മെറ്റാ ലോകത്തെ മനുഷ്യരും വെര്‍ച്വല്‍ ലോകത്തെ പാവകളും


ഡോ. സി.പി. രാജേന്ദ്രൻ

സോഷ്യൽ മീഡിയ വഴിയുള്ള കൃത്രിമത്വംനിറഞ്ഞ പ്രചാരണങ്ങളും അസത്യങ്ങളും ഇന്ന് ഒരു സത്യാനന്തരലോകത്തെ സൃഷ്ടിച്ചിരിക്കുന്നു

പ്രതീകാത്മക ചിത്രം

ജോലിയില്ലാത്ത യുവജനങ്ങളുടെ എണ്ണത്തിൽ അഭൂതപൂർവമായ വർധനയുണ്ടായിട്ടും അവരുടെ കൂട്ടായ പ്രതിഷേധങ്ങളൊന്നും ശക്തമായരീതിയിൽ ഇന്ന് ഉയർന്നുവരുന്നുമില്ല. അറുപതുകളിലും എഴുപതുകളിലും അങ്ങനെയുള്ള പ്രതിഷേധങ്ങളുടെ ധ്വനികൾ സാഹിത്യത്തിലും കലകളിലും ഉയർന്നുവന്നിരുന്നു. എന്തുകൊണ്ടാണ് യുവതീയുവാക്കൾ സമൂഹത്തിൽനിന്ന് അകലുകയും ഒറ്റപ്പെട്ട ലോകങ്ങളിൽ അകപ്പെട്ടുപോകുകയും ചെയ്യുന്നത് എന്നാലോചിക്കുമ്പോൾ കൂട്ടിവായിക്കപ്പെടേണ്ട ഒരു വിഷയമാണ് 1990-കളുടെ അവസാനത്തോടെ സ്മാർട്ട് ഫോണുകളാൽ തുറക്കപ്പെട്ട ഡിജിറ്റൽലോകവുമായുള്ള അവരുടെ സംവേദനങ്ങൾ. ഇന്ത്യയിൽ ഏതാണ്ട് 45 ശതമാനം യുവാക്കൾ ഈ ഉപകരണത്തോടുള്ള അമിത ആസക്തി എന്ന മാനസികരോഗത്താൽ വലയുകയാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഫോണിനോടുള്ള ആസക്തി നമ്മുടെ മാനുഷിക ബന്ധങ്ങളെയും സാമൂഹിക വാസനകളെയും ബാധിക്കുന്നുണ്ടെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.

സോഷ്യൽ മീഡിയ വഴിയുള്ള കൃത്രിമത്വംനിറഞ്ഞ പ്രചാരണങ്ങളും അസത്യങ്ങളും ഇന്ന് ഒരു സത്യാനന്തരലോകത്തെ സൃഷ്ടിച്ചിരിക്കുകയാണ്. ഈ അവസ്ഥ ജനാധിപത്യമൂല്യങ്ങളെത്തന്നെ ഇല്ലാതാക്കുകയും അധികാരഭ്രാന്തന്മാർക്കും ഏകാധിപതികൾക്കും വളരാനുള്ള സാഹചര്യമൊരുക്കുകയും ചെയ്യുന്നുണ്ടെന്ന് കാണേണ്ടതുണ്ട്‌. സ്മാർട്ട് ഫോൺ സാങ്കേതികതയും വിവരസാങ്കേതിക വിപ്ലവവും ജീവിതവ്യവസ്ഥകളെ വലിയതോതിൽ സഹായിച്ചിട്ടുണ്ടെന്നത്‌ മറക്കാതെതന്നെ, അതിന്റെ അസ്വസ്ഥജനകമായ മറുവശങ്ങൾ മനസ്സിലാക്കണം.

ആശങ്കപ്പെടേണ്ട കാലം

വിവരസാങ്കേതിക മേഖലകളിൽ ഭാവിയിൽ വരാൻപോകുന്ന മാറ്റങ്ങൾ കൂടുതൽ ഉത്‌കണ്ഠാജനകമാണ്. ഈ സാങ്കേതിക വിദ്യയുടെ അടുത്തഘട്ടമായ മെറ്റാ വേർസിന്റെ സാധ്യതകൾ ജീവിതരീതികളിൽ വരുത്തിയേക്കാവുന്ന മാറ്റങ്ങളെക്കുറിച്ച്‌ ആശങ്കപ്പെടേണ്ടതുണ്ട്. ഫെയ്‌സ്ബുക്കിന്റെ പ്രധാന ഉടമയായ സക്കർബർഗ് അവരുടെ കമ്പനിയെത്തന്നെ ‘മെറ്റാ’ എന്ന വിളിപ്പേരിടുകയും ചെയ്തുകഴിഞ്ഞിരിക്കുന്നു. സിലിക്കൺ താഴ്വരയിലെ പ്രധാനികളായ മൈക്രോസോഫ്റ്റ്‌ ഉൾപ്പെടെയുള്ള കമ്പനികൾ മെറ്റാ വേർസിന്റെ ഭാഗമായി പുതിയ ക്രിപ്‌റ്റോ പ്രോജക്ടുകൾക്ക് രൂപംകൊടുക്കുകയാണ്.

