പുറത്തിറങ്ങി ദിവസങ്ങൾക്കുള്ളിൽ പതിനായിരക്കണക്കിനും ലക്ഷക്കണക്കിനുമായി വിറ്റഴിയുന്ന പുസ്തകങ്ങളെയാണ് പാശ്ചാത്യർ ബെസ്റ്റ്‌സെല്ലറുകൾ എന്ന് വിളിക്കുക.  
ഈ പട്ടികയിൽ കാണാൻ പ്രയാസമുള്ള വിഷയം ശാസ്ത്രമാണ്. ഐസക് ന്യൂട്ടന്റെയോ ചാൾസ് ഡാർവിന്റെയോ ആൽബർട്ട്‌ ഐൻസ്റ്റൈനിന്റെയോ കൃതികളൊന്നും ഈ പട്ടികയിൽ കാണില്ല. ഇവരുടെയൊക്കെ രചനകൾ അതത് വിഷയങ്ങളിൽ സാമാന്യം നല്ല പിടിപാടുള്ളവർക്ക് മാത്രമേ മനസ്സിലാകൂ, അതിനാൽ ‘പ്രിൻസിപ്പിയ മാത്തമാറ്റിക്ക’യും ‘ഒറിജിൻ ഓഫ് സ്പിഷീസും’ ‘ജനറൽ തിയറി ഓഫ് റിലേറ്റിവിറ്റി’യുമൊന്നും ബെസ്റ്റ്സെല്ലർ പട്ടികകളിൽ കാണാൻ സാധ്യതയുമില്ല.
ഇത്തരം ഒരു വേദിയിലേക്കാണ് സൈദ്ധാന്തിക ഭൗതികശാസ്ത്രത്തിലെ കടിച്ചാൽ പൊട്ടാത്ത വിഷയത്തെപ്പറ്റി എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം (സമയത്തിന്റെ ലഘുചരിത്രം) എന്ന പുസ്തകവുമായി സ്റ്റീഫൻ ഹോക്കിങ് 1988-ൽ പ്രത്യക്ഷപ്പെട്ടത്. ഭൗതികശാസ്ത്രത്തിലെ ഏറ്റവും തലചുറ്റലുണ്ടാക്കുന്ന വിഷയങ്ങൾ -മഹാവിസ്ഫോടനം, തമോരന്ധ്രങ്ങൾ, സമയത്തിന്റെ സ്വഭാവം- കൈകാര്യം ചെയ്യുന്ന ഈ പുസ്തകം നാട്ടുനടപ്പനുസരിച്ച് ഏതാനും ആയിരം കോപ്പികളിൽ വിൽപ്പന അവസാനിക്കേണ്ടതായിരുന്നു. പക്ഷേ, 15 വർഷം കഴിയുമ്പോഴേക്കും ബ്രീഫ് ഹിസ്റ്ററിയുടെ വിൽപ്പന ഒരു കോടി കഴിഞ്ഞിരുന്നു.

ആപേക്ഷികസിദ്ധാന്തത്തെപ്പറ്റിയും ക്വാണ്ടം ബലതന്ത്രത്തെപ്പറ്റിയും സമയസ്ഥലരാശികളുടെ വക്രീകരണത്തെപ്പറ്റിയുമൊന്നും ഒരു ചുക്കുമറിയാത്തവർപോലും ബ്രീഫ് ഹിസ്റ്ററി വായിച്ചവരിലുണ്ട്. ഇതിനെപ്പറ്റിയെല്ലാം, ആൽബർട്ട്‌ ഐൻസ്റ്റൈന് ശേഷം ലോകം കണ്ട ഏറ്റവും വലിയ തിയററ്റിക്കൽ ഫിസിസ്റ്റായ ഹോക്കിങ് ഈ കൊച്ചുപുസ്തകത്തിൽ പറഞ്ഞതെന്താണെന്ന് പൂർണമായും മനസ്സിലാക്കിയവരും കുറച്ചുപേരേ ഉണ്ടാകൂ. എന്നിട്ടും ആ പുസ്തകം ജനപ്രിയകൃതിയായി മാറി. എങ്ങനെ?
