വാഷിംഗ്ടണ്‍:  ഇന്ത്യയില്‍ മൂന്ന് ബില്യണ്‍ ഡോളറിന്റെ (ഏകദേശം ഇരുപതിനായിരം കോടി രൂപ) നിക്ഷേപം നടത്തുമെന്ന് ആമസോണ്‍ മേധാവി ജഫ് ബിസോസ്. അമേരിക്കയിലെ ബിസിനസ് പ്രമുഖരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ പ്രഖ്യാപനം  നടത്തിയത്. 

ഇന്ത്യയില്‍ രണ്ട് ബില്യണ്‍ ഡോളറിന്റെ നിക്ഷേപം നടത്തുമെന്ന് 2014 ല്‍ ആമസോണ്‍ പ്രഖ്യാപിച്ചിരുന്നു. ഇതിനു പുറമേയാണ് മൂന്ന് ബില്യണിന്റെ അധിക നിക്ഷേപം നടത്തുന്നതെന്ന് ആമസോണ്‍ സിഇഒ വ്യക്തമാക്കി.

നിലവില്‍ ആമസോണ്‍ 45,000 തൊഴിലവസരങ്ങള്‍ ഇന്ത്യയില്‍ സൃഷ്ടിച്ചതായും കമ്പനിയുടെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ വിപുലമാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

മാധ്യമ സ്ഥാപനമായ സ്റ്റാര്‍ ഇന്ത്യ അടുത്ത മൂന്ന് വര്‍ഷംകൊണ്ട് അഞ്ഞൂറ് കോടി ഡോളറിന്റെ നിക്ഷേപം നടത്തുമെന്ന് കൂടിക്കാഴ്ചയില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. 

അമേരിക്കന്‍ സന്ദര്‍ശനം നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി, വിദേശ നിക്ഷേപം ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി പ്രമുഖ കമ്പനി മേധാവികളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് വിവിധ കമ്പനികള്‍ ഇന്ത്യയില്‍ നിക്ഷേപം നടത്തുന്നതിനുള്ള സന്നദ്ധതയറിയിച്ചത്.

കൂടിക്കാഴ്ചയില്‍ ആമസോണ്‍ സിഇഒ ജഫ് ബിസോസിന് ഗ്ലോബല്‍ ലീഡര്‍ഷിപ്പ് അവാര്‍ഡ് പ്രധാനമന്ത്രി നരേന്ദ്ര മോദി സമ്മാനിച്ചു.