5G: അഞ്ചാം തലമുറ മൊബൈല്‍ കണക്ടിവിറ്റി കയ്യെത്തും ദൂരെ


വൈശാഖ് വര്‍മ

പ്രതീകാത്മക ചിത്രം | Photo: Gettyimages

അഞ്ചാം തലമുറ മൊബൈല്‍ കണക്ടിവിറ്റി രാജ്യത്ത് കയ്യെത്തും ദൂരെ എത്തിക്കഴിഞ്ഞു. 5ജി ഡിവൈസുകള്‍ വിപണി നിറയാന്‍ തയ്യാറെടുക്കുന്നു. അതിവേഗത്തിന്റെ പുതുതലമുറയെ അടുത്തറിയാം
---------------

1700-കളുടെ അവസാനവും 1800-കളുടെ ആദ്യവുമുണ്ടായ വ്യവസായ വിപ്ലവം (Industrial revolution) യൂറോപ്പിന്റെയും വടക്കേ അമേരിക്കയുടെയും സാമ്പത്തികവളര്‍ച്ചയില്‍ (Gross Domestic Product) പ്രകടമായ സ്വാധീനം ഉണ്ടാക്കിയിരുന്നു. അതേസമയം, ഇന്ത്യയില്‍ ഇത് അത്ര ഗുണകരമായിരുന്നില്ല, കാരണം ഇന്ത്യ അന്ന് ബ്രിട്ടീഷ് വ്യവസായങ്ങള്‍ക്ക് അസംസ്‌കൃതവസ്തുക്കള്‍ നല്‍കുന്ന ഒരു രാജ്യം മാത്രമായിരുന്നു. അക്കാലം മുതല്‍ വ്യവസായവത്കരണവും സാമ്പത്തികവളര്‍ച്ചയും ലോകത്തിന്റെ പലഭാഗങ്ങളിലും പലവിധത്തില്‍ നടക്കുമ്പോഴും അവയൊന്നും ഇന്ത്യയിലെ ഇന്നത്തെ മൊബൈല്‍ ബ്രോഡ്ബാന്‍ഡ്-ഡിജിറ്റലൈസേഷന്‍ വളര്‍ച്ചപോലെ പ്രകടമോ ശക്തമോ ആയിരുന്നില്ല. ഇന്ത്യന്‍ ഡിജിറ്റല്‍ സാങ്കേതിക വിദ്യാരംഗത്തുണ്ടായിട്ടുള്ള മാറ്റങ്ങളാകും വരുംവര്‍ഷങ്ങളില്‍ ഇന്ത്യയുടെ വ്യവസായ രംഗത്തും ഇന്ത്യന്‍ സമൂഹത്തില്‍ തന്നെയും അവിശ്വസനീയമായ വളര്‍ച്ചയും പുരോഗതിയും യാഥാര്‍ഥ്യമാക്കുക.ഡിജിറ്റല്‍ വിപ്ലവം

ഇന്ത്യ ഇന്നൊരു വിപ്ലവത്തിന്റെ പാതയിലാണ്; ഡിജിറ്റല്‍ വിപ്ലവം. രാജ്യത്ത് ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് കൂടുതല്‍ ശക്തവും വ്യാപകവുമായിവരുന്നു. ലോകത്തേറ്റവും കൂടുതല്‍ ഡേറ്റ ഉപഭോഗമുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ന്് ഇന്ത്യ; രാജ്യത്തെ ശരാശരി ആളോഹരി ഡേറ്റ ഉപഭോഗം പ്രതിമാസം 17 ജിബിയാണ്. കൂടാതെ, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സേവനങ്ങളും ജനക്ഷേമപ്രവര്‍ത്തനങ്ങളും ഡിജിറ്റലൈസ് ചെയ്തുകൊണ്ടിരിക്കുന്നു. വിപണിയിലും ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെ ഉപയോഗം ഒഴിച്ചുകൂടാനാവാത്ത ഒന്നായിരിക്കുന്നു. ഈ വിപ്ലവം രാജ്യത്തിന്റെ സാമൂഹിക-സാമ്പത്തിക മേഖലകളില്‍ സമൂലമായ മാറ്റവും വളര്‍ച്ചയും സമ്മാനിക്കുമെന്നാണ് പ്രതീക്ഷ.