സ്റ്റീഫൻ ഹോക്കിങ്ങിന്റെ വ്യക്തിപ്രഭാവം തന്നെയായിരിക്കണം പ്രധാനകാരണം. അസുഖങ്ങൾ മൂലം ഭീകരമായ ശാരീരികവൈകല്യങ്ങളുള്ള ഒരു മനുഷ്യൻ സാധാരണമനുഷ്യന്റെ ബുദ്ധിക്കും ബോധത്തിനും അപ്രാപ്യമായത്രയും ഭീമമായ വിഷയത്തെപ്പറ്റി എഴുതുന്നു എന്ന ഒറ്റ വസ്തുത തന്നെയായിരിക്കണം കോടിക്കണക്കായ വായനക്കാരെ ആ പുസ്തകത്തിലേക്ക് വലിച്ചടുപ്പിച്ചത്. ബ്രീഫ് ഹിസ്റ്ററിയുടെ പുറംചട്ടയിൽത്തന്നെ ഹോക്കിങ്ങിന്റെ ചിത്രവുമുണ്ട്. സാധാരണയായി എഴുത്തുകാരുടെ ചിത്രങ്ങൾ ആരും പുസ്തകത്തിന്റെ പുറംചട്ടയിൽ അച്ചടിക്കാറില്ല. മറ്റൊരാകർഷണം പുസ്തകത്തിന്റെ വിചിത്രമായ ശീർഷകം തന്നെയായിരിക്കണം. സമയത്തെത്തന്നെ ചരിത്രസംബന്ധിയായ ഒരു പ്രതിഭാസമാക്കി ചിത്രീകരിക്കുകയാണ് ഗ്രന്ഥകാരൻ ചെയ്യുന്നത്.
ബ്രീഫ് ഹിസ്റ്ററിയുടെ അഭൂതപൂർവമായ വിജയം ശാസ്ത്രത്തിന് ഒരു ഗുണം ചെയ്തു. പുസ്തകശാലക്കാർക്ക് ഭൗതികശാസ്ത്രപുസ്തകങ്ങളിൽ പെട്ടെന്ന് താത്‌പര്യമുണർന്നു. സാധാരണഗതിയിൽ തിരിച്ചയയ്ക്കപ്പെടുമായിരുന്ന എത്രയോ നല്ല പുസ്തങ്ങൾ പ്രസാധകന്മാർ അച്ചടിച്ചുതുടങ്ങി. ഡാവ സോബലിന്റെ ‘ലോഞ്ജിറ്റിയൂഡ്’ (1995), ‘സൈമൺ സിങ്ങി’ന്റെ ‘ഫെർമാസ് ലാസ്റ്റ് തിയറം’ (1997), ബ്രയാൻ ഗ്രീനിന്റെ ‘ദ എലഗന്റ് യൂനിവേഴ്‌സ്’ (1999) തുടങ്ങിയവയെല്ലാം ഈ രീതിയിൽ പ്രശസ്തി പിടിച്ചുപറ്റിയ പുസ്തകങ്ങളാണ്. 2003-ൽ ബിൽ ബ്രൈസൻ എഴുതിയ എ ബ്രീഫ് ഹിസ്റ്ററി ഓഫ് നിയേർളി എവരിതിങ് പോലും പേരിന്റെ കാര്യത്തിലെങ്കിലും ഹോക്കിങ്ങിനോട് കടപ്പെട്ടിരിക്കുന്നു.
ശാസ്ത്രപുസ്തകങ്ങളിലും ശാസ്ത്രജ്ഞന്മാരിലും ജനത്തിന് താത്‌പര്യം വളരുന്നതിന്റെ ലക്ഷണമായി ശാസ്ത്രജ്ഞന്മാരെപ്പറ്റി ഹോളിവുഡ് ചിത്രങ്ങളും ഉണ്ടായിത്തുടങ്ങി. ഹോക്കിങ്ങിന്റെ തന്നെ കഥ വെള്ളിത്തിരയിൽ അവതരിപ്പിക്കുന്ന ‘ദ തിയറി ഓഫ് എവരിതിങ്’, ഗണിതശാസ്ത്രജ്ഞനായ ജോൺ നാഷിനെ പറ്റിയുള്ള ‘എ ബ്യൂട്ടിഫുൾ മൈൻഡ്’ (2001), ശ്രീനിവാസൻ രാമാനുജത്തിന്റെ കഥ പറയുന്ന ‘ദ മാൻ ഹൂ ന്യൂ ഇൻഫിനിറ്റി’ (2015), കംപ്യൂട്ടർ ശാസ്ത്രജ്ഞനായ അലൻ ടൂറിങ്ങിനെ പറ്റിയുള്ള ‘ദ ഇമിറ്റേഷൻ ഗെയിം’ (2014) എന്നിവയൊക്കെത്തന്നെ ഉദാഹരണങ്ങൾ.