേരാണ് ആന്‍ഡ്രോയിഡ് പതിപ്പുകളുടെ പ്രധാന പേരായി നല്‍കിയിരുന്നത്. ആന്‍ഡ്രോയിഡ് 10 മുതലാണ് ഇതിന് മാറ്റം വന്നത്. ഇപ്പോൾ നൽകിയിരിക്കുന്ന കോഡ് നാമം ഡെവലപ്പ്മെന്‍റ്  ഘട്ടത്തിലെ ആവശ്യങ്ങൾക്കായാണ് ഉപയോഗിക്കപ്പെടുക. ഓഎസ് ഔദ്യോഗികമായി ആൻഡ്രോയിഡ് 12 എന്ന് തന്നെയാവും അറിയപ്പെടുക.

ഒരു കൈകൊണ്ട് നിയന്ത്രിക്കാനാവുന്ന വണ്‍ ഹാന്‍ഡ് മോഡ്

ആന്‍ഡ്രോയിഡ് 12-ല്‍ വണ്‍ ഹാന്‍ഡ് യൂസേജ് മോഡ് ഉണ്ടാവും എന്നതാണ്  മറ്റൊരു വാര്‍ത്ത. വീഡിയോ, ഫോട്ടോഗ്രഫി അനുഭവം മികച്ചതാക്കാന്‍ വലിയ സ്‌ക്രീനുകളുമായാണ് മിക്ക ഫോണുകളും ഇന്ന് പുറത്തിറങ്ങുന്നത്. ഇത്തരം ഫോണുകള്‍ പലപ്പോഴും ഒരു കൈകൊണ്ട് കൈകാര്യം ചെയ്യുക പ്രയാസമാണ്. എന്നാല്‍, കൈകളിലെ തള്ളവിരല്‍ കൊണ്ട് നാവിഗേഷന്‍ എളുപ്പമാക്കാന്‍ സാധിക്കും വിധത്തിലുള്ള വണ്‍ ഹാന്‍ഡ് മോഡ് ആന്‍ഡ്രോയിഡ് 12 ഓ.എസില്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. 

ഈ ഫീച്ചര്‍ നേരത്തെ തന്നെ ഷാവോമി, റിയല്‍മി, സാംസങ് പോലുള്ള ഫോണുകളില്‍ വണ്‍ ഹാന്‍ഡ് മോഡ് സോഫ്റ്റ് വെയര്‍ ലഭ്യമാണ്. ആപ്പിളില്‍ റീച്ചബിലിറ്റി ഫീച്ചര്‍ എന്ന പേരില്‍ ഈ സൗകര്യമുണ്ട്. ഇതുവഴി മൊബൈലിന്റെ സ്‌ക്രീന്‍ ഇടത് വശത്തേക്കോ വലതുവശത്തേക്കോ മാറി ചെറുതായി നീങ്ങി നില്‍ക്കും. ഇത് തള്ളവിരല്‍ കൊണ്ടുതന്നെ എളുപ്പത്തില്‍ പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കുകയും ചെയ്യും. 

എന്നാല്‍, ഈ ഫീച്ചര്‍ ആന്‍ഡ്രോയിഡിന്റെ ഓപ്പണ്‍ സോഴ്‌സ് പ്രൊജക്ടിന്റെ ഭാഗമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതുവഴി ആന്‍ഡ്രോയിഡ് ഫോണുകളില്‍ എളുപ്പത്തില്‍ വണ്‍ ഹാന്‍ഡ് മോഡ് ഉപയോഗിക്കാനാവും. 

ഡിസൈനില്‍ മാറ്റം

ആന്‍ഡ്രോയിഡ് 12-ന്റെ യൂസര്‍ ഇന്റര്‍ഫെയ്‌സ് രൂപകല്‍പനയില്‍ മാറ്റമുണ്ടായേക്കും. മറ്റ് സ്മാര്‍ട്‌ഫോണ്‍ നിര്‍മാതാക്കളുടെ തീം രൂപകല്‍പനയില്‍ നിന്നുള്ള പ്രചോദനമുള്‍കൊണ്ടുള്ള മാറ്റങ്ങള്‍ ഇതില്‍ പ്രതീക്ഷിക്കാം. 

ലോക്ക് സ്‌ക്രീന്‍ ക്ലോക്ക്, ക്വിക്ക് സെറ്റിങ്‌സ് പാനല്‍, നോട്ടിഫിക്കേഷന്‍ പാനല്‍, വാള്‍പേപ്പര്‍ അഠിസ്ഥാനമാക്കിയുള്ള തീമിങ് സിസ്റ്റം പോലെ ആന്‍ഡ്രോയിഡിന് ഏറെ പുതുമ നല്‍കുന്ന മാറ്റങ്ങള്‍ രൂപകല്‍പനയില്‍ ഉണ്ടാവും. 

മറ്റ് ചില ഫീച്ചറുകളും അപ്‌ഡേറ്റുകളും

പിക്ചര്‍ ഇന്‍ പിക്ചര്‍ മോഡ് താല്‍പര്യമനുസരിച്ച് വലിപ്പം ക്രമീകരിക്കാനാവും. നിലവില്‍ പിക്ചര്‍ ഇന്‍ പിക്ചര്‍ മോഡിലെ മീഡിയ വിന്‍ഡോയ്ക്ക് ഒരു നിശ്ചിത വലിപ്പമാണുള്ളത്. ഇത് രണ്ട് വിരലുകള്‍ ഉപയോഗിച്ച് ക്രമീകരിക്കാന്‍ സാധിക്കുന്ന സംവിധാനമാണ് പുതിയ പതിപ്പിലുണ്ടാവുമെന്ന് പറയുന്നത്.

ആന്‍ഡ്രോയിഡ് 11-ല്‍ അവതരിപ്പിക്കപ്പെട്ട ചാറ്റ് ബബിള്‍സ് ഫീച്ചറില്‍ ആനിമേഷനുകള്‍ കൊണ്ടുവരും. ഫെയ്‌സ്ബുക്ക് മെസഞ്ചറിന്റെ ചാറ്റ് ബബിള്‍ സംവിധാനത്തിന് സമാനമാണ് ആന്‍ഡ്രോയിഡില്‍ അവതരിപ്പിക്കപ്പെട്ട ചാറ്റ് ബബിള്‍. 

ഗെയിമിങ് മോഡ്, കൂടുതല്‍ മികച്ച ഓട്ടോ റൊട്ടേഷന്‍, റെഡ്യൂസ് ബ്രൈറ്റ്‌നെസ് ഫീച്ചര്‍ പോലുള്ളവയും ആന്‍ഡ്രോയിഡ് 10 ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു.

എന്തായാലും ഈ ഫീച്ചറുകളെ സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഒന്നും വന്നിട്ടില്ല. എങ്കിലും, പതിവ് പോലെ ഈ റിപ്പോര്‍ട്ടും ആന്‍ഡ്രോയിഡ് 12-നെ കുറിച്ചുള്ള ചില സൂചനകള്‍ നല്‍കുന്നതാണ്. ഈ വര്‍ഷത്തെ ഗൂഗിള്‍ ഐ/ഒ കോണ്‍ഫറന്‍സില്‍ പുതിയ ആന്‍ഡ്രോയിഡ് പതിപ്പ് അവതരിപ്പിക്കപ്പെടും.

Content Highlights: android 12 code name and features reports