മരണത്തിന്റെ നിഴലിലാണെന്നറിഞ്ഞപ്പോഴാണ് സ്റ്റീഫൻ ഹോക്കിങ് ജീവിക്കാൻ തീരുമാനിച്ചത്. വെറുതെ ജീവിക്കാനല്ല, ജീവിതത്തിന്റെ അർഥം കണ്ടുപിടിക്കാൻ. രോഗത്തോടും മരണത്തോടും നിരന്തരം പോരാടിക്കൊണ്ടുള്ള ജീവിതത്തിനിടെ അദ്ദേഹം മഹാപ്രപഞ്ചത്തിന്റെ രഹസ്യങ്ങൾ കഥ പറയുംപോലെ ലോകത്തിനു മുന്നിൽ വെളിപ്പെടുത്തി. ചക്രക്കസേരയിൽ അനക്കമില്ലാതെ കിടക്കുമ്പോഴും ചിന്തയുടെ വേഗംകൊണ്ട് ഗോളാന്തരങ്ങളിൽ സഞ്ചരിച്ചു. ഗഹനമായ നിരീക്ഷണങ്ങളിലൂടെ, ജനപ്രിയ ഗ്രന്ഥങ്ങളിലൂടെ, അതുല്യമായ മേധാശക്തിയിലൂടെ, പ്രപഞ്ചശാസ്ത്രത്തിലെ വെട്ടിത്തിളങ്ങുന്ന നക്ഷത്രമായി. തല അല്പം ചെരിച്ച് ചക്രക്കസേരയിൽ വളഞ്ഞുകൂടിയിരിക്കുന്ന ആ രൂപം മനുഷ്യന്റെ നിശ്ചയദാർഢ്യത്തിന്റെ ഉജ്ജ്വല പ്രതീകമായി മാറി. 
കോടാനുകോടി ആകാശ ഗോളങ്ങളുടെ കൂട്ടത്തിലെ ഒരു സാധാരണ നക്ഷത്രത്തെ ചുറ്റുന്ന ചെറുഗ്രഹത്തിലെ അല്പം പുരോഗമിച്ച ജന്തുക്കൾ മാത്രമായ മനുഷ്യർ മറ്റു ജീവികളിൽ നിന്ന് വ്യത്യസ്തരാവുന്നത് അവർക്ക് ഈ പ്രപഞ്ചത്തെ മനസ്സിലാക്കാൻ കഴിയും എന്നതുകൊണ്ടാണെന്ന് സ്റ്റീഫൻ ഹോക്കിങ് പറഞ്ഞു. പ്രപഞ്ചത്തെ 
പൂർണമായി മനസ്സിലാക്കാനും എങ്ങനെയാണത് ഉണ്ടായതെന്നും എന്തുകൊണ്ടിത് ഇങ്ങനെ നിലനിൽക്കുന്നുവെന്നും മനസ്സിലാക്കാനുള്ള ശ്രമമായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. ഈ അന്വേഷണത്തിന്റെ ഭാഗമായി ആ ശാസ്ത്രജ്ഞൻ രചിച്ച പുസ്തകങ്ങൾ ലോകമെങ്ങും ലക്ഷക്കണക്കിന് വിറ്റഴിഞ്ഞു. അപ്പോഴും ഏറ്റവും കുറച്ച് വായിക്കപ്പെട്ട, ഏറ്റവും കുറച്ച് മനസ്സിലാക്കപ്പെട്ട കൃതികളായി അവ തുടർന്നു. എന്നിട്ടും, ചിന്തയുടെ തിളക്കംകൊണ്ട് നമ്മുടെ കാലത്തെ ഏറ്റവും പ്രശസ്തനായ ശാസ്ത്രകാരനായി അദ്ദേഹം വിശേഷിപ്പിക്കപ്പെട്ടു.
പ്രപഞ്ചമെന്ന മഹാസമസ്യയുടെ ഉത്തരം തേടിയുള്ള അന്വേഷണങ്ങളാണ് ശാസ്ത്രഗവേഷണങ്ങളോരോന്നും. നൂറ്റാണ്ടുകൾക്കു മുമ്പ് ആർക്കിമിഡീസും ഗലീലിയോയും ന്യൂട്ടനുമെല്ലാം പറഞ്ഞ കാര്യങ്ങൾ നമുക്ക് എളുപ്പം മനസ്സിലാവും. കാരണം, ചിരപരിചിതമായ വസ്തുക്കൾ ചൂണ്ടിക്കാണിച്ചും കൺമുന്നിലുള്ള പ്രതിഭാസങ്ങൾ വിശദീകരിക്കാൻ വേണ്ടിയുമാണ് അവർ ശാസ്ത്ര തത്ത്വങ്ങൾ ആവിഷ്കരിച്ചത്. പിൽക്കാലത്ത് പരമാണുവിന്റെ ഉള്ളറകളിലെ സൂക്ഷ്മപ്രപഞ്ചത്തിലേക്കും അതി വിദൂരതയിലുള്ള ആകാശഗോളങ്ങളിലേക്കും മനുഷ്യൻ കണ്ണോടിക്കാൻ തുടങ്ങിയതോടെ അവിടെ കണ്ടറിഞ്ഞ കാര്യങ്ങൾ വിശദീകരിക്കാൻ ദുർഗ്രഹമായ സിദ്ധാന്തങ്ങൾ ആവിഷ്കരിക്കേണ്ടിവന്നു. ആൽബർട്ട് ഐൻസ്റ്റൈന്റെ സാമാന്യാപേക്ഷികതാ സിദ്ധാന്തത്തോടെ തുടങ്ങിയ ഈ ചിന്താപദ്ധതികളുടെ തുടർച്ചയായിരുന്നു ഹോക്കിങ്ങിന്റെ ദർശനങ്ങൾ.


