പ്രമുഖ ആന്റിവൈറസ് സോഫ്റ്റ്വേര്‍ നിര്‍മാതാക്കളായ റഷ്യയിലെ കാസ്പെര്‍സ്കി ലാബിന് നേരെ സൈബര്‍ ആക്രമണം.
ഇറാന്റെ ആണവപരിപാടിയെക്കുറിച്ച് പാശ്ചാത്യശക്തികളുമായി ചര്‍ച്ച നടന്ന ഇടങ്ങളില്‍ കണ്ടെത്തിയ ഒരിനം കമ്പ്യൂട്ടര്‍ വൈറസാണ് തങ്ങള്‍ക്കെതിരെ പ്രയോഗിക്കപ്പെട്ടതെന്ന് കാസ്പെര്‍സ്കി ലാബ് അധികൃതര്‍ അറിയിച്ചു.
ഇറാനും ആറ് വന്‍ശക്തിരാഷ്ട്രങ്ങളും തമ്മില്‍ അനുരഞ്ജന ചര്‍ച്ച നടന്ന യൂറോപ്പിലെ മൂന്ന് ഹോട്ടലുകളില്‍നിന്ന് ആ വൈറസിനെ കണ്ടെത്തിയിട്ടുണ്ടെന്ന് കാസ്പെര്‍സ്കി വെളിപ്പെടുത്തി.
ചാരപ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്ന 'ഡുക്യു' ( Duqu ) വൈറസിന്റെ ചില സവിശേഷതകളുള്ള വൈറസാണ് കാസ്പെര്സ്കിക്കെതിരെ പ്രയോഗിക്കപ്പെട്ടതെന്ന്, കാസ്പെര്‍സ്കിയും യു.എസ്.സുരക്ഷാകമ്പനിയായ സിമാന്റെക്കും അറിയിച്ചു.
ഇറാന്, ഇന്ത്യ, ഫ്രാന്‍സ്, യുക്രൈന് തുടങ്ങിയ രാജ്യങ്ങളില്‍ 2011 ല്‍ നടന്ന ഓണ്‍ലൈന്‍ ആക്രമണങ്ങള്‍ക്ക് ഉപയോഗിക്കപ്പെട്ട ദുഷ്ടപ്രോഗ്രാം (മാള്‍വെയര്‍) ആണ് 'ഡുക്യു'.
തങ്ങള്‍ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന പുതിയ ടെക്നോളജികളെക്കുറിച്ചുള്ള വിവരങ്ങള്‍ ചോര്‍ത്താന്‍ നടന്ന ശ്രമമായിരുന്നു സൈബര്‍ ആക്രമണത്തിന് പിന്നിലെന്ന് കാസ്പെര്‍സ്കി അധികൃതര്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു.
ഇതുവരെ അറിയപ്പെടാത്ത മൂന്ന് വിദ്യകളുപയോഗിച്ചാണ് കാസ്പെര്‍സ്കി ലാബില്‍ ആക്രമണം നടന്നത്. കടന്നുകയറ്റം തുടക്കത്തില്‍ തന്നെ കണ്ടെത്താന്‍ കഴിഞ്ഞതായി കരുതുന്നുവെന്നും കമ്പനി അറിയിച്ചു.
മുമ്പത്തെപ്പോലെ, മൈക്രോസോഫ്റ്റിന്റെ സോഫ്റ്റ്വേറിലെ പഴുതുകളുപയോഗിച്ചാണ് കാസ്പെര്‍സ്കി ലാബിനെതിരെയും ആക്രമണം നടത്തിയത്. ഇത്തവണ മൈക്രോസോഫ്റ്റ് സോഫ്റ്റ്വേര്‍ ഇന്സ്റ്റാളര് വഴിയാണ് ആക്രമണത്തിന് വഴിയൊരുങ്ങിയത്.
ആക്രമിക്കപ്പെട്ടെങ്കിലും, തങ്ങളുടെ ക്ലൈന്റുകളും പങ്കാളികളും സുരക്ഷിതരാണെന്ന് കരുതുന്നതായി കാസ്പെര്‍സ്കി ലാബ് അധികൃതര്‍ പ്രസ്താവിച്ചിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..