നമ്മുടെ കാലത്തെ ഏറ്റവും പ്രശസ്തനായ ശാസ്ത്രജ്ഞനാണ് സ്റ്റീഫൻ ഹോക്കിങ്. ആരുടെയും അദ്ഭുതവും അനുകമ്പയും ആദരവും പിടിച്ചുപറ്റാനുള്ള എല്ലാഘടകവും ചേർന്നതായിരുന്നു ആ ജീവിതം. ചക്രക്കസേരയിൽ ജീവിതം തള്ളിനീക്കുകയും പ്രപഞ്ചത്തിന്റെ മഹാവിഹായസ്സിലേക്ക് പ്രജ്ഞ പായിക്കുകയും ചെയ്ത് ലോകത്തെ ആശ്ചര്യപ്പെടുത്തിയ ജീ
വിതം.
2014-ലാണ് ഹോക്കിങ്ങിന്റെ ജീവിതം ആസ്പദമാക്കി 'ദ തിയറി ഓഫ് എവരിതിങ്' എന്ന ചലച്ചിത്രം പുറത്തുവന്നത്. ഹോക്കിങ്ങിന് മോട്ടോർ ന്യൂറോൺ രോഗമായ 'അമിയോട്രോഫിക് ലാറ്ററൽ സ്‌ക്ലീറോസിസ്' (എ.എൽ.എസ്) ബാധിച്ച കാര്യം ഡോക്ടർ അദ്ദേഹത്തെ അറിയിക്കുന്ന രംഗമുണ്ട് ആ ചിത്രത്തിൽ.
തലച്ചോറിലെ ചില കോശങ്ങൾ ക്രമേണ നശിക്കുന്നതാണ് രോഗം. സംസാരശേഷി, നടത്തം, ശ്വാസോച്ഛ്വാസം, ഭക്ഷണം കഴിക്കൽ തുടങ്ങിയ പ്രവൃത്തികളെ നിയന്ത്രിക്കുന്ന കേന്ദ്രനാഡീവ്യവസ്ഥയിലെ സിരാകോശങ്ങളാണ് നശിക്കുക. ക്രമേണ പേശികളും... ഇനി കൂടിയാൽ രണ്ടുവർഷം കൂടിയേ ആൾക്ക് ആയുസ്സുണ്ടാകൂ - ഡോക്ടർ പറഞ്ഞു.
എല്ലാം സശ്രദ്ധം കേട്ട ഹോക്കിങ് ഒരു സംശയം ചോദിച്ചു: 'വാട്ട് എബൗട്ട് ദി ബ്രെയ്ൻ?'
1963-ലാണ് ഹോക്കിങ്ങിന് എ.എൽ.എസ്. ബാധിച്ച കാര്യം കണ്ടെത്തുന്നത്. ഡോക്ടറുടെ പ്രവചനം തെറ്റി. രണ്ടു വർഷമല്ല, 55 വർഷംകൂടി ഹോക്കിങ് ജീവിച്ചു. 
ശരീരം ഏതാണ്ട് പൂർണമായി തളർന്നതോടെ ചക്രക്കസേരയിലേക്ക് ജീവിതം ചുരുങ്ങി. ഒരു വിരൽ മാത്രം ചലിക്കുന്ന അവസ്ഥ. അപ്പോഴും, അദ്ദേഹം ഡോക്ടറോട് ചോദിച്ച ആ സംഗതി -'ബ്രെയ്ൻ', അത് ഏറ്റവും മികച്ച നിലയിൽ തന്നെ പ്രവർത്തിച്ചു! 
ചലനശേഷിയുള്ള ഒരു വിരലും മസ്തിഷ്കവുംമതി ലോകം കീഴടക്കാനെന്ന് ഹോക്കിങ് ആ ചക്രക്കസേരയിലിരുന്ന് തെളിയിച്ചു. 

 എ.എൽ.എസ്. എന്നാൽ
:മാംസപേശികൾ ക്ഷയിച്ചുക്ഷയിച്ച് ശരീരത്തിന്റെ ചലനം തന്നെ അസാധ്യമാവുന്ന അമയോട്രോപ്പിക് ലാറ്ററൽ സ്‌ക്ലീറോസിസ് (എ.എൽ.എസ്.) എന്ന അപൂർവ രോഗമായിരുന്നു അദ്ദേഹത്തിന്. ശരീരത്തിലെ പേശീതന്തുക്കൾ എങ്ങനെ ചലിക്കണമെന്നുള്ള സന്ദേശം നാഡീവ്യവസ്ഥയാണ് തലച്ചോറിൽനിന്ന് എത്തിക്കുന്നത്. ഈ സന്ദേശനാളികളുടെ കാലക്രമേണയുള്ള നാശമാണ് എ.എൽ.എസ്. എന്ന രോഗം. ഉപയോഗിക്കപ്പെടാത്ത പേശികൾ ക്രമേണ ശോഷിച്ച് നശിക്കും. കൈകാലുകൾ തളരും. സ്വന്തമായി ശ്വാസമെടുക്കാൻ പറ്റാതെവരും. ഭക്ഷണമിറക്കാനോ സംസാരിക്കാനോ കഴിയാതെവരും. ഹൃദയത്തിലെയും ആമാശയത്തിലെയും പോലെ സ്വയം പ്രവർത്തിക്കുന്ന പേശികൾമാത്രം നിലനിൽക്കും. സ്പർശവും കേൾവിയും കാഴ്ചയുമുണ്ടാവും.