കത്തിത്തീർന്ന ഭീമൻ നക്ഷത്രങ്ങൾ അതിഭീമമായ ഗുരുത്വാകർഷണത്തിന് വിധേയമായി അമർന്നു ചുരുങ്ങി രൂപപ്പെടുന്ന തമോഗർത്തങ്ങളെപ്പറ്റി ഏറ്റവുമധികം വിവരങ്ങൾ നൽകിയത് സ്റ്റീഫൻ ഹോക്കിങ്ങാണ്. പ്രപഞ്ചോത്‌പത്തിക്കു കാരണമായതെന്നു കരുതുന്ന മഹാവിസ്ഫോടനത്തെ ഏറ്റവും നന്നായി വിശദീകരിച്ചതും അദ്ദേഹമാണ്. സ്വന്തം നിഗമനങ്ങൾ പരിഷ്കരിച്ചും തിരുത്തിയും മുന്നേറിയ ഹോക്കിങ്ങിന് പ്രപഞ്ച പഠനത്തെ തികച്ചും ഭിന്നമെന്നു തോന്നിയിരുന്ന മറ്റ് ഭൗതികശാസ്ത്ര ശാഖകളുമായി ബന്ധപ്പെടുത്താൻ കഴിഞ്ഞു. ശാസ്ത്രചിന്തയ്ക്കൊപ്പം മാനവിക ദർശനം ഉയർത്തിപ്പിടിച്ച ഹോക്കിങ് വിയറ്റ്‌നാം യുദ്ധകാലത്ത് അമേരിക്കക്കെതിരെ നടന്ന പ്രകടനത്തിൽ  ഊന്നുവടിയുടെ സഹായത്തോടെ പങ്കെടുത്തിട്ടുണ്ട്. ഇറാഖിലെ യു.എസ്. അധിനിവേശത്തിനെതിരെയും പലസ്തീനിലെ ഇസ്രായേലിന്റെ ക്രൂരതകൾക്കെതിരെയും പ്രതികരിച്ചിട്ടുണ്ട്. മുതലാളിത്തത്തിന്റെ രീതികളെ നിശിതമായി വിമർശിച്ചിട്ടുണ്ട്.
പ്രപഞ്ചരഹസ്യം തേടിയുള്ള അന്വേഷണങ്ങൾ പോയിപ്പോയി കണ്ടെത്താനോ മനസ്സിലാക്കാനോ കഴിയാത്ത കാര്യങ്ങളിലെത്തുമ്പോൾ ഈശ്വരനിൽ അർപ്പിക്കുക എന്നതായിരുന്നു പഴയ രീതി. എന്നാൽ പ്രപഞ്ചത്തിന്റെ സൃഷ്ടിയിലും പരിപാലനത്തിലും ദൈവത്തിന് ഒരു പങ്കുമില്ലെന്ന് ഹോക്കിങ് അസന്ദിഗ്ധമായി പ്രഖ്യാപിച്ചു. ഇരുട്ടിനെ പേടിക്കുന്നവർ ചമച്ച കെട്ടുകഥ മാത്രമാണ് മരണാനന്തര ജീവിതമെന്ന് ഓരോ നിമിഷവും മരണത്തെ മുന്നിൽക്കണ്ടുകൊണ്ടു ജീവിച്ച ആ പ്രതിഭ വ്യക്തമാക്കി. ശാസ്ത്രത്തിലായാലും തത്ത്വചിന്തയിലാണെങ്കിലും പ്രപഞ്ചരഹസ്യങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങൾ മിക്കതും ഒന്നു തന്നെയാണ്. മതങ്ങൾ പഴയ ഉത്തരങ്ങളിൽത്തന്നെ കടിച്ചുതൂങ്ങും. ശാസ്ത്രമാകട്ടെ, ഉത്തരങ്ങൾ പുതുക്കാനുള്ള അന്വേഷണങ്ങൾ തുടരും. സ്റ്റീഫൻ ഹോക്കിങ് എന്ന നക്ഷത്രം ആ അന്വേഷണപാതയിൽ ഇനിയും വെളിച്ചം വിതറിക്കൊണ്ടേയിരിക്കും.