ന്ത്രമനുഷ്യന് യഥാര്‍ത്ഥ മനുഷ്യന് സമാനമായ ശരീര പ്രകൃതി നല്‍കാനുള്ള ശ്രമത്തിലാണ് റോബോട്ടിക് ഗവേഷണ രംഗം. മനുഷ്യനെ പോലെ ചിന്തിക്കുന്ന, മനുഷ്യനെ പോലെ മുഖഭാവങ്ങള്‍ പ്രകടിപ്പിക്കുന്ന, സ്പര്‍ശനത്തിലൂടെ തിരിച്ചറിയാന്‍ സാധിക്കുന്ന, മനുഷ്യ സമാനമായ ചര്‍മമുള്ള അങ്ങനെ പലവിധത്തില്‍ യന്ത്ര മനുഷ്യനെ പരിഷ്‌കരിക്കാന്‍ ഗവേഷകലോകം പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്. 

നേരത്തെ സോഫിയ എന്ന ഹ്യൂമനോയ്ഡ് റോബോട്ട് പൊതുവേദിയില്‍ പ്രസംഗിക്കുന്നതും ആളുകളോട് തമാശപറഞ്ഞ് ചിരിക്കുന്നതും മുഖഭാവങ്ങള്‍ കാണിക്കുന്നതുമെല്ലാം നമ്മള്‍ കണ്ടിരുന്നു. എന്നാല്‍ ചുരുങ്ങിയ കാലം കൊണ്ട് ഈ രംഗത്ത് ഏറെ മുന്നേറ്റമുണ്ടായിരിക്കുന്നു എന്ന് പ്രഖ്യാപിക്കുകയാണ് യുകെയിലെ എഞ്ചിനീയേര്‍ഡ് ആര്‍ട്‌സ് എന്ന റോബോടിക്‌സ് സ്ഥാപനം. 

എഞ്ചിനീയേര്‍ഡ് ആര്‍ട്‌സ് യൂട്യൂബില്‍ പങ്കുവെച്ച ഒരു വീഡിയോയാണ് ആളുകളെ അമ്പരപ്പിച്ചിരിക്കുന്നത്. അമേക (Ameca) എന്ന ഹ്യൂമനോയ്ഡ് റോബോട്ടിന്റെ വീഡിയോയാണിത്. മനുഷ്യ സമാനമായ മുഖഭാവങ്ങള്‍ കുറച്ചുകൂടി തന്മയത്വത്തോടെ പ്രകടിപ്പിക്കുകയാണ് അമേക. 

മയക്കമുണരുന്നതും, ചുറ്റുപാടും നോക്കി അമ്പരക്കുന്നതും, ആശയക്കുഴപ്പവും, പുഞ്ചിരിയുമെല്ലാം മനുഷ്യമുഖഭാവങ്ങള്‍ക്ക് സമാനമായി അമേകയുടെ മുഖത്ത് മിന്നിമായുന്നത് വീഡിയോയില്‍ കാണാം. 

നിലവില്‍ ഒരു റോബോട്ടുകള്‍ക്ക് മനുഷ്യ സമാനമായ ശരീരസ്വഭാവങ്ങള്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട പരീക്ഷണ ഗവേഷണങ്ങളുടെ ഫലമായി സൃഷ്ടിക്കപ്പെട്ടതാണ് അമേക. ഇതിന് നിലവില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അടിസ്ഥാനമാക്കിയുള്ള പ്രവര്‍ത്തനങ്ങളൊന്നും ചെയ്യാനോ നടക്കാനോ സാധിക്കില്ല. എന്നാല്‍ ഒരിക്കല്‍ സഞ്ചരിക്കാനുള്ള കഴിവ് ഇതിന് നല്‍കും. എഞ്ചിനീയേര്‍ഡ് ആര്‍ട്‌സ് പറഞ്ഞു.

യന്ത്രമുഖങ്ങള്‍ക്ക് മനുഷ്യന്റേതിന് തുല്യമായ ഭാവങ്ങള്‍ നല്‍കുന്നതില്‍ എഞ്ചിനീയേര്‍ഡ് ആര്‍ട്‌സ് ഏറെ മുന്നേറിയിട്ടുണ്ട്. അമേകയെ കൂടാതെ ഇവര്‍ നിര്‍മിച്ച മറ്റൊരു റിയലിസ്റ്റിക് ബോട്ട് ആയ മെസ്മര്‍ അതിന്റെ മികച്ചൊരു ഉദാഹരണമാണ്. 

യഥാര്‍ത്ഥ മനുഷ്യരുടെ മുഖഭാവങ്ങള്‍ ത്രിഡി സ്‌കാന്‍ ചെയ്ത് പകര്‍ത്തിയെടുത്താണ് അതനുസരിച്ചുള്ള കൃത്യമായ അസ്ഥിഘടനയും ചര്‍മഘടനയും മുഖഭാവങ്ങളും യന്ത്രങ്ങള്‍ക്ക് നല്‍കുന്നത്. അമേകയേക്കാള്‍ ഏറെ മികച്ച രീതിയിലാണ് മെസ്‌മെറിന്റെ മുഖഭാവങ്ങള്‍. ഇതിന് നല്‍കിയിരിക്കുന്ന ചര്‍മത്തിന് മനുഷ്യന്റേതിന് തുല്യമായ നിറമാണ് നല്‍കിയിരിക്കുന്നത്. 

വിനോദത്തിന് വേണ്ടിയുള്ള ഹ്യൂമനോയ്ഡ് റോബോട്ടുകള്‍ നിര്‍മിക്കുന്നതില്‍ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്ന സ്ഥാപനമാണ് എന്‍ജിനീയേര്‍ഡ് ആര്‍ട്‌സ്. എന്നാല്‍ മറ്റ് ആവശ്യങ്ങള്‍ക്കായി നിര്‍മിച്ചെടുക്കുന്ന റോബോട്ടുകള്‍ക്ക് മനുഷ്യസമാനമായ മുഖഭാവങ്ങള്‍ നല്‍കുന്നതിന് ഈ മുന്നേറ്റം ഏറെ സഹായകമായേക്കും. 

Content Highlights: A humanoid robot makes lifelike facial expressions, Ameca Robot , Mesmer Robot