കഴിഞ്ഞ ഓഗസ്റ്റിലാണ് സ്റ്റീഫൻ ഹോക്കിങ്ങിനെ കാണാൻ അവസരമുണ്ടായത്. 1998 മുതൽ അദ്ദേഹവുമായി സംവദിച്ചിരുന്നു. ‘പ്രപഞ്ചം ഇന്നലെ, ഇന്ന്‌, നാളെ’ എന്ന എന്റെ കൃതിക്ക് ഒരു കുറിപ്പു നല്കാമോ എന്ന ആവശ്യവുമായാണ് അക്കാലത്ത് അദ്ദേഹത്തെ സമീപിച്ചത്. ഒരാഴ്ചയ്ക്കുള്ളിൽ ‘മൈ ബ്രീഫ് ഹിസ്റ്ററി’ എന്ന ഒരു ജീവചരിത്ര കുറിപ്പ് അയച്ചുകിട്ടി. ഇതിലെല്ലാമുണ്ട്, വേണമെങ്കിൽ ഉപയോഗിക്കാം എന്ന കത്തും. അതിന്റെ പരിഭാഷ  വളരെ പ്രാധാന്യത്തോടെ തന്നെ  മലയാളത്തിൽ പ്രസിദ്ധീകരിച്ചു. പീന്നീട് അദ്ദേഹത്തിന്റെ ‘ദി യൂനിവേഴ്‌സ് ഇൻ എ നട്ട്‌ഷെൽ’ എന്ന കൃതി പുറത്തിറങ്ങിയപ്പോൾ അതു പരിഭാഷപ്പെടുത്താൻ അനുമതിനല്കി. ‘പ്രപഞ്ചം ചുരുങ്ങിയ വാക്കുകളിൽ’ എന്ന പേരിലത് പുറത്തുവന്നു. ഹോക്കിങ്ങിന്റെ മിക്ക ആശയങ്ങളും മലയാളത്തിൽ പരിചയപ്പെടുത്താൻ അവസരം ലഭിച്ചിരുന്നു. 

ആ കണ്ടുമുട്ടൽ 
കേംബ്രിജിലെ ഓഫീസിലെത്തിയപ്പോൾ ഹോക്കിങ് എത്തിയിരുന്നില്ല. അല്പനേരം റിസപ്ഷനിലെ കഫറ്റേരിയയിൽ കാത്തിരുന്നതിനുശേഷം ചില്ലുവാതിലുകൾ കടന്ന് മുകളിലത്തെ നിലയിലെത്തി. അവിടെ അധികം വലുപ്പമില്ലാത്ത ഒരു മുറിയിൽ തന്റെ അത്യാധുനിക സജ്ജീകരണങ്ങളുള്ള വീൽച്ചെയറിൽ ഹോക്കിങ് ഇരിക്കുന്നു. മുൻപിൽ വലിയൊരു മോണിറ്ററുണ്ട്. ജനീവയിലെ സേൺ പരീക്ഷണശാലയിലെ സന്ദർശനവേളയിൽ ന്യൂമോണിയ ബാധിച്ച് സംസാരശേഷി പൂർണമായും നഷ്ടപ്പെട്ടതിനാൽ  ഇന്റെൽ തയ്യാറാക്കിയ സ്പീച്ച് സിന്തസൈസറിലൂടെയാണ് സംസാരി ച്ചിരുന്നത്. മുൻപിലുള്ള മോണിറ്ററിൽനിന്ന്‌ വാക്കുകൾ തിരഞ്ഞെടുത്താണ് ഇതു സാധ്യമാകുന്നത്. ആദ്യം വിരലുകൾ മാത്രം കുറേശ്ശെ ചലിപ്പിക്കുമായിരുന്നു. എന്നാൽ, ആ കഴിവും നഷ്ടപ്പെട്ടതിനുശേഷം കവിളിലെ പേശികൾ അനക്കിയാണ് വാക്കുകൾ തിരഞ്ഞെടുക്കുന്നത്. ഏറ്റവും പ്രശസ്തമായ പ്രബന്ധങ്ങളും ജനപ്രിയ പുസ്തകങ്ങളും രചിച്ചത് ഇപ്രകാരം തന്നെ. ഒരു വാക്യം പൂർത്തിയാക്കാൻ ഏകദേശം ഇരുപതു മിനിറ്റു സമയമെടുക്കുമായിരുന്നു. ഇരുപത്തിയൊന്നാം വയസ്സിൽ അമയോ ട്രോപ്പിക് ലാറ്ററൽ സ്‌ക്ലീറോസിസ് എന്ന രോഗം ബാധിച്ച് ജീവിക്കാൻ ഇനി വെറും രണ്ടുവർഷം മാത്രം എന്ന യാഥാർഥ്യത്തിനുമുന്നിൽ പകച്ചുപോകാതെ ധീരമായി ആ അവസ്ഥയെ നേരിട്ട് ഉന്നതസ്ഥാനത്തെത്തി. ജേൻ വൈൽഡ് എന്ന പെൺകുട്ടിയെ പരിചയപ്പെട്ടത് ഒരു വഴിത്തിരിവായി. എവിടെ ജീവിതമുണ്ടോ അവിടെ പ്രതീക്ഷയുണ്ട് എന്ന്‌ ഹോക്കിങ് എപ്പോഴും പറഞ്ഞിരുന്നു.