ഇന്ത്യയിലെ വയർലെസ് വരിക്കാർ

സേവനദാതാക്കളുടെ അടിസ്ഥാനത്തിൽ

കമ്പനിവിപണി പങ്കാളിത്തം (ശതമാനത്തിൽ)
റിലയൻസ് ജിയോ35.69
ഭാരതി എയർടെൽ31.62
വോഡഫോൺ-ഐഡിയ (വി)22.56
ബിഎസ്എൻഎൽ9.85
റിലയൻസ് കമ്മ്യൂണിക്കേഷൻസ് 0.0003
എം.ടി.എൻ.എൽ0.28
സ്വകാര്യ മേഖല- 89.87 %

പൊതുമേഖല- 10.13%

ഇന്റര്‍നെറ്റ് സമ്പദ്വ്യവസ്ഥ (Internet Economy) ഇന്ത്യയില്‍ അതിവേഗ വളര്‍ച്ചയിലാണ്. രാജ്യത്തിന്റെ ജി.ഡി.പി.യുടെ ഏഴുശതമാനത്തിലധികം സംഭാവന ചെയ്യാന്‍ ഈ മേഖലയ്ക്ക് ഇന്ന് സാധിക്കുന്നുണ്ട്. ഇത് വരുംവര്‍ഷങ്ങളില്‍ 20 ശതമാനമായി ഉയര്‍ത്തുകയാണ് ലക്ഷ്യമെന്ന് കേന്ദ്ര ഇലക്ട്രോണിക്‌സ് & ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയം ഔദ്യോഗികമായിത്തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യയുടെ ഡിജിറ്റല്‍ സമ്പദ്വ്യവസ്ഥ 2025-ഓടെ ഒരു ട്രില്യന്‍ യു.എസ്. ഡോളര്‍ മൂല്യത്തിലേക്ക് ഉയരുമെന്നും കരുതപ്പെടുന്നു.
ഈ പശ്ചാത്തലത്തില്‍ ഡിജിറ്റല്‍ വിപ്ലവത്തിന്റെ വേഗവും കാര്യക്ഷമതയും പ്രായോഗികതയും കൂടുതല്‍ മെച്ചപ്പെടുത്താന്‍ 5ജിയുടെ വരവോടെ സാധിക്കും. കേവലം വോയ്സ്, ഡേറ്റ എന്നിവയാകില്ല 5ജിയുടെ ഉപയോഗം. ഡേറ്റയുടെ സഹായത്തോടെ സാധ്യമാകുന്ന സാങ്കേതികവിദ്യകളായ ഇന്റര്‍നെറ്റ് ഓഫ് തിങ്സ് (IoT), ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI), റോബോട്ടിക് പ്രോസസ് ഓട്ടോമേഷന്‍ (RPA), ഓഗ്മെന്റഡ് റിയാലിറ്റി/ വെര്‍ച്വല്‍ റിയാലിറ്റി (AR/VR) എന്നിവയെല്ലാം വരുംനാളുകളില്‍ സജീവമാകും.

എന്താണ് 5ജി?

വയര്‍ലെസ് കണക്ടിവിറ്റിയുടെ അഞ്ചാം തലമുറയാണ് 5ജി. ഇതുവരെ പ്രചാരത്തിലുണ്ടായിരുന്ന 1ജി, 2ജി, 3ജി, 4ജി എന്നിവയെക്കാളെല്ലാം വേഗത്തില്‍ വിവരകൈമാറ്റവും ഡേറ്റാ കൈമാറ്റവും 5ജിയില്‍ സാധ്യമാകും. ഇന്റര്‍നെറ്റിന്റെ വേഗം ഇതുവരെ എം.ബി.പി.എസിലാണ് (Mbps) കണക്കാക്കിയിരിക്കുന്നത്. 5ജി വരുന്നതോടെ അത് ജി.ബി.പി.എസിലേക്ക് (Gbps) മാറും. സെക്കന്‍ഡില്‍ 10 ജി.ബി. വരെ കൈമാറ്റം ചെയ്യാന്‍ സാധിക്കും. ഒരു ചതുരശ്ര കിലോമീറ്ററില്‍ 10 ലക്ഷം ഡിവൈസുകളെ ഉള്‍ക്കൊള്ളാന്‍ 5ജിക്ക് സാധിക്കും. അതായത് തിരക്കുള്ള പൊതുവിടങ്ങളില്‍പ്പോലും ഇന്റര്‍നെറ്റ് വേഗം കുറയില്ല. കൂടാതെ ലേറ്റന്‍സി (Latency)യും 5ജിയില്‍ 4ജിയെക്കാള്‍ വളരെ കുറവാണ്. ഉപകരണങ്ങള്‍ തമ്മില്‍ ഡേറ്റ കൈമാറാന്‍ എടുക്കുന്ന സമയമാണ് ലേറ്റന്‍സി.