ഇങ്ങനെ നിർമിക്കപ്പെടുന്ന വെർച്വൽ ലോകങ്ങൾ ഒരുതലത്തിൽ ഡിജിറ്റൽ ക്രയവിക്രയങ്ങളും അതോടൊപ്പമുള്ള മറ്റു സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടിരിക്കുന്നു. മറ്റൊരുതലത്തിൽ ഇപ്പോൾ പ്രചാരമുള്ള ‘പബ്ജി’പോലെ കൂടുതൽ ആവേശം നൽകുന്ന വെർച്വൽ ഗെയിമുകളും അതുമായി ബന്ധപ്പെട്ട 3ഡി വീരാവതാരങ്ങളും മെറ്റാ വേർസിന്റെ ഭാഗമായി നിലവിൽവരും. ഭാവിയിലെ എല്ലാ ജീവിതവ്യാപാരങ്ങളും ‘മെറ്റാ’ അതിന്റെ വെർച്വൽ ലോകത്തിലൂടെ നടത്തിക്കൊടുക്കുന്നു. നിയമപരമായി അനുവദിക്കപ്പെടുമെങ്കിൽ പ്രേമവും ലൈംഗികബന്ധങ്ങളും ഈ വെർച്വൽ ലോകത്തിലൂടെ അനുഭവവേദ്യമാകുന്നതാണ്. ഇത് നമ്മുടെ കുടുംബബന്ധങ്ങളെത്തന്നെ ബാധിക്കാൻ സാധ്യതയുണ്ട്. ഈ കൃത്രിമലോകത്തിൽ കയറണമെങ്കിൽ സ്മാർട്ട് ഫോണിനോടൊപ്പം ആകെ ആവശ്യമുള്ള ഒരുപകരണം ഒരു ഹെഡ് സെറ്റ്‌ മാത്രമായിരിക്കും. ഒരു അവാസ്തവികലോകത്തെ വാസ്തവമാണെന്ന തോന്നലുണ്ടാക്കാൻ ഈ മെറ്റാ പ്രപഞ്ചത്തിനു സാധിക്കുന്നു. അങ്ങനെ സാമൂഹികമായ എല്ലാ ബന്ധങ്ങളും ഒരു വ്യക്തിക്ക് വിച്ഛേദിക്കാൻ സാധിക്കുന്നു. മനുഷ്യർക്ക് അവരുടെ കാര്യങ്ങൾ നടത്താൻ സഞ്ചരിക്കേണ്ട ആവശ്യംപോലും ഇല്ലാതെയാകുന്നു.

വെർച്വൽ ലോകത്തെ പാവകൾ

അടിസ്ഥാനപരമായി മനുഷ്യൻ ഒരു സാമൂഹികജീവിയാണ്. അവർക്ക് സാമൂഹികബന്ധങ്ങളില്ലാതെ അതിജീവനം സാധ്യമല്ല. എന്നാൽ, മെറ്റാ പ്രപഞ്ചത്തിന്റെ ഇടപെടലുകൾ വരുന്നതോടെ മനുഷ്യൻ ആ ഡാർവീനിയൻ ശാസ്ത്രസിദ്ധാന്തത്തിനെതിരായി സഞ്ചരിക്കാൻ നിർബന്ധിതനാകുന്നു. ഈ പാത മനുഷ്യകുലത്തെ എവിടെയായിരിക്കും എത്തിക്കുക? മറ്റു ജീവജാലങ്ങളെല്ലാം ഈ പ്രകൃതിസിദ്ധാന്തത്തിന്റെ അടിസ്ഥാനത്തിൽ ജീവിതസന്ധാരണം നിർവഹിക്കുമ്പോൾ മനുഷ്യൻ മാത്രം പ്രകൃതിവ്യവസ്ഥയ്ക്കെതിരാകുന്നു. അതിൽനിന്നുണ്ടാകുന്ന ആഘാത-പ്രത്യാഘാതങ്ങൾ റിസ്വാൻ വിർക്ക് എന്ന കംപ്യൂട്ടർ ശാസ്ത്രജ്ഞൻ അദ്ദേഹത്തിന്റെ ‘Simulation Hypothesis’ എന്ന പുസ്തകത്തിൽ ചർച്ചചെയ്യുന്നുണ്ട്. ഭൗതികലോകവും അവാസ്തവികലോകവും തമ്മിലുള്ള അന്തരങ്ങൾ മായുകയും നിയന്ത്രിക്കപ്പെടുന്ന ഒരു റോബോട്ടിന്റെ അവസ്ഥയിലേക്ക് നാം എത്താൻ സാധ്യതയുണ്ടെന്ന്‌ ഗ്രന്ഥകർത്താവ് പറയുന്നു. ഒരു അന്യഗ്രഹത്തിലെ വികസിതസമൂഹം ഭൂമിയിൽ ഉണ്ടാക്കിയെടുത്ത വെർച്വൽ ലോകത്തിലെ നിയന്ത്രിക്കപ്പെടുന്ന പാവകൾക്ക് സമമായിരിക്കും നമ്മൾ. ഇതൊക്കെ വിശ്വസനീയമാകുന്നതലത്തിലാണ് വരാൻപോകുന്ന മെറ്റാ യുഗം കല്പിതമാകുന്നതെന്നും അദ്ദേഹം പറയുന്നു.