പ്രശസ്തമായ രൂപം നേരിൽ കണ്ടതിന്റെ ആഘാതത്തിൽ എന്റെ കൈകാലുകൾ വിറച്ചു. സമനില വീണ്ടെടുക്കാൻ അല്പം സമയമെടുത്തു. മഹാശാസ്ത്രജ്ഞാണ് മുന്നിൽ. ലോകം ആരാധിക്കുന്ന മനുഷ്യൻ. അദ്ദേഹമൊരു അമാനുഷികനെന്നാണ് തോന്നിയത്. ഹോക്കിങ്ങിന്റെ സമീപത്ത് സജ്ജീകരിച്ചിരുന്ന കസേരയിൽ ഞാനിരുന്നു. ധൈര്യം സംഭരിച്ച് ഞാൻ കരുതിവെച്ചിരുന്ന കാര്യങ്ങൾ അദ്ദേഹത്തെ ധരിപ്പിച്ചു. കേൾവിശക്തി കുറവായതിനാൽ അദ്ദേഹത്തോട് ഉറക്കെ സംസാരിക്കണം. മറുപടിയായി അതെ അല്ലെങ്കിൽ അല്ല എന്ന് കവിളിലെ പേശികൾ ചലിപ്പിക്കും. ‘‘ഹലോ, ഗുഡ്‌മോണിങ്’’ എന്ന്‌ ഹോക്കിങ്ങിന്റെ പ്രശസ്തമായ സ്വരം  സ്പീക്കറിലൂടെ കേട്ടു. ശിരസ്സു പതിയെ ചെരിച്ച് ചെറുതായി പുഞ്ചിരിച്ചു. സന്ദർശകരോട് സംവദിക്കുന്നത് ആൻതിയ ബെയ്ൻ എന്ന സെക്രട്ടറിയുടെ സഹായത്തോടെയാണ്. രണ്ടു നഴ്‌സുമാർ എപ്പോഴും പരിചരിക്കാനായി കൂടെയുണ്ടാകും. കേരളത്തിന്റെ സ്നേഹോപഹാരമായി കൊണ്ടുപോയ പൊന്നാട പുതപ്പിച്ചതും കസവുമുണ്ട് അദ്ദേഹത്തെ അണിയിച്ചതും സന്തതസഹചാരിയായ നിക്കിയുടെ സഹായത്തോടെയാണ്. കേരളത്തിന്റെ മനോഹാരിതയെക്കുറിച്ചും ശാസ്ത്രത്തിലുള്ള താത്പര്യത്തെക്കുറിച്ചും വിശദീകരിച്ചു. അദ്ദേഹത്തിനു സമ്മാനിച്ച ആറന്മുള കണ്ണാടി നഴ്‌സിന്റെ സഹായത്തോടെ സൂക്ഷ്മമായി നിരീക്ഷിച്ചു. അതിനൊപ്പം നല്കിയ, കൊച്ചി വിമാനത്താവളത്തിൽനിന്നും ധൃതിയിൽ  വാങ്ങിയ ‘ഡോ. എസ്. രാധാകൃഷ്ണന്റെ ഭഗവദ്ഗീത വ്യാഖ്യാനവും’ ‘അൺസീൻ കേരള’ എന്ന സചിത്രപുസ്തകവും  അതി താത്പര്യത്തോടെ പരിശോധിച്ചു എന്ന്‌ പിന്നീടറിയാൻ കഴിഞ്ഞു. 