5ജി സേവനം ആദ്യമെത്തുന്ന ഇന്ത്യന്‍ നഗരങ്ങള്‍

അഹമ്മദാബാദ്, ബെംഗളൂരു, ചണ്ഡീഗഢ്, ചെന്നൈ, ഡല്‍ഹി, ഗാന്ധിനഗര്‍, ഗുരുഗ്രാം, ഹൈദരാബാദ്, ജാംഗനഗര്‍, കൊല്‍ക്കത്ത, ലഖ്നൗ, മുംബൈ, പുണെ


ഇന്ത്യയില്‍

അഞ്ചാം തലമുറ വയര്‍ലെസ് നെറ്റ്വര്‍ക്ക് (5ജി) ഇന്ത്യയിലും യാഥാര്‍ഥ്യമാകുകയാണ്. 5ജി സ്പെക്ട്രം ആദ്യഘട്ട ലേല നടപടികള്‍ 2022 ജൂലായ് അവസാനത്തോടെ പൂര്‍ത്തിയായി. റിലയന്‍സ് ജിയോ, ഭാരതി എയര്‍ടെല്‍, വി (വൊഡാഫോണ്‍-ഐഡിയ) എന്നീ സേവനദാതാക്കളാണ് സ്പെക്ട്രം ലേലത്തില്‍ പങ്കെടുത്തത്. പൊതുജനങ്ങള്‍ക്കായി 5ജി സേവനം നല്‍കുക ലക്ഷ്യമല്ലെങ്കിലും അദാനി ഡേറ്റാ നെറ്റ്വര്‍ക്‌സും 5ജി സ്‌പെക്ട്രം ലേലത്തിലൂടെ ലൈസന്‍സ് നേടിയിട്ടുണ്ട്.

72,097.85 മെഗാഹെര്‍ട്സ് സ്‌പെക്ട്രമാണ് ലേലത്തിനുവെച്ചത്. 20 വര്‍ഷത്തേക്കാണ് സ്പെക്ട്രം ലൈസന്‍സ് നല്‍കുന്നത്. ലോ ഫ്രീക്വന്‍സി (600 MHz, 700 MHz, 800 MHz, 900 MHz, 1800 MHz, 2100 MHz, 2300 MHz, 2500 MHz), മിഡ് ഫ്രീക്വന്‍സി (3300 MHz), ഹൈ ഫ്രീക്വന്‍സി (26GHz, ഇത് mmWave എന്നും അറിയപ്പെടും) എന്നിങ്ങനെ മൂന്നുവിധ ബാന്‍ഡുകളാണ് 5ജി സേവനത്തിനായി ഇന്ത്യയിലുണ്ടാവുക.
1,50,173 കോടി രൂപയാണ് ലേലത്തുകയായി കേന്ദ്രസര്‍ക്കാരിന് ലഭിച്ചത്. 88,078 കോടി രൂപയാണ് ജിയോ ലേലത്തിനായി ചിലവഴിച്ചത്. 5-10 കിലോമീറ്റര്‍ സിഗ്‌നല്‍ റേഞ്ച് നല്‍കാന്‍ കഴിയുന്ന 700 മെഗാഹെട്സ് ബാന്‍ഡ് ഉള്‍പ്പെടെ നിരവധി ബാന്‍ഡുകളില്‍ (700MHz, 800MHz, 1800MHz, 3300MHz, 26GHz) ജിയോ 24,740 MHz സ്പെക്ട്രം സ്വന്തമാക്കി. അദാനി ഗ്രൂപ്പ് 400 മെഗാഹെട്സാണ് 212 കോടി രൂപയ്ക്ക് വാങ്ങിയത്. പൊതുനെറ്റ്വര്‍ക്കുകള്‍ക്കുള്ളതല്ലാത്ത 26 ജിഗാഹെട്സ് ബാന്‍ഡാണ് അദാനി ഗ്രൂപ്പ് വാങ്ങിയത്. ഭാരതി എയര്‍ടെല്‍ വിവിധ ബാന്‍ഡുകളിലായി (900MHz, 1800MHz, 2100MHz, 3300MHz, 26GHz) 19,867 മെഗാഹെര്‍ട്സ് എയര്‍വേവ് 43,084 കോടി രൂപയ്ക്ക് വാങ്ങി. വൊഡാഫോണ്‍ ഐഡിയ ലിമിറ്റഡ് 18,784 കോടി രൂപയ്ക്കാണ് വിവിധ ബാന്‍ഡുകളിലായി(1800MHz, 2100MHz, 2500MHz, 3300MHz, 26GHz) 2,668 MHz സ്പെക്ട്രം വാങ്ങിയത്.

