എല്ലാ അർഥത്തിലും സമാനതകളില്ലാത്ത ഒരു അദ്‌ഭുതപ്രതിഭാസമാണ് വിടവാങ്ങിയത്. ഹോക്കിങ്ങിന്റെ ജീവിതത്തിൽ വിധി ഒരു കരംകൊണ്ട്‌ ബുദ്ധിയെ തലോടിയപ്പോൾ മറുകരംകൊണ്ട് ശരീരത്തെ നോവിക്കുകയായിരുന്നെന്ന്‌ വേണമെങ്കിൽ പറയാം. ഐസക് ന്യൂട്ടനെപ്പോലെ, ആൽബർട്ട് ഐൻസ്റ്റൈനെപ്പോലെ യുഗയുഗാന്തരങ്ങൾ ലോകചരിത്രത്തിൽ സുവർണലിപികളിൽ എഴുതപ്പെട്ട നാമങ്ങളിൽ ഒന്നായി ഭവിക്കുന്ന ഹോക്കിങ്ങിന്റെ നിര്യാണം ഭൗതികശാസ്ത്രത്തിന്റെ ഭാഷയിൽ പറഞ്ഞാൽ ഒരു സംഭവം (event) ആണ്. ദർശനങ്ങളിലെന്നപോലെ ഇപ്പോൾ ഭൗതികശാസ്ത്രത്തിലും മരണം ഒരു യാഥാർഥ്യമല്ലല്ലോ; വെറും സങ്കല്പം.

യുക്തിയുടെ ലാളിത്യം
സ്റ്റീഫൻ ഹോക്കിങ്ങിനെ മറ്റു സമകാലീന ശാസ്ത്രജ്ഞന്മാരിൽനിന്ന്‌ വ്യത്യസ്തനാക്കുന്നത് തന്റെ യുക്തിസഹമായ കാഴ്ചപ്പാടും പിഴവുകൾ ഏറ്റുപറയാനുള്ള മഹാമനസ്കതയുമാണ്. ബാലശാസ്ത്രസാഹിത്യ രംഗത്തുപോലും സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ച ഈ മഹാപ്രതിഭയുടെ ആഖ്യാനശൈലി ലളിതവും അതേസമയം, അർഥസമ്പുഷ്ടവുമാണ്. സാധാരണ സംഭവങ്ങളെപ്പോലും ഉദാഹരണങ്ങളായി സ്വീകരിച്ച്‌ അതിദുർഘടങ്ങളായ ശാസ്ത്രപാഠങ്ങളെ അവതരിപ്പിക്കുന്നതിലെ അനിതരസാധാരണമായ നൈപുണ്യം ശാസ്ത്രജ്ഞന്മാരെപ്പോലും അതിശയിപ്പിക്കുന്നു.
സ്റ്റീഫൻ ഹോക്കിങ്ങിനെ ഏറ്റവുമധികം വിവാദപുരുഷനാക്കുന്നത് പ്രപഞ്ചസൃഷ്ടിയിൽ ഒരു സ്രഷ്ടാവിന്റെ (ദൈവത്തിന്റെ) ആവശ്യകതയിലൂന്നിയാണ്. ഹോക്കിങ്ങിന്റെ പല ഗ്രന്ഥങ്ങളിലും ഈ ആവശ്യകതയെ നിഴലിൽ നിർത്തുന്നു.
