ന്യൂഡല്‍ഹി: പുതിയ കണക്ഷനുകളും നിലവിലുള്ളതുമടക്കം 71.24 കോടി മൊബൈല്‍ നമ്പറുകളും, 82 കോടി ബാങ്ക് അക്കൗണ്ടുകളും 12 അക്ക ബയോമെട്രിക് തിരിച്ചറിയല്‍ കാര്‍ഡ് നമ്പറുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്ന് കേന്ദ്ര ഇലക്ട്രോണിക്‌സ് ആന്റ് ഐടി മന്ത്രി രവിശങ്കര്‍ പ്രസാദ്. 

2005 ലെ കള്ളപ്പണ നിരോധന നിയമത്തിലെ ഭേദഗതികളുടെ അടിസ്ഥാനത്തിലാണ് ബാങ്ക് അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കുന്നത്. 2017 ഫെബ്രുവരി ആറിനുണ്ടായ സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ആധാര്‍ മൊബൈല്‍ കണക്ഷനുമായി ബന്ധിപ്പിക്കാനുള്ള നടപടിയും പ്രാബല്യത്തില്‍ വന്നത്.

'2017 ഡിസംബര്‍ 8 വരെ 71.24 കോടി മൊബൈല്‍ (പുതിയതും-പുതുക്കിയതും) നമ്പറുകളും 82 കോടി ബാങ്ക് അക്കൗണ്ടുകളും ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ട്.' രവിശങ്കര്‍ പ്രസാദ് രാജ്യ സഭയില്‍ പറഞ്ഞു.

2018 മാര്‍ച്ച് 31 വരെയാണ് നിലവിലുള്ള ഉപയോക്താക്കള്‍ മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കേണ്ട അവസാന തീയ്യതി.