ഭൗതിക ശാസ്ത്രത്തിന് പുതിയ പദസംജ്ഞയും വ്യാകരണവും സമ്മാനിച്ച  സൈദ്ധാന്തിക ഭൗതിക ശാസ്ത്രജ്ഞനായിരുന്നു സ്റ്റീഫൻ ഹോക്കിങ്. എന്നാൽ അതിനെക്കാളുമുപരി  കുട്ടികൾക്ക് വേണ്ടി ശാസ്ത്രമെഴുതിയ ശാസ്ത്രസാഹിത്യകാരൻ എന്ന നിലയിൽ അദ്ദേഹത്തെ  അറിയാനാണ്  ശാസ്ത്രവിദ്യാർഥികൾ ഇഷ്ടപ്പെടുക. 
മകൾ ലൂസിക്കൊപ്പം ചേർന്ന് അദ്ദേഹം രചിച്ച പ്രപഞ്ചത്തിലേക്കുള്ള ജോർജിന്റെ രഹസ്യ ചാവി എന്ന പുസ്തകം  മുതിർന്നവരെപ്പോലും ആകർഷിക്കും. സമയത്തിന്റെ ഹ്രസ്വചരിത്രം എന്ന ഒരു കോടി പ്രതികൾ ചെലവഴിഞ്ഞ അദ്ദേഹത്തിന്റെ രചനയെ മറന്നുകൊണ്ടല്ല ഇത് പറയുന്നത്. അദ്ദേഹത്തിന്റെ ഡോക്ടറേറ്റ് തീസിസിനെ നേച്ചർ മാസിക  വിശേഷിപ്പിച്ചത് ഭൗതികശാസ്ത്രത്തിന്റെ ചരിത്രത്തിൽ ഉണ്ടായതിൽ വച്ച് ഏറ്റവും മനോഹരമായ തീസിസ് എന്നാണ്. ഈ ഒരു മനോഹാരിത അദ്ദേഹത്തിന്റെ രചനകളിലും ശാസ്ത്രപ്രഭാഷണങ്ങളിലും നിറഞ്ഞുനിന്നു. 
 ശാസ്ത്രലോകത്തിന്റെ കാഴ്ചപ്പാടുകൾ അദ്ദേഹം മാറ്റിമറിച്ചു. അടുത്തയിടെ നടത്തിയ പ്രവചനസ്വഭാവമുള്ള അദ്ദേഹത്തിന്റെ വാക്കുകൾ സമൂഹജീവിയെന്ന നിലയ്ക്ക് മനുഷ്യൻ ഏറെ പ്രാധാന്യം നല്കേണ്ടതാണെന്ന് കരുതുന്നു. ഇന്നത്തെ കണക്കിൽ ഉപഭോഗം നടക്കുകയാണെങ്കിൽ  അടുത്ത നൂറ് വർഷങ്ങൾക്കുള്ളിൽ ഈ ഭൂമിയുടെ വിഭവങ്ങൾ അസ്തമിക്കുമെന്നും മനുഷ്യവാസം ഇവിടെ സാധ്യമാവില്ലെന്നും അദ്ദേഹം മുന്നറിയിപ്പുനല്കി.  

2001-ൽ  മുംബൈയിലെത്തിയപ്പോഴാണ് ഹോക്കിങ്ങിനെ നേരിൽ കാണാൻ അവസരം ലഭിക്കുന്നത്. ഷൺമുഖാനന്ദാ ഹാളിൽ അദ്ദേഹം കംപ്യൂട്ടറിന്റെ സഹായത്തോടെ പ്രഭാഷണം നടത്തി. മുപ്പത് വയസ്സിൽ സംസാരശേഷിയില്ലാതായതോടെ യന്ത്രമനുഷ്യന്റെ സ്വരത്തിൽ അദ്ദേഹത്തിന്റെ ചിന്തകൾ വാക്കുകളായി. അന്ന് രാത്രി താജ് ഹോട്ടലിൽ ബ്രിട്ടീഷ് കൗൺസിലിന്റെ നേതൃത്വത്തിൽ അദ്ദേഹത്തിന് സ്വീകരണം നല്കിയിരുന്നു. അതിൽ പങ്കെടുത്തപ്പോഴാണ് അദ്ദേഹത്തെ നേരിട്ട് കണ്ടത്. അന്ന് ഒരു പ്രഗല്‌ഭ പത്രപ്രവർത്തക എന്നോട് ചോദിച്ചത് ഹോക്കിങ്ങിനെ ഒറ്റവാചകത്തിൽ നിർവചിക്കാനാവുമോ എന്നാണ്. 'ഹി ഡിറൈവ്ഡ് ദ ക്വാണ്ടം ഗ്രാവിറ്റി ഇന്റഗ്രൽ ഫോർ ദ ടോട്ടൽ യൂണിവേഴ്സ്' എന്ന മറുപടിയാണ് അന്ന് പറഞ്ഞത്. ശാസ്ത്രവിദ്യാർഥികൾ മനഃപാഠമാക്കിവയ്ക്കുന്ന ഈ നിർവചനം മതിയാവുമോ സ്വന്തം പരിമിതികൾ മറികടന്ന, ശാസ്ത്രലോകത്തെ പ്രചോദിപ്പിച്ച, ഈ മഹാനെ നിർവചിക്കാൻ എന്ന് പിന്നീട് ‍ഞാൻ സംശയിച്ചു.    

 (മുംബൈ, നാഷണൽ സെന്റർ ഫോർ സയൻസ് കമ്യൂണിക്കേറ്റേഴ്സിന്റെ വൈസ് ചെയർമാനാണ് ലേഖകൻ)