ബ്രോഡ്ബാൻഡ് സേവനദാതാക്കളുടെ വിപണി പങ്കാളിത്തം (വയർലെസ് + വയർലൈൻ (ശതമാനം)
റിലയൻസ് ജിയോ52.18 %
ഭാരതി എയർടെൽ27.32 %
വോഡഫോൺ ഐഡിയ15.51 %
ബിഎസ്എൻഎൽ3.21 %
അത്രിയ കൺവെർജൻസ് 0.26 %
മറ്റുള്ളവർ1.52 %
സാങ്കേതിക നടപടിക്രമങ്ങളും ക്രമീകരണങ്ങളും മാത്രമേ ഇനി ബാക്കിയുള്ളൂ. വരുംമാസങ്ങളില്‍ത്തന്നെ 5ജി സേവനം ലഭ്യമാക്കാനുള്ള ഒരുക്കത്തിലാണ് ഇന്ത്യയിലെ ടെലികോം കമ്പനികള്‍. തുടക്കത്തില്‍ തിരഞ്ഞെടുത്ത നഗരങ്ങളില്‍ 5ജി വരും. 4ജിയെക്കാള്‍ നൂറുമടങ്ങ് വേഗം, വെറും 10 സെക്കന്‍ഡില്‍ ഒരു സിനിമ മുഴുവനായി ഡൗണ്‍ലോഡ് ചെയ്യാം എന്നിവയെല്ലാം 5ജിയുടെ പ്രത്യേകതയായി പറയാമെങ്കിലും നെറ്റ് വര്‍ക്ക് കവറേജും ബാന്‍ഡ് വിഡ്ത്തും പ്രധാനഘടകമാണ്. അതായത് ഇപ്പറഞ്ഞവേഗം രാജ്യത്തെല്ലായിടത്തും കിട്ടിത്തുടങ്ങണമെങ്കില്‍ അല്പംകൂടി കാത്തിരിക്കേണ്ടിവരും. എറിക്സണ്‍ റിപ്പോര്‍ട്ട് പ്രകാരം 2027-ഓടെ രാജ്യത്തെ മൊബൈല്‍ വരിക്കാരില്‍ 40 ശതമാനവും 5ജി സാങ്കേതികവിദ്യ ഉപയോഗിക്കുന്നവരായിരിക്കും; അതായത് ഏകദേശം 50 കോടി വരിക്കാര്‍!


3GPP

തേഡ് ജനറേഷന്‍ പാര്‍ട്ട്ണര്‍ഷിപ്പ് പ്രോജക്ട് (3GPP) എന്നത് വിവിധ ടെലികമ്യൂണിക്കേഷന്‍സ് സ്ഥാപനങ്ങളുടെ കൂട്ടായ്മയാണ്. 1998-ലാണ് ഇത് രൂപവത്കരിച്ചത്. മൂന്നാംതലമുറ മൊബൈല്‍ സംവിധാനം (3ജി) വികസിപ്പിക്കുകയെന്നതായിരുന്നു പ്രഥമലക്ഷ്യം. പിന്നീട് 4ജി LTE (Long Term Evolution), 5ജി എന്നിവ വികസിപ്പിച്ചെടുക്കുന്നതിനും മുന്‍പന്തിയില്‍ നിന്നത് 3ജി.പി.പി.യാണ്. 3ജി.പി.പി.യിലെ അംഗങ്ങളും രാജ്യവും