പ്രപഞ്ചം ഏകബിന്ദുവിൽനിന്നാണ് ആരംഭിച്ചതെന്ന വാദം (Big Bang Theory) അംഗീകരിക്കുമ്പോൾത്തന്നെ വിസ്ഫോടനത്തിന് ഒരുകാരണം വേണമെന്നകാര്യം അദ്ദേഹം നിരാകരിക്കുന്നു. അതിന്, എതിർദിശയിലെ രണ്ടു തുല്യബലങ്ങൾ (ദ്രവ്യംകൊണ്ടും ഗുരുത്വാകർഷണംകൊണ്ടും) നിലനിൽക്കുന്നതുകൊണ്ട് സ്വയംകൃതമായി സംഭവിച്ചുകൊള്ളും. അതായത് ഭാരതീയദർശനത്തിലെ ആദിയിലും ഇപ്പോഴും എക്കാലത്തും പ്രപഞ്ചത്തിലെ ആകെ ദ്രവ്യോർജങ്ങളുടെ അളവ് ശൂന്യമായിരിക്കുമെന്ന വാദം അംഗീകരിക്കെ, സന്തുലിതാവസ്ഥയെ തകർത്ത് പ്രപഞ്ചസൃഷ്ടി നടത്തുന്നതിന് ഒരു ബാഹ്യശക്തി (പ്രേരണ) അഥവാ ദൈവത്തിന്റെ ആവശ്യകതയെ നിരാകരിക്കുകയാണ്. നിർഭാഗ്യവശാൽ സ്റ്റീഫൻ ഹോക്കിങ്ങിന്റെ പ്രപഞ്ചസൃഷ്ടിവാദങ്ങളിലെങ്ങും ഭാരതീയദർശനത്തിലെ വാദഗതി സൂചിപ്പിച്ചു കാണുന്നില്ല (ആധുനിക ഭൗതികശാസ്ത്രം അംഗീകരിക്കുന്നുവെങ്കിലും).

കാലസങ്കല്പത്തിന്  ഒരു ദിശാബോധം
സ്റ്റീഫൻ ഹോക്കിങ്ങിന്റെ ഏറ്റവും മഹത്തായ സംഭാവന കാലസങ്കല്പത്തിൽ ആധുനിക ഭൗതികശാസ്ത്രത്തിന് ഒരു പുതിയ ദിശാബോധം നൽകി എന്നതാണ്. ആദ്യമൊക്കെ കാലവും സ്ഥലവും (space and time), ദ്രവ്യവും ഊർജവും (mass and energy) എല്ലാം ഒന്നിച്ച് ഒരു ബിന്ദുവിൽ അടങ്ങിയിരുന്നു എന്നായിരുന്നു സങ്കല്പം. അതുകൊണ്ട് കാലത്തിന്റെ തുടക്കം എപ്പോഴായിരുന്നു എന്നു ചോദിച്ചാൽ പ്രപഞ്ചോത്പത്തിക്കൊപ്പം, അതായിരുന്നു ഉത്തരം. നമ്മുടേതു മാത്രമല്ല ഈ ബ്രഹ്മാണ്ഡകടാഹത്തിലെ ഒരേയൊരു പ്രപഞ്ചമെന്ന് ഇതുപോലെ ഇതിൽ വലുതും ചെറുതുമായി കോടാനുകോടി പ്രപഞ്ചങ്ങൾ വേറെയുണ്ടെന്നും കണ്ടെത്തിയതോടെ കാലത്തിന്റെ തുടക്കം നമ്മുടെ പ്രപഞ്ചത്തിന്റെ തുടക്കത്തിലാണെന്ന വാദം നിലനിൽക്കാത്തതായി. അനേക പ്രപഞ്ച(multiverse)സങ്കല്പം ഹോക്കിങ്ങും സ്വീകരിക്കുന്നതാണ്. ആധുനികശാസ്ത്രം ഇപ്പോൾ ഏറക്കുറെ പ്രപഞ്ചം തുടക്കവും ഒടുക്കവും ഇല്ലാതെ എല്ലാക്കാലത്തും നിലനിൽക്കുന്നു (eternal) എന്ന ദാർശനികവാദത്തോട്‌ ചേർന്നുനിൽക്കുന്നു.