പ്രപഞ്ചത്തിന്റെ   അവസ്ഥകളെക്കുറിച്ച്
പ്രപഞ്ചത്തിന്റെ രീതികൾ എന്ന ശാസ്ത്രലേഖനത്തിന്റെ സംഗ്രഹം അദ്ദേഹത്തെ കേൾപ്പിച്ചിരുന്നു. അതിൽ പ്രപഞ്ചത്തിന് ഒരു തുടക്കവും ഒടുക്കവും എന്ന ശാഠ്യത്തിനുപകരം പ്രപഞ്ചത്തിന്റെ ആരംഭം ഒരു അവസ്ഥാമാറ്റമല്ലേ എന്ന ചോദ്യം ചർച്ച ചെയ്തിരുന്നു. വളരെ താത്പര്യത്തോടെ അദ്ദേഹം അതു കേട്ടു. തുടർന്ന് അദ്ദേഹത്തിന്റെ ഒരു പ്രസ്താവം ലോകമറിഞ്ഞു. സ്ഥലവും കാലവും തുടങ്ങിയത് പ്രപഞ്ചത്തിന്റെ തുടക്കത്തിലാണ്. അതിനുമുൻപ് എന്ന ചോദ്യത്തിനർഥമില്ല. കാരണം സമയം തുടങ്ങിയതുതന്നെ പ്രപഞ്ചത്തോടൊപ്പമാണ്. സമയത്തിന് പ്രപഞ്ചത്തിൽനിന്ന്‌ വേറിട്ടൊരു നിലനിൽപ്പില്ല. പ്രപഞ്ചം പരിണമിക്കുന്നത് സമയത്തിലല്ല. ഈ രീതിയിൽ അദ്ദേഹത്തോട് സംവദിക്കാനും അദ്ദേഹത്തിന്റെ മറുപടി ഒരു പ്രസ്താവമായി ലോകമറിഞ്ഞതും അഭിമാനത്തോടെ പങ്കു
വയ്ക്കുന്നു. 
ഇതുവരെ പ്രസിദ്ധീകരിക്കാത്ത ആശയങ്ങൾ പുതുതലമുറയിലെ ഗവേഷകർക്കായി ലഭ്യമാക്കണം എന്ന്‌ അദ്ദേഹത്തോട് അഭ്യർഥിച്ചിരുന്നു. രണ്ടാഴ്ച കഴിഞ്ഞപ്പോൾ അദ്ദേഹത്തിന്റെ ആദ്യത്തെ ഗവേഷണപ്രബന്ധം സൗജന്യമായി കേംബ്രിജിന്റെ വെബ്‌സൈറ്റിൽ ലഭ്യമായി. ഇതിനു നന്ദി അറിയിച്ചു കൊണ്ടയച്ച ഇ-മെയിൽ സന്ദേശത്തിൽ പ്രപഞ്ചത്തിന്റെ ആദ്യാവസ്ഥകളെക്കുറിച്ചുള്ള ആശയമാണ് ഇതിന്റെ കാതൽ എന്ന എന്റെ പ്രസ്താവം അതേദിവസം തന്നെ ഹോക്കിങ്ങിന്റെ ഓഫീസ് പ്രാധാന്യത്തോടെ ബി.ബി.സി.ക്കു നല്കുകയും അങ്ങനെ ലോകമറിയും ചെയ്തു.
നക്ഷത്രങ്ങളുടെ അന്ത്യാവസ്ഥയായ ബ്ലാക്ക്‌ഹോളുകളുടെ സവിശേഷതകളെക്കുറിച്ചുള്ള ആശയങ്ങളും ബ്ലാക്ക്‌ഹോളുകളിൽ നിന്നുള്ള ഹോക്കിങ് വികിരണവും സ്ഥിരീകരിച്ചാൽ തനിക്കു നൊബേൽ സമ്മാനം ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ, ആ അംഗീകാരത്തിനും എത്രയോ മുകളിലാണ് അദ്ദേഹത്തിന്റെസ്ഥാനം. ആദ്യം പരിചയപ്പെട്ട വേളയിൽ ദൈവത്തിന്റെ സ്വന്തം നാടുകാണാൻ എത്തണം എന്നദ്ദേഹത്തെ ക്ഷണിച്ചിരുന്നു. എന്നാൽ, ഉഷ്ണമേഖലാ പ്രദേശമായതിനാൽ ശാരീരിക അസ്വസ്ഥതകൾ കൂടുമെന്ന കാരണം കൊണ്ടാണ് അതിനുശ്രമിക്കാത്തത് എന്ന് 
അറിയിച്ചിരുന്നു. 
ഏറ്റവും ഒടുവിൽ അദ്ദേഹത്തിനയച്ചത് ഋഗ്വേദത്തിലെ നാസാദിയ സൂക്തത്തെ പരാമർശിച്ചുള്ള ഒരു ഇ-മെയിൽ സന്ദേശമാണ്. പുരുഷസൂക്തവും അതിൽ പ്രതിപാദിച്ചിരുന്നു. ഹോക്കിങ്ങിന്റെ ബ്രീഫ് ഹിസ്റ്ററി എന്ന കൃതിക്ക് ആമുഖമെഴുതിയ കാൾ സാഗൻ നാസാദിയ സൂക്തത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പറഞ്ഞിരുന്ന കാര്യവും അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെടുത്തി. പ്രപഞ്ചത്തിന്റെ തുടക്കത്തെക്കുറിച്ചും അതു നാം മനസ്സിലാക്കുന്നതിലെ പരിമിതികളെക്കുറിച്ചുമാണ് ഏറ്റവും ഒടുവിൽ ചർച്ച ചെയ്തത്. ഹോക്കിങ്ങിന്റെ അന്വേഷണവും അതായി
രുന്നല്ലോ.