1. അസോസിയേഷന്‍ ഓഫ് റേഡിയോ ഇന്‍ഡസ്ട്രീസ് ആന്‍ഡ് ബിസിനസ് (ARIB) - ജപ്പാന്‍
2. അലയന്‍സ് ഫോര്‍ ടെലികമ്യൂണിക്കേഷന്‍സ് ഇന്‍ഡസ്ട്രി സൊലൂഷന്‍സ് (AITS) - യു.എസ്.എ.
3. ചൈന കമ്യൂണിക്കേഷന്‍സ് സ്റ്റാന്‍ഡേര്‍ഡ്സ് അസോസിയേഷന്‍ (CCSA) - ചൈന
4. യൂറോപ്യന്‍ ടെലികമ്യൂണിക്കേഷന്‍സ് സ്റ്റാന്‍ഡേര്‍ഡ്സ് ഇന്‍സ്റ്റിറ്റിയൂഷന്‍ (ETSI) -യൂറോപ്പ്
5. ടെലികമ്യൂണിക്കേഷന്‍സ് സ്റ്റാര്‍ഡേര്‍ഡ്സ് ഡെവലപ്മെന്റ് സൊസൈറ്റി (TSDSI) - ഇന്ത്യ
6. ടെലികമ്യൂണിക്കേഷന്‍സ് ടെക്നോളജി അസോസിയേഷന്‍ (TTA) - ദക്ഷിണകൊറിയ
7. ടെലികമ്യൂണിക്കേഷന്‍ ടെക്നോളജി കമ്മിറ്റി (TTC) - ജപ്പാന്‍


പ്രതീക്ഷകള്‍

ഇന്ധനം, വൈദ്യുതി എന്നിവയെപ്പോലെ സ്മാര്‍ട്ട്ഫോണുകളും ഇന്റര്‍നെറ്റും ഇന്ന് നമ്മുടെ നിത്യജീവിതത്തിന്റെ അവിഭാജ്യഘടകങ്ങളാണ്. ലോകത്തെമ്പാടും സാമൂഹികവും തൊഴില്‍പരവുമായ വിവരവിനിമയത്തിന് മനുഷ്യന്‍ ഇന്നേറ്റവും കൂടുതല്‍ ആശ്രയിക്കുന്നത് ഇന്റര്‍നെറ്റിനേയും സ്മാര്‍ട്ട്ഫോണ്‍/ഡിവൈസുകളേയുമാണ്. 5ജിയുടെ വരവോടെ അതിന്റെ പ്രചാരത്തിനും ഉപയോഗത്തിനും വേഗവും സ്വീകാര്യതയും കൂടുമെന്നുറപ്പാണ്. നിര്‍മിത ബുദ്ധി (Artificial Intelligence), ഇന്റര്‍നെറ്റ് ഓഫ് തിങ്സ് (IoT), മെഷീന്‍ ടു മെഷീന്‍ കമ്യൂണിക്കേഷന്‍ (M2M) തുടങ്ങിയ സാങ്കേതികവിദ്യകള്‍ കൂടുതല്‍ കാര്യക്ഷമമായി പ്രയോജനപ്പെടുത്താന്‍ 5ജി സഹായകമാകും.

ഡിജിറ്റല്‍ വിപ്ലവകാലത്ത് ഇന്‍ഫര്‍മേഷന്‍ കമ്യൂണിക്കേഷന്‍ & ടെക്നോളജി (ICT) ആണ് മുന്‍പന്തിയിലുള്ള വ്യവസായം. ഇതില്‍ ഇപ്പോള്‍ മുഖ്യശ്രദ്ധ 5ജിയിലേക്കുള്ള പരിവര്‍ത്തനമാണ്. 5ജി യാഥാര്‍ഥ്യമാകുന്നതോടെ ഡിജിറ്റലൈസേഷന്‍ കൂടുതല്‍ മേഖലകളിലേക്ക് വ്യാപിക്കുകയും അതുവഴി പുതിയ സേവനമേഖലകളും ഉത്പന്നങ്ങളുമെല്ലാം സൃഷ്ടിക്കപ്പെടുകയും ചെയ്യുമെന്നാണ് കരുതപ്പെടുന്നത്. ഇത് നൂതന തൊഴിലവസരങ്ങളും സൃഷ്ടിക്കും.

ഇന്ത്യയുടെ ടെലികോം മേഖല (2022 മേയ് 31 പ്രകാരം)
രാജ്യത്തെ ടെലിഫോൺ വരിക്കാർ (കോടിയിൽ)

