വടകര: വാഹനത്തിലും മറ്റുമെത്തി മാലിന്യം റോഡരികില്‍ തള്ളി മടങ്ങുന്നവര്‍ ശ്രദ്ധിക്കുക. നിങ്ങളെ കുടുക്കാന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറ തയ്യാര്‍.

മാലിന്യം തള്ളി രണ്ടുമിനിറ്റിനകം മാലിന്യം തള്ളിയതിന്റെ ഫോട്ടോ, വീഡിയോ, വാഹനത്തിന്റെ നമ്പര്‍ എന്നിവ അതതു തദ്ദേശസ്ഥാപനങ്ങളുടെ ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥന്റെ സ്മാര്‍ട്ട് ഫോണിലേക്കെത്തും. വാഹനത്തിന്റെ ഉടമയെ കണ്ടെത്തി പിഴ ഈടാക്കാനുള്ള നോട്ടീസുവരെ തയ്യാറായശേഷമേ ഈ സംവിധാനം വിശ്രമിക്കൂ. കെല്‍ട്രോണാണ് ക്യാമറാസംവിധാനം തയ്യാറാക്കിയത്. കോഴിക്കോട് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ക്യാമറ പരീക്ഷിച്ചു. കേരളത്തിലെ എല്ലാ കോര്‍പ്പറേഷനുകളിലും നഗരസഭകളിലും ക്യാമറസംബന്ധിച്ച വിവരം ഉടന്‍തന്നെ കൈമാറും.

സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്നതാണ് ക്യാമറ. മാലിന്യം ആരെങ്കിലും തള്ളുമ്പോള്‍തന്നെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനത്തില്‍ ക്യാമറ ഉണരുകയും ചിത്രങ്ങള്‍ പകര്‍ത്തി ബന്ധപ്പെട്ടവര്‍ക്ക് അയക്കുകയും ചെയ്യും.

മാലിന്യം തള്ളാനെത്തിയവര്‍ വന്ന വാഹനത്തിന്റെ നമ്പര്‍ കണ്ടെത്താന്‍ ഓട്ടോമാറ്റിക് നമ്പര്‍ ഡിറ്റക്ഷന്‍ സംവിധാനവുമുണ്ട്. ഇതിലൂടെ മാലിന്യം തള്ളിയവരെ എളുപ്പത്തില്‍ കണ്ടെത്താം. ക്യാമറ ഇടയ്ക്കിടെ സ്ഥാനംമാറ്റി സ്ഥാപിക്കാനും കഴിയും. സംസ്ഥാനസര്‍ക്കാരിന്റെ ഹരിതകേരളം പദ്ധതിയുടെ ഭാഗമായി മാലിന്യസംസ്‌കരണം ശാസ്ത്രീയമാക്കാന്‍ കെല്‍ട്രോണ്‍ കമ്യൂണിക്കേഷന്‍ വിഭാഗം ഏഴുമാസംമുമ്പ് സോഫ്റ്റ്‌വെയര്‍ വികസിപ്പിച്ചിരുന്നു. രണ്ടാംഘട്ടമായാണ് പുതിയ സംവിധാനം.

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ നിലവില്‍ കെല്‍ട്രോണിന്റെ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചാണ് മാലിന്യസംസ്‌കരണ സംവിധാനം. ഓരോ വാര്‍ഡിലെയും സംസ്‌കരണത്തിന്റെ പുരോഗതിയും പ്രശ്‌നങ്ങളുമെല്ലാം ഈ സോഫ്റ്റ്‌വെയര്‍ വഴി നിരീക്ഷിക്കാം.

ഒരു തദ്ദേശസ്ഥാപനത്തിലെ വീടുകള്‍, കടകള്‍, ഫ്‌ളാറ്റുകള്‍, ഓഡിറ്റോറിയങ്ങള്‍, ആശുപത്രികള്‍, ആരാധനാലയങ്ങള്‍ തുടങ്ങി എല്ലാ കെട്ടിടങ്ങളും ഇതിന്റെ പരിധിയില്‍വരും. ഹരിതകര്‍മസേനകള്‍ എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും എത്തി മാലിന്യം ശേഖരിക്കുന്നുണ്ടോ, ശേഖരിക്കുന്ന മാലിന്യത്തിന്റെ അളവ് എന്നിവയെല്ലാം വ്യക്തമാക്കും. ഉപഭോക്താക്കള്‍ക്ക് പരാതി രേഖപ്പെടുത്താനും സംവിധാനമുണ്ട്.