കോഴിക്കോട് : ബഹിരാകാശയാത്രയ്ക്കായി ടിക്കറ്റെടുത്തു കാത്തിരിക്കവേയാണ് സ്റ്റീഫൻ ഹോക്കിങ്ങിന് ലോകത്തോടു വിടപറയേണ്ടിവന്നത്. പരിശീലനത്തിന്റെ ആദ്യപടിയായി, ചക്രക്കസേരയിൽനിന്ന് പതിറ്റാണ്ടുകൾക്കുശേഷം സ്വതന്ത്രനായി ഒഴുകിനടക്കാനും അദ്ദേഹത്തിന് സാധിച്ചിരുന്നു. 2018 അവസാനം നടത്താനിരുന്ന, 36 പേരടങ്ങുന്ന വിർജിൻ ബഹിരാകാശ പേടകത്തിലെ യാത്രാസംഘത്തിലെ മറ്റൊരാൾ മലയാളിയായ സന്തോഷ് ജോർജ് കുളങ്ങരയാണ്‌.
സ്റ്റീഫൻ ഹോക്കിങ്ങിനെ പരിചയപ്പെടാനും ഒപ്പം യാത്രചെയ്യാനുമുള്ള വലിയ ആ അവസരം കാത്തിരിക്കുകയായിരുന്നു സന്തോഷ്. ആറു ബാച്ചായാണ് ബഹിരാകാശയാത്രയ്ക്കുള്ള പരിശീലനം നൽകിവരുന്നത്. ഹോക്കിങ്ങിന് മാത്രം പ്രത്യേക പരിശീലനവും. 2007-ൽ രണ്ടുദിവസം നീളുന്ന സീറോ ഗ്രാവിറ്റി പരിശീലനം അദ്ദേഹം പൂർത്തിയാക്കി.
ഒരു വിരലുപോലും അനക്കാനാകാത്ത ഒരാളാണ് നിങ്ങൾക്കൊപ്പം യാത്രചെയ്യുന്നതെന്ന് വിർജിൻ ഗ്രൂപ്പ് ഉടമയായ റിച്ചാർഡ് ബ്രാൻസൻ പറയുമായിരുന്നു. ഹോക്കിങ് തന്നെയാണ് ബഹിരാകാശയാത്രയ്ക്കുള്ള താത്പര്യം പ്രകടിപ്പിച്ച് ബ്രാൻസനെ സമീപിച്ചതും. 
‘ഹോക്കിങ് സഹയാത്രികനാകുന്നു എന്നത് സാധാരണക്കാരായ ഞങ്ങൾക്ക് ബഹിരാകാശത്തേക്ക് പോകാനുള്ള ആത്മവിശ്വാസം നൽകിയിരുന്നു. പരിശീലനം പൂർത്തിയാക്കിയശേഷം യാത്രികരെല്ലാം ഒന്നിച്ചുകൂടാനിരുന്നതാണ്. എന്നാൽ അത് സാധിച്ചില്ല’ -സന്തോഷ് പറഞ്ഞു.