വയർലെസ്114.55
വയർലൈൻ2.52
ആകെ117.07
നഗരങ്ങളിലെ ടെലിഫോൺ വരിക്കാർ (കോടിയിൽ)
വയർലെസ് 62.46
വയര്‍ലൈൻ2.36
ആകെ64.82
ഗ്രാമങ്ങളിലെ ടെലിഫോൺ വരിക്കാർ (കോടിയിൽ)
വയർലെസ് 52.09
വയര്‍ലൈൻ0.20
ആകെ52.29
ആകെ ടെലിഫോൺ സാന്ദ്രത (കോടിയിൽ)
വയർലെസ് 83.20
വയര്‍ലൈൻ1.83
ആകെ85.03
ബ്രോഡ് ബാൻഡ് (കോടിയിൽ)
വയർലെസ് 76.66
വയര്‍ലൈൻ2.81
ആകെ79.47
എന്‍ഹാന്‍സ്ഡ് മൊബൈല്‍ ബ്രോഡ്ബാന്‍ഡ് (eMBB), അള്‍ട്രാ-റിലയബിള്‍ ആന്‍ഡ് ലോ-ലേറ്റന്‍സി കമ്യൂണിക്കേഷന്‍സ് (uRLLC), മാസീവ് മെഷീന്‍ ടൈപ്പ് കമ്യൂണിക്കേഷന്‍സ് (mMTC) എന്നിവയൊക്കെ 5ജിയുടെ സവിശേഷതകളാണ്. ദൂരെയിരുന്നുകൊണ്ടുതന്നെ ശസ്ത്രക്രിയയും രോഗനിര്‍ണയവും പരിശോധനകളും നടത്തുക, തത്സമയം ഓഗ്മെന്റഡ് റിയാലിറ്റി സേവനങ്ങള്‍, തത്സമയ വെര്‍ച്വല്‍ & മിക്സെഡ് റിയാലിറ്റി സേവനങ്ങള്‍, ഹൈ ഡെഫനിഷന്‍ ക്ലൗഡ് ഗെയിമിങ്, ഡ്രോണുകളും റോബോട്ടിക് ആപ്ലിക്കേഷനുകളും ആരോഗ്യനിരീക്ഷണ സംവിധാനം/ ടെലി-ഹെല്‍ത്ത്, ഇന്റലിജന്റ് ട്രാന്‍സ്പോര്‍ട്ടേഷന്‍, ഫാക്ടറി ഓട്ടോമേഷന്‍, റിമോട്ട് ഓപ്പറേഷന്‍, ഡ്രൈവറില്ലാ കാറുകള്‍, സ്മാര്‍ട്ട് സിറ്റികള്‍, കെട്ടിടങ്ങള്‍, കൃഷി, ഇന്‍ഡസ്ട്രിയല്‍ ഓട്ടോമേഷന്‍, സ്മാര്‍ട്ട് ലോജിസ്റ്റിക്‌സ്, സ്മാര്‍ട്ട് കണ്‍സ്യൂമര്‍ വെയറബിള്‍സ്, സ്മാര്‍ട്ട് റീട്ടെയില്‍, ഇന്റലിജന്റ് സര്‍വൈലന്‍സ്, എന്‍വയോണ്‍മെന്റ് മാനേജ്മെന്റ് തുടങ്ങി നിരവധി അത്യാധുനിക സാങ്കേതികവിദ്യകള്‍ പൊതുജനങ്ങള്‍ക്ക് നിത്യജീവിതത്തിന്റെ ഭാഗമായി ഉപയോഗപ്പെടുത്താന്‍ 5ജി അവസരമൊരുക്കും.

സ്മാര്‍ട്ട് വാച്ചുകള്‍, ഫിറ്റ്നസ് ട്രാക്കറുകള്‍, വി.ആര്‍. ഹെഡ്സെറ്റുകള്‍, സ്മാര്‍ട്ട് റിസ്റ്റ്ബാന്‍ഡുകള്‍, ആക്ടിവിറ്റി ട്രാക്കറുകള്‍, സ്പോര്‍ട്സ് വാച്ചുകള്‍, മറ്റ് മെഡിക്കല്‍ ഉപകരണങ്ങള്‍ (ഡയബെറ്റിക് മോണിറ്റര്‍ പോലുള്ളവ) എന്നിവയെല്ലാം 5ജിയുടെ വരവോടെ കൂടുതല്‍ ഫീച്ചറുകള്‍ നല്‍കാന്‍ സാധിക്കുന്ന, വര്‍ധിച്ച കാര്യക്ഷമതയും കൃത്യതയുമുള്ളവയായി മാറും. മാര്‍ക്കറ്റിങ്ങും പരസ്യങ്ങളുമെല്ലാം ഇത്തരം ഡിവൈസുകളിലൂടെയാകും ഭാവിയില്‍ ഉപഭോക്താക്കളിലേക്കെത്തുക. നിര്‍മാണ മേഖലയിലും 5ജി പ്രകടമായ മാറ്റങ്ങള്‍ കൊണ്ടുവരും. കൃഷി, വാഹനമേഖല, ഊര്‍ജം, ആരോഗ്യസംരക്ഷണം, മാധ്യമം & വിനോദം തുടങ്ങിയ മേഖലകളിലെല്ലാം വിപ്ലവകരമായ മാറ്റങ്ങള്‍ സമ്മാനിക്കാന്‍ 5ജിക്ക് സാധിക്കും.

