വിവാദം എത്രവേണമെങ്കിലും വന്നോട്ടെ, ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിന്റെ കാര്യത്തില്‍ പ്രൊഫ.എ.ജി.റാവു കുലുങ്ങില്ല. നിരക്ഷര്‍ക്ക് പോലും അനായാസം ഉപയോഗിക്കാന്‍ പാകത്തില്‍ താന്‍കൂടി ചേര്‍ന്ന് ഡിസൈന്‍ ചെയ്ത ആ ഉപകരണത്തിന്റെ സുരക്ഷയ്ക്ക് തുരങ്കംവെയ്ക്കുക എളുപ്പമല്ലെന്ന വിശ്വാസക്കാരനാണ് അദ്ദേഹം. 'ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിന്റെ സുരക്ഷയുടെ താക്കോല്‍ അതിന്റെ സുതാര്യതയാണ്. രഹസ്യങ്ങളില്ല, എല്ലാവര്‍ക്കും പരിശോധിക്കാം. അതുകൊണ്ടുതന്നെ, കുതന്ത്രങ്ങളൊന്നും സാധ്യമാവില്ല'-പ്രൊഫ.റാവു ആത്മവിശ്വാസത്തോടെ പറയുന്നു.
ബോംബൈ ഐ.ഐ.ടി.ക്ക് കീഴിലെ 'ഇന്‍ഡസ്ട്രിയല്‍ ഡിസൈന്‍ സെന്ററി'ല്‍ എമറിറ്റസ് പ്രൊഫസറാണ് പ്രൊഫ.റാവു. അദ്ദേഹവും പ്രൊഫസര്‍ രവി പൂവയ്യയും ചേര്‍ന്നാണ് രാജ്യത്തെ ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ (ഇ.വി.എം) ഡിസൈന്‍ ചെയ്തത്.
ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യം. അതിലെ 81 കോടി വോട്ടര്‍മാര്‍ സമ്മതിദാനാവകാശം വിനിയോഗിക്കാന്‍ 1999 മുതല്‍ ഉപയോഗിക്കുന്ന വിശ്വസ്ത ഉപകരണം. പോയ പതിനെട്ട് വര്‍ഷത്തിനിടെ രാജ്യത്താകമാനം ഒട്ടേറെ തിരഞ്ഞെടുപ്പുകളില്‍ ഇലക്ട്രോണിക് വോട്ടിങ് യന്ത്രം ഉപയോഗിക്കപ്പെട്ടു. ഓരോ യന്ത്രത്തിലും പരമാവധി 2000 പേര്‍ക്ക് വോട്ട് രേഖപ്പെടുത്താം, 64 സ്ഥാനാര്‍ഥികളെയും ഉള്‍പ്പെടുത്താം. വോട്ടിങ് യന്ത്രത്തില്‍ കുതന്ത്രം നടത്തുന്നതായി ഇപ്പോള്‍ ആരോപിക്കുന്നവര്‍ക്ക് പോലും അക്കാര്യം തെളിയിക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല.
1980കളുടെ അവസാനം രാജീവ് ഗാന്ധി സര്‍ക്കാരിന്റെ കാലത്താണ് ഇത്തരമൊരു വോട്ടിങ് ഉപകരണം നിര്‍മിക്കുന്നതിന് പ്രധാന്യം ലഭിക്കുന്നത്. അതിനായി പാര്‍ലമെന്റില്‍ നിയമം പാസാക്കപ്പെട്ടു. 'അതിന്റെ ഇലക്ട്രോണിക്‌സ് ഭാഗം ഞങ്ങളല്ല ചെയ്തത്, പ്രോഡക്ട് ഡിസൈനിങ് ആയിരുന്നു ഞങ്ങളുടെ ഭാഗം', അടുത്തയിടെ കോഴിക്കോട്ടെത്തിയപ്പോള്‍ അദ്ദേഹം 'മാതൃഭൂമി'യോട് പറഞ്ഞു. വോട്ടിങ് യന്ത്രത്തിന്റെ ഡിസൈന്‍ തയ്യാറാക്കാന്‍ നാലുമാസംകൊണ്ട് കഴിഞ്ഞതായി അദ്ദേഹം അറിയിക്കുന്നു.

