സെല്‍ഫികളില്‍ പ്രായം കൂട്ടുന്ന ഫെയ്‌സ് ആപ്പ് വൈറലായി മാറിയത് കഴിഞ്ഞദിവസങ്ങളില്‍ നമ്മള്‍ കണ്ടതാണ്. ഇപ്പോഴിതാ നിര്‍മിത ബുദ്ധി സാങ്കേതിക വിദ്യ ഉപയോഗിച്ച് ചിത്രങ്ങളെ മനോഹരമായ കാന്‍വാസ് പെയിന്റിങുകളാക്കി മാറ്റുന്ന ഒരു വെബ്‌സൈറ്റ് ശ്രദ്ധ പിടിച്ചുപറ്റുന്നു. 

aiportraits.com എന്ന വെബ്‌സൈറ്റിലാണ് ഈ രസകരമായ സൗകര്യമുള്ളത്. പതിനായിരക്കണ്ക്കിന് ക്ലാസിക്ക് പെയ്ന്റിങുകള്‍ ഉപയോഗിച്ചാണ് എഐ പോര്‍ട്രെയ്റ്റ്‌സിന്റെ നിര്‍മിത ബുദ്ധി അല്‍ഗൊരിതത്തെ പരിശീലിപ്പിച്ചത്. ഫെയ്‌സ് ആപ്പിന് സമാനമായ പ്രവര്‍ത്തനം ആണെന്ന് തന്നെ പറയാം.

വെബ്‌സൈറ്റിലെ ക്ലിക്ക് മി എന്ന ഓപ്ഷന്‍ തിരഞ്ഞെടുത്ത് ചിത്രം അപ് ലോഡ് ചെയ്താല്‍ മാത്രം മതി. 

AIPORTRAITS TRUMPയുഎസിലെ മസാച്യുസെറ്റ്‌സിലുള്ള എംഐടി- ഐബിഎം വാട്‌സണ്‍ എഐ ലാബിലെ വിദഗ്ദരാണ് ഈ വെബ്‌സൈറ്റ് വികസിപ്പിച്ചത്. അല്‍ഗൊരിതത്തെ മുന്‍കൂട്ടി പരിശീലിപ്പിച്ച പെയിന്റിങുകളെ അടിസ്ഥാനമാക്കിയാണ് നിങ്ങളുടെ ചിത്രം പെയ്ന്റിങ് രൂപത്തിലേക്ക് മാറ്റുന്നത്. റെബ്രാന്‍ഡ് മുതല്‍ വാന്‍ഗോഗ് വരെയുള്ള ചിത്രകാരന്മാരുടേതടക്കം 45000 ചിത്രങ്ങള്‍ ഉപയോഗിച്ചാണ് എഐ പോര്‍ട്രെയ്റ്റ്‌സിന്റെ അല്‍ഗൊരിതത്തെ പരിശീലിപ്പിച്ചത്. 

ചെറുപ്പക്കാരെ പ്രായമാക്കുകയും പ്രായമുള്ളവരെ ചെറുപ്പക്കാരാക്കുകയും ചെയ്യുന്ന ഫില്‍റ്ററുകളടക്കം നിരവധി സംവിധാനങ്ങളുമായെത്തിയ ഫെയ്‌സ്ബുക്ക് ആപ്പ് അപ്രതീക്ഷിതമായാണ് ഇന്റര്‍നെറ്റില്‍ വൈറലായത്. റഷ്യന്‍ നിര്‍മിതമായ ആപ്പ് 2017 ലും സമാനമായി വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. വൈറലായതിനൊപ്പം സുരക്ഷാ ഭീഷണികള്‍ മുന്‍നിര്‍ത്തിയുള്ള വാര്‍ത്തകളും ഉയര്‍ന്നുവന്നതോടെ ഫെയ്‌സ്ആപ്പില്‍ നിന്നും ആളുകള്‍ പിന്‍വലിഞ്ഞു. ഇതിനിടയിലാണ് എഐ പോര്‍ട്രെയ്റ്റ് പോലെ സമാനമായ മറ്റ് സേവനങ്ങളും ശ്രദ്ധിക്കപ്പെടുന്നത്. 

വാര്‍ത്തകളില്‍ ഇടം പിടിച്ചതോടെ എഐ പോര്‍ട്രെയ്റ്റ് വെബ്‌സൈറ്റ് സെര്‍വര്‍ പതുക്കെയായിട്ടുണ്ട്. അതിനാല്‍ ഈ നിമിഷം ചിത്രം പെയ്ന്റിങ് ആക്കിമാറ്റാന്‍ ശ്രമിച്ചാല്‍ ചിലപ്പോള്‍ സാധിച്ചെന്നു വരില്ല.

Content Highlights: AIportraits website change selfies to classic paintings, faceapp, face changer