ഇനി അവശേഷിക്കുന്നത് രണ്ടുവർഷം മാത്രമാണെന്ന് ഇരുപത്തൊന്നാമത്തെ വയസ്സിലാണ് സ്റ്റീഫൻ ഹോക്കിങ്ങിനോട് ഡോക്ടർമാർ പറയുന്നത്. വൈദ്യശാസ്ത്രത്തെ അതിശയിപ്പിച്ചുകൊണ്ട് അഞ്ചര പതിറ്റാണ്ടുകാലംകൂടി അദ്ദേഹം ജീവിച്ചു. 
രോഗം ബാധിച്ചിട്ടും സ്റ്റീഫൻ ഹോക്കിങ്ങിന് ഇത്രകാലം ജീവിച്ചിരിക്കാൻ കഴിഞ്ഞത് എന്തുകൊണ്ടാണെന്നതിന് വൈദ്യശാസ്ത്രത്തിന് ഉത്തരമില്ല. എന്നാൽ, അതിന് അദ്ദേഹത്തെ സഹായിച്ചത് ആധുനിക സാങ്കേതികവിദ്യയാണ്. എല്ലാ സൗകര്യങ്ങളോടും കൂടിയ ചക്രക്കസേരയിലായിരുന്നു അദ്ദേഹത്തിന്റെ പിൽക്കാല ജീവിതം. ഭക്ഷണം നൽകാനും ശ്വാസമെടുക്കുന്നതിന് സഹായിക്കാനും കുടുംബാംഗങ്ങളും നഴ്‌സുമാരുമുണ്ടായിരുന്നു.
എ.എൽ.എസ്. രോഗികൾ സാധാരണ ശ്വാസതടസ്സം വന്നാണ് മരിക്കാറ്്‌. അത്തരമൊരു അവസരം വന്നപ്പോൾ ട്രക്കിയോസ്റ്റമി എന്ന ശ്വസനനാള ശസ്ത്രക്രിയ നടത്തി ജീവൻ രക്ഷിച്ചു. ശ്വാസമെടുക്കുന്നത് നെഞ്ചിലെ സുഷിരത്തിലൂടെയായതോടെ സംസാരശേഷി പൂർണമായി നഷ്ടപ്പെട്ടു. വിരലുകൊണ്ട് കീബോർഡിൽ എഴുതുന്ന കാര്യങ്ങളെ സംസാരമാക്കി മാറ്റുന്ന സ്പീച്ച് സിന്തസൈസർ എന്ന ഉപകരണം അതിനുശേഷം ഹോക്കിങ്ങിന്റെ വീൽച്ചെയറിൽ ഇടംപിടിച്ചു. സംസാരശേഷിയില്ലാത്ത ശാസ്ത്രജ്ഞൻ യന്ത്രത്തിന്റെ കൃത്രിമശബ്ദത്തിലാണ് പിന്നീട് പ്രഭാഷണങ്ങൾ നടത്തിയത്. 
കുറച്ചുകഴിഞ്ഞപ്പോൾ വിരലിന്റെ ചലനവും നിലച്ചു. കവിളിലെ പേശികളുടെ ചലനം വായിച്ചെടുത്ത് ശബ്ദമാക്കി മാറ്റുന്ന ഉപകരണം അപ്പോൾ സഹായത്തിനെത്തി. വർഷങ്ങളായി അതുവഴിയായിരുന്നു അദ്ദേഹത്തിന്റെ ആശയവിനിമയം. ഒരു മിനിറ്റിൽ ആറുവാക്ക്‌ മാത്രമാണ് അദ്ദേഹത്തിന് ‘പറയാൻ’ കഴിഞ്ഞിരുന്നത്. വീൽച്ചെയറിൽ ഘടിപ്പിച്ച കംപ്യൂട്ടർ സ്‌ക്രീനിൽ പ്രത്യക്ഷപ്പെടുന്ന വാക്കുകളിൽ നിന്നും ഉചിതമായവ നേത്രപാളികൾ ചലിപ്പിച്ച്  തിരഞ്ഞെടുത്തായിരുന്നു അദ്ദേഹത്തിന്റെ ഗ്രന്ഥരചന.
മധ്യവയസ്സിലാണ് സാധാരണ എ.എൽ.എസ്. ബാധ കണ്ടെത്താറ്്‌. മിക്കവാറും രോഗനിർണയം കഴിഞ്ഞ് രണ്ടുമൂന്ന് വർഷത്തിനുള്ളിൽ രോഗി മരിക്കും. യൗവനത്തിൽത്തന്നെ രോഗം ബാധിച്ചതുകൊണ്ട് വളരെ പതുക്കെയാണ് ഹോക്കിങ്ങിന്റെ അസുഖം വ്യാപിച്ചതെന്നാണ് കരുതുന്നത്. അസാമാന്യ പ്രതിഭാവിലാസംകൊണ്ടാണ് ഹോക്കിങ് രോഗത്തെ ഇത്രനാളും അതിജീവിച്ചതെന്ന് പറയുന്നവരുണ്ട്. എന്നാൽ, ബുദ്ധിശക്തി കൂടുതലുള്ളവരിൽ രോഗവ്യാപനം കുറയുമെന്നതിന് ശാസ്ത്രീയ ഗവേഷണങ്ങളുടെ പിൻബലമൊന്നുമില്ല.