'ആളുകളെങ്ങനെ അത് ഉപയോഗിക്കുന്നു, എന്തൊക്കെ പ്രശ്‌നങ്ങളുണ്ടാകാം തുടങ്ങിയ കാര്യങ്ങള്‍ അടിസ്ഥാനമാക്കിയായിരുന്നു ഡിസൈനിങ്. സുരക്ഷയ്ക്കായിരുന്നു പ്രധാനം. സുരക്ഷയെ ഞങ്ങള്‍ക്ക് പുനര്‍നിര്‍വചനം ചെയ്യേണ്ടിവന്നു. ഒരു സ്റ്റീല്‍പെട്ടിയിലേക്ക് നോക്കുന്ന കാര്യം ആലോചിക്കുക. തുറന്ന പെട്ടിയാണ്, പെട്ടി തകര്‍ത്ത് ഒന്നും നേടാനില്ല. ഇത്തരമൊരു സങ്കല്‍പ്പത്തിന് മേലാണ് ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിന്റെ സുരക്ഷ ഞങ്ങള്‍ പുനര്‍നിര്‍വചിച്ചത്. എല്ലാവര്‍ക്കും കാണാവുന്ന, പരിശോധിക്കാവുന്ന ഒന്ന്...എന്നുവെച്ചാല്‍ വിസിബിലിറ്റി. ഇതായിരുന്നു ആധാരം. സുതാര്യയ്ക്കാണ് ഒന്നാംസ്ഥാനം നല്‍കിയത്. എല്ലാപാര്‍ട്ടിക്കും പരിശോധിക്കാം, അതുകൊണ്ട് അതിനെ ദുരുപയോഗം ചെയ്യുക ഒരു പാര്‍ട്ടിക്കും എളുപ്പമാവില്ല'-പ്രൊഫ.റാവു പറഞ്ഞു.
നാലര പതിറ്റാണ്ടുകാലം ഇന്‍ഡസ്ട്രിയല്‍ ഡിസൈനിങ് പഠിപ്പിച്ച അധ്യാപകനാണ് പ്രൊഫ.റാവു. സുദീര്‍ഘമായ ആ കാലയളവിനിടെ അദ്ദേഹം ചെയ്ത പ്രോജക്ടുകളില്‍ ഒന്നായിരുന്നു ഇലക്ട്രോണിക്‌സ് വോട്ടിങ് യന്ത്രത്തിന്റെ പ്രോഡക്ട് ഡിസൈനിങ്. 16 എംഎം പ്രൊജക്ടര്‍, കല്‍ക്കരി സ്റ്റവ്, സിഡാകിന്റെ ഫോണ്‍ അങ്ങനെ പ്രൊഫ.റാവുവിന്റെ ഡിസൈനിങ് വൈദഗ്ധ്യത്തില്‍ ഇന്ത്യക്കാര്‍ക്ക് കിട്ടിയ പല ഉപകരണങ്ങളുമുണ്ട്. വ്യവസായികലോകത്ത് നടക്കുന്ന എന്തോ ഹൈക്ലാസ് ഏര്‍പ്പാടാണ് ഇന്‍ഡസ്ട്രിയല്‍ ഡിസാനിങ് എന്ന സങ്കല്‍പ്പത്തെ പൊളിച്ചെഴുതിയതും പ്രൊഫ.റാവു തന്നെ. സാധാരണ കരകൗശല തൊഴിലാളികളിലേക്കും അദ്ദേഹം ആ സാധ്യതകള്‍ എത്തിച്ചു. മുള കൊണ്ടുള്ള കരകൗശല ഉത്പന്നങ്ങള്‍ ഇന്‍ഡസ്ട്രിയല്‍ ഡിസൈനിങിന്റെ സാധ്യതകളുപയോഗിച്ച് മെച്ചപ്പെടുത്താന്‍ പ്രൊഫ.റാവു നടത്തിയ ശ്രമങ്ങള്‍ ഏറെ ശ്രദ്ധപിടിച്ചുപറ്റി.

