 ബാല്യം
:1942-ൽ ബ്രിട്ടനിലെ ഓക്സ്ഫഡിൽ ജനിച്ചു. കുതിരയോട്ടവും വള്ളംതുഴച്ചിലും ഏറെ ഇഷ്ടപ്പെട്ടു. ഓക്സ്ഫഡ് സർവകലാശാലയിൽനിന്ന് നാച്ചുറൽ സയൻസ് ബിരുദം നേടിയ ശേഷമാണ് പി.എച്ച്ഡി.ക്ക് കേംബ്രിജിൽ ചേരുന്നത്. പ്രശസ്ത പ്രപഞ്ച ശാസ്ത്രജ്ഞൻ ഡെന്നിസ് സ്കിയാമ ആയിരുന്നു ഗൈഡ്.
 പഠനമേഖല
:സാമാന്യ ആപേക്ഷികതാ സിദ്ധാന്തവും തമോഗർത്തങ്ങളും ആയിരുന്നു ഹോക്കിങ്ങിന്റെ ഇഷ്ട പഠനമേഖല. ഭൂഗുരുത്വം, പ്രപഞ്ചപഠനം, ക്വാണ്ടംഭൗതികം, താപഗതികം, ഇൻഫർമേഷൻ തിയറി എന്നിങ്ങനെ പരസ്പര വിരുദ്ധമെന്ന് ആധുനിക ഭൗതികശാസ്ത്രം കരുതിയ ഒട്ടേറെ പഠനമേഖലകളെ ഒരു കുടക്കീഴിലേക്ക് ആനയിക്കാൻ ഏറ്റവുമധികം സംഭാവന നൽകിയ ഗവേഷകരിലൊരാളായി ഇപ്പോൾ ഹോക്കിങ് വിലയിരുത്തപ്പെടുന്നു.
 കുടുംബം
:1964 -ൽ ആദ്യ ഭാര്യയായ ജെയ്‌നിനെ വിവാഹം കഴിക്കാനൊരുങ്ങുന്ന വേളയിലാണ് ഹോക്കിങ് രോഗത്തിന്റെ പിടിയിലാകുന്നത്. പ്രതീക്ഷിച്ചതിലും സാവധാനത്തിലാണ് രോഗം പിടിമുറുക്കിയത്‌. വിവാഹം മുടങ്ങിയില്ല. ഹോക്കിങ് -ജെയ്ൻ ദാമ്പത്യത്തിൽ മൂന്നു മക്കൾ പിറന്നു. 1995-ൽ ഹോക്കിങ്ങും ജെയ്‌നും വിവാഹബന്ധം വേർപെടുത്തി. അതിനു ശേഷമാണ് മാസണിനെ ഹോക്കിങ് വിവാഹം ചെയ്യുന്നത്. 2006-ൽ ഇരുവരും വേർപിരിഞ്ഞു.
 ലൂക്കാസിയൻ പ്രൊഫസർ
:1979-ൽ കേംബ്രിജിലെ പ്രശസ്തമായ 'ലൂക്കാസിയൻ പ്രൊഫസർ ഓഫ് മാത്തമാറ്റിക്സ്' പദവി ഹോക്കിങ്ങിന് ലഭിച്ചു. അതൊരു വലിയ ബഹുമതിയായിരുന്നു. കാരണം, സാക്ഷാൽ ഐസക് ന്യൂട്ടൻ അലങ്കരിച്ചിരുന്ന പദവിയായിരുന്നു അത്. 2009 സെപ്റ്റംബറിൽ ഹോക്കിങ് ആ പദവിയിൽ നിന്നു വിരമിച്ചു. നിലവിൽ ലൂക്കാസിയൻ പ്രൊഫസർ സ്ഥാനം വഹിക്കുന്നത് മൈക്കൽ കേറ്റ്‌സ് ആണ്.
 നൊബേലിന്റെ നഷ്ടം 
:ഹോക്കിങ്ങിന് നൊബേൽ പുരസ്കാരം ലഭിച്ചില്ല. അർഹിക്കുന്നവർക്ക് ബഹുമതി കൊടുക്കാതിരിക്കുമ്പോൾ തേയ്മാനം സംഭവിക്കുന്നത് നൊബേൽ സമിതിയുടെ വിശ്വാസ്യതയ്ക്കാണ്. ഒരു പതിറ്റാണ്ടായി, എല്ലാ വർഷവും നൊബേൽ സീസണാകുമ്പോൾ കേൾക്കാറുള്ള പേരായിരുന്നു ഹോക്കിങ്ങിന്റേത്. ആ ബഹുമതി നേടാതെയാണ് ഹോക്കിങ്  വിടപറഞ്ഞത്. ആപേക്ഷിതകതാ സിദ്ധാന്തത്തിന് നൊബേൽ പുരസ്കാരം കിട്ടിയിട്ടില്ല എന്നോർക്കുക. ഐൻസ്റ്റൈന് നൊബേൽ കിട്ടിയത് ഫോട്ടോഇലക്‌ട്രിക് പ്രഭാവം വിശദീകരിച്ചതിനാണ്!
 മതവിശ്വാസം
:ഞാനൊരു മതവിശ്വാസിയല്ലെന്നു പ്രഖ്യാപിച്ച ശാസ്ത്രജ്ഞനാണ് ഹോക്കിങ്. 'ശാസ്ത്രനിയമങ്ങളാലാണ് പ്രപഞ്ചം ഭരിക്കപ്പെടുന്നത്' എന്നാണ് അദ്ദേഹം വിശ്വസിച്ചത്.