‘മട്രിക്‌സ്’ എന്ന ഹോളിവുഡ്‌ സിനിമയിലെ കഥാപാത്രം ‘വെർച്വൽ റിയാലിറ്റി ലൈഫ് സിമുലേറ്റർ’ വഴി ആ മാന്ത്രികലോകത്തിലേക്ക് കയറിപ്പറ്റുന്നതും അവിടെ ജീവിക്കുന്നതും അവസാനം മരിക്കുന്നതും എങ്ങനെയാണെന്ന് കാണിച്ചുതരുന്നു. മെറ്റാ വേർസിലേക്കുള്ള മാറ്റം അല്പകാലത്തിനുള്ളിൽത്തന്നെ സംഭവിക്കുമെന്നാണ് മൈക്രോസോഫ്റ്റ്‌ സഹസ്ഥാപകൻ ബിൽ ഗേറ്റ്‌സിന്റെ ഒരു ബ്ലോഗിൽ പറയുന്നത്. നിലവിലുള്ള 2ഡി ക്യാമറ ഇമേജ് ഗ്രിഡിൽനിന്ന് മെറ്റാ വേർസിന്റെ 3ഡി സ്‌പേസിലേക്കുള്ള മാറ്റം വെർച്വൽ മീറ്റിങ്ങുകളുടെ സ്വഭാവംതന്നെ മറ്റും. ­വി.ആർ. ഹെഡ് സെറ്റുകൾ അത്യന്താപേക്ഷിതമായിമാറും.

രാഷ്ട്രീയനേതാക്കന്മാർ 3ഡി അവതാരങ്ങളായിട്ടാകും നമ്മുടെമുന്നിൽ പ്രത്യക്ഷപ്പെടുക. ഈ മെറ്റാ ലോകത്തിൽ ആവിർഭവിക്കുന്ന വാർത്തകളിൽ സത്യമേത്, അസത്യമേത് എന്ന് തിരിച്ചറിയാൻ പ്രയാസമാകും. ഇപ്പോഴത്തെ സ്മാർട്ട് ഫോണുകളിലൂടെ ലഭ്യമാകുന്ന സോഷ്യൽ മീഡിയതന്നെ ഒരു സത്യാനന്തരലോകത്തെ സൃഷ്ടിച്ചുകഴിഞ്ഞു. അത് ഒരു മെറ്റാ ലോകത്തിൽ എത്രമാത്രം രൂക്ഷമാകും എന്ന് ആലോചിക്കാവുന്നതേയുള്ളൂ. അത് നമ്മുടെ ജനാധിപത്യ-സാമൂഹിക വ്യവസ്ഥകളെ ഏതൊക്കെത്തരത്തിലാണ് ബാധിക്കുക എന്ന് കാണാനിരിക്കുന്നതേയുള്ളൂ.

Content Highlights: about the humans in meta world

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
john brittas mp

1 min

മോദിയുടേയും അദാനിയുടേയും വളർച്ച സമാന്തര രേഖ പോലെ,രാജ്യത്തെ പദ്ധതികൾ എല്ലാംപോയത് അദാനിക്ക്-ബ്രിട്ടാസ്

Jan 28, 2023


wedding

1 min

താലികെട്ടിനു തൊട്ടുമുമ്പ് വിവാഹത്തില്‍നിന്ന് പിന്മാറി വധു; പിറ്റേന്ന് പഴയ സുഹൃത്തുമായി വിവാഹം

Jan 28, 2023


Mentalist Aadhi
Premium

15:03

അതീന്ദ്രിയ ശക്തികളോ മനസ്സ് വായിക്കാനോ ഉള്ള കഴിവോ മെന്റലിസത്തിന് ഇല്ല

Jan 25, 2023

Most Commented