ഇന്ത്യയിലെ ടെലിഫോൺ സാന്ദ്രത (ശതമാനത്തിൽ)
ആകെ ഇന്ത്യ മുഴുവൻ85.03
ബിഹാർ53.72
മധ്യപ്രദേശ്67.54
ഉത്തർപ്രദേശ്68.13
അസം68.76
ഒഡിഷ75.03
വടക്കുകിഴക്ക്78.27
രാജസ്ഥാൻ 79.35
പശ്ചിമ ബംഗാൾ81.87
ഹരിയാണ90.19
ജമ്മു-കശ്മീർ90.80
ആന്ധ്രാപ്രദേശ്93.56
ഗുജറാത്ത്95.04
കർണാടക100.72
മഹാരാഷ്ട്ര102.80
തമിഴ്നാട് 103.94
പഞ്ചാബ്117.740
കേരളം124.08
ഹിമാചൽ പ്രദേശ്135.11
ഡൽഹി269.10
വിപണിസാധ്യത

ഇന്ത്യ യുവാക്കളുടെ രാജ്യമാണ്. ആ യുവാക്കളില്‍ ബഹുഭൂരിപക്ഷവും ഡിജിറ്റല്‍ ജീവിതശൈലിയെ ഇഷ്ടപ്പെടുന്നവരോ അതില്‍ പരിജ്ഞാനമുള്ളവരോ ആണ്. ഈ വിഭാഗക്കാരാണ് ഇന്റര്‍നെറ്റ് ഉപയോഗത്തിന്റെ 61 ശതമാനവും ഓണ്‍ലൈന്‍ ഷോപ്പിങ്ങിന്റെ 78 ശതമാനവും കൈയാളുന്നത്. ഈ ഡിജിറ്റല്‍ ഉപഭോക്താക്കള്‍ക്ക് അതിവേഗ ഇന്റര്‍നെറ്റും തടസ്സങ്ങളില്ലാത്ത കണക്ടിവിറ്റിയും അത്യാവശ്യമാണ്. മീഡിയ സ്ട്രീമിങ് (വീഡിയോ, ഓഡിയോ), ക്വാളിറ്റിയുള്ള ഉള്ളടക്കം (4k/8k, UHD), ഓവര്‍ ദ ടോപ്പ് (OTT) മൊബൈല്‍ ഉള്ളടക്കം (നെറ്റ്ഫ്‌ളിക്‌സ്, ആമസോണ്‍ പ്രൈം...), സാമൂഹികമാധ്യമങ്ങള്‍ (വാട്സാപ്പ്, ഇന്‍സ്റ്റഗ്രാം, ഫെയ്സ്ബുക്ക്...) എന്നിവയെല്ലാം പുതുതലമുറയുടെ ജീവിതത്തിന്റെ തന്നെ ഭാഗമാണ്. ഡിജിറ്റലെന്നത് അവരുടെ ജീവിതരീതി (Lifestyle)യായി മാറിയിരിക്കുന്നു. അവര്‍ ഇന്ന് സ്മാര്‍ട്ട് ഹോമുകളില്‍ താമസിക്കാനും കണക്ടഡ് കാറുകള്‍ ഉപയോഗിക്കാനും സ്മാര്‍ട്ട് വെയറബിള്‍സ് ഫാഷന്‍ ഐക്കണായിക്കാണാനും ഇഷ്ടപ്പെടുന്നവരാണ്. ഈ യുവതലമുറയെയാണ് ഇന്ത്യയില്‍ 5ജി വിപണി ലക്ഷ്യംവെയ്ക്കുന്നതും.