ഏക നിയമ സ്വപ്നം
എല്ലാറ്റിനും ചേർന്ന നിയമം (Theory of Everything-TOE) എപ്പോഴെങ്കിലും ഉണ്ടാകുമെന്ന് ഹോക്കിങ്‌ വിശ്വസിച്ചിരുന്നു. അദ്ദേഹത്തിന്റെ ഒരു വലിയ സ്വപ്നമായിരുന്നു അത്. കാരണം, പ്രപഞ്ച പ്രതിഭാസങ്ങളെല്ലാം നിയമത്തിനു വിധേയമായിമാത്രം പ്രവർത്തിക്കുന്നുവെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു. അക്കാര്യത്തിൽ അല്പം വിട്ടുവീഴ്ചപോലും ദൈവസങ്കല്പക്കാർക്ക് അദ്ദേഹം നൽകിയിരുന്നു. അതായത്, എല്ലാറ്റിനും ചേർന്ന നിയമം ദൈവം നിർദേശിച്ച നിയമങ്ങളായാലും മതിയെന്ന സമ്മതം. കണികാഭൗതികത്തിലെ പ്രാമാണിക മാതൃക(standard model)യും പൊതു ആപേക്ഷികതാ സിദ്ധാന്തം (General Theory of Relativity) അഥവാ ഗുരുത്വാകർഷണസിദ്ധാന്തവും അടുത്തകാലത്തൊന്നും പൊരുത്തപ്പെടാനാകാതെ നിലനിൽക്കുന്നതുകൊണ്ട് എല്ലാറ്റിനും ചേർന്ന നിയമം ഒരു സ്വപ്നംമാത്രമായി അവശേഷിക്കുന്നു.
ഏതാനും വർഷങ്ങൾക്കുമുൻപ്‌ സ്റ്റീഫൻ ഹോക്കിങ്‌ ഡൽഹിയിൽ‍വെച്ച് നടത്തിയ ഒരു പ്രസ്താവനയിൽ പറഞ്ഞു: ‘‘അടുത്ത 20 വർഷം കഴിയുമ്പോൾ ഭൗതികശാസ്ത്രത്തിന്റെ പ്രസക്തി എന്നന്നേക്കുമായി ഇല്ലാതെയാകും.’’ അദ്ദേഹം അങ്ങനെ പറഞ്ഞതിന് ഒരു കാരണമുണ്ട്. ശാസ്ത്രത്തിനും എത്തിപ്പിടിക്കാനാകാത്ത പ്രപഞ്ചരഹസ്യങ്ങൾ എണ്ണമറ്റനിലയിൽ ഇപ്പോഴും നിലനിൽക്കുന്നു. ഉത്തരമില്ലാത്ത ചോദ്യങ്ങളും അതുപോലെത്തന്നെ. എങ്കിലും ജനീവയിൽ നടന്ന LHC (Large Hadron Collider) പരീക്ഷണം പുതിയ പ്രതീക്ഷകൾക്ക് വഴിനൽകുന്നു. പക്ഷേ, ക്വാണ്ടം ഭൗതികം ഉയർത്തുന്ന, മനുഷ്യപ്രജ്ഞയുടെയും നിരീക്ഷണ ഉപകരണങ്ങളുടെയും പരിമിതികളെക്കുറിച്ചുള്ള ആശങ്ക ശാസ്ത്രലോകത്തിന് മറച്ചുവയ്ക്കാനാകില്ല.
മുകളിൽ പറഞ്ഞതരം ചോദ്യങ്ങൾക്ക് ഉത്തരങ്ങൾ കണ്ടെത്താനുള്ള ശാസ്ത്രജ്ഞന്മാരുടെ ജിജ്ഞാസയെ വളർത്തുന്നതിൽ സ്റ്റീഫൻ ഹോക്കിങ്‌ വഹിച്ച പങ്ക് ഒരു കാലത്തും വിസ്മരിക്കപ്പെടുകയില്ല. 

(കാലിക്കറ്റ്  സർവകലാശാല  വൈസ്ചാൻസലറായിരുന്ന ലേഖകൻ, പ്രപഞ്ച വൈജ്ഞാനിക ഗവേഷകനും  നിരവധി  ശാസ്ത്ര ഗ്രന്ഥങ്ങളുടെ കർത്താവുമാണ്)