1940ല്‍ ആന്ധ്രപ്രദേശിലെ അനന്തപൂരില്‍ ഒരു സാധാരണകുടുംബത്തിലാണ് അനന്തപുരം ഗോപിനാഥ റാവു എന്ന എ.ജി.റാവു ജനിച്ചത്. അനന്തപൂര്‍ ഗവണ്‍മെന്റ് എഞ്ചിനിയറിങ് കോളേജില്‍ നിന്ന് 1966ല്‍ ബിരുദമെടുത്തു. പഠിക്കുന്ന കാലത്ത് കാര്‍ട്ടൂണ്‍ വരയിലായിരുന്നു താത്പര്യം. ഒരു സുഹൃത്തമായി ചേര്‍ന്ന് 30 രൂപ മുടക്കി പോസ്റ്റല്‍ വഴി കാര്‍ട്ടൂണ്‍ പഠിക്കാന്‍ ശ്രമിച്ചു. ചില കാര്‍ട്ടൂണുകള്‍ പ്രാദേശിക പ്രസിദ്ധീകരണങ്ങളില്‍ അച്ചടിച്ചുവന്നു. ഒപ്പം ചിത്രംവരയിലും ശില്പനിര്‍മാണത്തിലും താത്പര്യമേറി. ഈ പ്രവര്‍ത്തനങ്ങളാണ് അഹമ്മദാബാദിലെ 'നാഷണല്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ഡിസൈനി'ല്‍ (എന്‍.ഐ.ഡി) അഡ്മിഷന്‍ കിട്ടാന്‍ സഹായിച്ചത്. പ്രോഡക്ട് ഡിസൈനിങില്‍ അവിടെ കോഴ്‌സിന് ചേര്‍ന്ന ആദ്യ 12 വിദ്യാര്‍ഥികളിലൊരാളായിരുന്നു റാവു. കോഴ്‌സ് പൂര്‍ത്തിയാക്കിയ ശേഷം 1970ല്‍ ബോംബെ ഐ.ഐ.ടി.യിലെ 'ഇന്‍ഡസ്ട്രിയല്‍ ഡിസൈന്‍ സെന്ററി'ല്‍ (ഐ.ഡി.എസ്) അധ്യാപകനായി ചേര്‍ന്നു.

'ഐഐടിയന്‍സ് രൂപം നല്‍കിയ 'ഫ്രണ്ട് ഫോര്‍ റാപ്പിഡ് അഡ്വാന്‍സ്‌മെന്റ്' (FERA) എന്ന എന്‍.ജി.ഒ. വഴി ഗ്രാമീണവികസന പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചതാണ് എന്നെ മുളയുമായി അടുപ്പിച്ചത്. മുള കൊണ്ടുള്ള കരകൗശല വസ്തുക്കളെയും കലാരൂപങ്ങളെയും കുറിച്ച് പഠിക്കാന്‍ രാജ്യത്തിന്റെ വിദൂരകോണുകളില്‍ പോലും യാത്രചെയ്തു', പ്രൊഫ.റാവു പറയുന്നു. ഒരു പതിറ്റാണ്ട് നീണ്ട യാത്രകളുടെയും ആലോചനകളുടെയും ഫലമായില്‍ ഐ.ഡി.സി.യില്‍ 'ബാംബു സ്റ്റുഡിയോ' (Bambu Studio) പിറവിയെടുത്തു. മുളയുല്‍പ്പനങ്ങള്‍ക്കായി ഒരു ടൂള്‍കിറ്റും പ്രൊഫ.റാവു പുറത്തിറക്കി. മുളയോടുള്ള പ്രണയം അദ്ദേഹത്തെ വയനാട്ടിലുള്ള 'ഉറവ്' എന്ന സംഘടനയുമായും അടുപ്പിച്ചു.