2025-ഓടെ ഇന്ത്യയിലെ സോഷ്യല്‍ മീഡിയ ഉപയോക്താക്കളുടെ എണ്ണം 100 കോടിയാകുമെന്നാണ് പ്രവചനം. രാജ്യത്തെ മൊത്തം ജനസംഖ്യയുടെ 67.4 ശതമാനവും 2025-ഓടെ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നവരാകും. 2040-ഓടെ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നവരുടെ എണ്ണം ഇന്ത്യയില്‍ 150 കോടിയാകുമെന്നും അനുമാനിക്കുന്നു. ഈ കണക്കുകളെല്ലാം സൂചിപ്പിക്കുന്നത് വര്‍ധിച്ചുവരുന്ന ഇന്റര്‍നെറ്റ്, ഡേറ്റാ ആവശ്യകതയാണ്. കൂടുതല്‍ കാര്യക്ഷമതയും വേഗവുമുള്ള ഇന്റര്‍നെറ്റ് സാധ്യമാകുമെന്നതുതന്നെയാണ് 5ജിയെ ഇത്രയേറെ പ്രതീക്ഷയോടെ നോക്കിക്കാണുന്നതിന് കാരണവും.

ഇന്ത്യയിലെ വയർലൈൻ വരിക്കാർ

സേവനദാതാക്കളുടെ അടിസ്ഥാനത്തിൽ

കമ്പനിവിപണി പങ്കാളിത്തം (ശതമാനത്തിൽ)
ബി.എസ്.എൻ.എൽ28.67
റിലയൻസ് ജിയോ26.70
ഭാരതി എയർടെൽ23.66
എം.ടി.എൻ,എൽ10.50
ടാറ്റ ടെലി6.32
വോഡ ഫോണ്‍- ഐഡിയ2.32
ക്വാഡ്രന്റ്1.15
റിലയൻസ് കമ്മ്യൂണിക്കേഷൻ 0.68
പൊതുമേഖല : 39.17 %

സ്വകാര്യ മേഖല : 68.83 %

5ജി ആഗോളതലത്തില്‍

ആഗോളതലത്തിലെ LTE കൊമേഴ്സ്യല്‍ നെറ്റ്വര്‍ക്കുകളില്‍ അഞ്ചിലൊന്നും (അതായത് 66 രാജ്യങ്ങളിലെ 154 ഓപ്പറേറ്റര്‍മാര്‍) 5ജി സേവനങ്ങളുടെ അവസാനവട്ടപരീക്ഷണങ്ങളിലാണ്. കൂടാതെ നെറ്റ്വര്‍ക്ക് അധിഷ്ഠിത മൊബൈല്‍ സേവനദാതാക്കളില്‍ മൂന്നുശതമാനത്തിലധികം 2020-ഓടെതന്നെ 5ജി സേവനം ആരംഭിച്ചുകഴിഞ്ഞു. 2023-ഓടെ ലോകത്തെമ്പാടുമായി 100 കോടി 5ജി ഡിവൈസുകള്‍ ഉപയോഗത്തിലുണ്ടാകുമെന്നാണ് കണ ക്കുകൂട്ടുന്നത്. ക്വാല്‍കോം, മീഡിയാടെക്, ഹ്വാവേ (Huawei), ഇന്റല്‍, സാംസങ് തുടങ്ങിയ കമ്പനികളെല്ലാം 5ജി ചിപ്പ് സെറ്റുകള്‍ അവതരിപ്പിച്ചുകഴിഞ്ഞു. 5ജി സേവനം നല്‍കാന്‍ സാധിക്കുന്ന സ്മാര്‍ട്ട് ഫോണുകള്‍, ലാപ്ടോപ്പുകള്‍, സി.പി.ഇ.കള്‍ (Customer Premise Equipment), പോക്കറ്റ് റൂട്ടറുകള്‍ എന്നിവ വികസിപ്പിക്കാനുള്ള ശ്രമത്തിലുമാണ്. ഓഗ്മെന്റഡ് റിയാലിറ്റി/ വെര്‍ച്വല്‍ റിയാലിറ്റി 5ജിയില്‍ കൂടുതല്‍ കാര്യക്ഷമമായിരിക്കുമെന്നതിനാല്‍ അതിനുള്ള പുതിയ ഡിവൈസുകള്‍ സൃഷ്ടിച്ചെടുക്കാനുള്ള പരീക്ഷണങ്ങളും നടക്കുന്നുണ്ട്.

(മാതൃഭൂമി ജി.കെ. ആൻഡ് കറന്റ് അഫയേഴ്‌സ് മാസികയുടെ, 2022 സെപ്റ്റംബർ, ലക്കത്തിൽ പ്രസിദ്ധീകരിച്ചത്)

Content Highlights: 5g

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022

Most Commented