ഇപ്പോഴും അവിവാഹിതനായി തുടരുന്ന പ്രൊഫ.റാവുവിന്റെ പുതിയ താത്പര്യമേഖല കുട്ടികളെ ഡിസൈന്‍ അധിഷ്ഠിത ഗണിതം പരിശീലിപ്പിക്കുക എന്നതാണ്. അത്തരമൊരു വര്‍ക്ക്‌ഷോപ്പിന് കോഴിക്കോട്ട് എത്തിയപ്പോഴാണ് അദ്ദേഹം ഈ അഭിമുഖം അനുവദിച്ചത്. 'ഗണിതത്തെ ക്രിയാത്മകമായി സമീപിക്കാന്‍ കുട്ടികളെ സഹായിക്കുന്ന ദൗത്യത്തിലാണ് ഞാനിപ്പോള്‍. ഔപചാരികമായ ഗണിതപഠനം ഇക്കാര്യത്തില്‍ പാടെ പരാജയമാണ്. നമ്മുടെ ഗണിതപഠനത്തില്‍ ഇല്ലാത്തത് വിഷ്വല്‍ തിങ്കിങ് ആണ്. അക്കാര്യമാണ് ഞാന്‍ നല്‍കുന്ന പരിശീലനത്തിന്റെ മര്‍മം', അദ്ദേഹം അറിയിക്കുന്നു.

രാജ്യത്ത് ഇന്‍ഡസ്ട്രിയല്‍ ഡിസൈനിങ് മേഖലയില്‍ പ്രൊഫണല്‍ പരിശീലനം ലഭിച്ച ആദ്യസംഘത്തിലെ അംഗമാണ് പ്രൊഫ.റാവു. എന്താണ് ഈ മേഖലയുടെ പ്രത്യേകത എന്ന് ചോദിച്ചപ്പോള്‍ അദ്ദേഹം ഇങ്ങനെ മറുപടി നല്‍കി:
''ഡിസൈന്‍ തിങ്കിങ്' എന്നതാണ് ഈ രംഗത്തെ പുതിയ പ്രവണത. ഭാഗികമായി ശാസ്ത്രജ്ഞരെപ്പോലെയും ഭാഗികമായി ആര്‍ട്ടിസ്റ്റുകളെപ്പോലെയുമാണ് ഡിസൈനര്‍മാര്‍ ചിന്തിക്കുക. സയന്‍സിലെ ലോജിക്കല്‍ ചിന്ത ഇതിലുണ്ട്, ഒപ്പം ആര്‍ട്ടുമുണ്ട്. ഡിസൈനര്‍മാര്‍ പരിഹാരങ്ങളാണ് ആരായുന്നത്, ആര്‍ട്ടിസ്റ്റുകള്‍ ആത്മാവിഷ്‌ക്കാരങ്ങളും (എക്‌സ്‌പ്രെഷന്‍സ്). വ്യത്യസ്തമായി ചിന്തിക്കാന്‍ വിധിക്കപ്പെട്ടവരാണ് ഡിസൈനര്‍മാര്‍. വലതുമസ്തിഷ്‌ക്കവും ഇടതുമസ്തിഷ്‌ക്കവും തമ്മിലുള്ള ചിന്തയുടെ വ്യത്യാസം ഇവിടെ കാണാം. വലതുമസ്തിഷ്‌ക്കമാണ് ആര്‍ട്ടിസ്റ്റുകള്‍ക്ക് തുണയാവുക, കൂടുതല്‍ ഭാവനാപൂര്‍ണമായ സംഗതികള്‍ പുറപ്പെടുന്നത് അവിടുന്നാണ്. അതേസമയം, സയന്‍സില്‍ ഉപയോഗിക്കുന്നത് ഇടതുമസ്തിഷ്‌ക്കമാണ്, അത് കൂടുതല്‍ ലോജിക്കലാണ്. സാധാരണഗതില്‍, വിദ്യാഭ്യാസം, ഗണിതം തുടങ്ങിയ സംഗതികളിലെല്ലാം ഇടതുമസ്തിഷ്‌ക്കത്തിനാണ് പ്രാധാന്യം. ക്രിയാത്മകമായ സംഗതികള്‍ വലതുമസ്തിഷ്‌ക്കത്തിന്റെ സംഭാവനയാണ്. ഡിസൈനിങില്‍ ഇതുരണ്ടും ചേരണം. അതിനുള്ള പരിശീലനമാണ് ഈ മേഖലയില്‍ നേടേണ്ടത്'.
* മാതൃഭൂമി കോഴിക്കോട് നഗരം പേജില്‍ പ്രസിദ്ധീകരിച്ചത്