യൂട്യൂബ് വീഡിയോകളില്‍ ഇനി ഡിസ് ലൈക്കുകളുടെ  എണ്ണം കാണില്ല. ഈ മാറ്റം ഉള്‍പ്പെടുത്തി പുതിയ അപ്‌ഡേറ്റ് പ്രഖ്യാപിച്ചിരിക്കുകയാണ് യൂട്യൂബ്. വീഡിയോകളോട് അനിഷ്ടം രേഖപ്പെടുത്തിയതിന്റെ കണക്കുകള്‍ പ്രദര്‍ശിപ്പിക്കുന്നത് ഉപഭോക്താവിന്റെ ആസ്വാദനത്തെ പലരീതിയിലും ബാധിക്കാന്‍ സാധ്യതയുണ്ടെന്ന് കണക്കിലെടുത്താണ് പുതിയ തീരുമാനം. ഇത് വീഡിയോ ക്രിയേറ്റര്‍മാര്‍ക്ക് നേരെയുള്ള ഡിസ്‌ലൈക്ക് ആക്രമണങ്ങള്‍ ചെറുക്കാന്‍ സഹായിക്കുമെന്നും യൂട്യൂബ് വിശ്വസിക്കുന്നു.  

അതേസമയം ഡിസ് ലൈക്ക് ബട്ടന്‍ നീക്കം ചെയ്യില്ല. മറിച്ച് എത്രപേര്‍ വീഡിയോ ഡിസ് ലൈക്ക് ചെയ്തുവെന്നുള്ള എണ്ണം പൊതുജനങ്ങളെ കാണിക്കില്ല. ബട്ടനില്‍ ക്ലിക്ക് ചെയ്ത് വീഡിയോകളോടുള്ള അനിഷ്ടം രേഖപ്പെടുത്താന്‍ തുടര്‍ന്നും സാധിക്കും.

അതേസമയം, ക്രിയേറ്റര്‍മാര്‍ക്ക് യൂട്യൂബ് സ്റ്റുഡിയോയില്‍ (YouTube Studio) അവരുടെ വീഡിയോയുടെ പ്രകടനത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളോടൊപ്പം ഡിസ്ലൈക്ക് രേഖപ്പെടുത്തിയവരുടെ റിപ്പോര്‍ട്ടും കാണാന്‍ സാധിക്കും.

ചില വീഡിയോകള്‍ക്ക് ഡിസ് ലൈക്കുകള്‍ നല്‍കാന്‍ ബോധപൂര്‍വമുള്ള കാമ്പയിനുകള്‍ നടക്കാറുണ്ട്. അത് പൊതുവില്‍ വീഡിയോ ക്രിയേറ്റര്‍മാരെ വിപരീതമായി ബാധിക്കുന്നുമുണ്ട്. 

എന്നാല്‍ തെറ്റിദ്ധരിപ്പിക്കുന്ന ഉള്ളടക്കമുള്ള വിഡിയോകള്‍, തെറ്റിദ്ധരിപ്പിക്കുന്ന തലക്കെട്ടോടു കൂടിയുള്ള വിഡിയോകള്‍, സ്പാം വിഡിയോകള്‍ പോലെയുള്ളവയെ തിരിച്ചറിയാന്‍ ഡിസ്ലൈക്കുകളുടെ എണ്ണം ആസ്വാദകര്‍ക്ക് സഹായകമാവാറുണ്ട് എന്ന എന്ന വാദം യൂട്യൂബ് തള്ളിക്കളയുന്നുമില്ല. 

വീഡിയോ ക്രിയേറ്റര്‍മാര്‍ക്ക് നേരെയുള്ള സൈബര്‍ ആക്രമണങ്ങള്‍ക്ക് തടയിടുക എന്ന ലക്ഷ്യത്തോടെ നടത്തിയ പരീക്ഷണങ്ങള്‍ക്കൊടുവിലാണ് ഈ മാറ്റങ്ങള്‍ അവതിരിപ്പിക്കുന്നത് എന്ന് യൂട്യൂബ് അധികൃതര്‍ വിശദീകരിക്കുന്നു.

ഡിസ്ലൈക്കുകളുടെ എണ്ണത്തിന് പകരം തംബ്സ് ഡൗണ്‍ ബട്ടണിന് താഴെ ''ഡിസ്ലൈക്ക്'' എന്ന വാക്ക് ദൃശ്യമാകുന്നതുള്‍പ്പെടെ ഡിസ്ലൈക്ക് എണ്ണം നീക്കം ചെയ്യുന്നതിനായി കമ്പനി വ്യത്യസ്ത ഡിസൈനുകള്‍ പരീക്ഷിച്ചിരുന്നു എന്ന് ടെക്ക് ക്രഞ്ച് വെബ്‌സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ശ്രദ്ധിക്കപ്പെടുന്ന തരത്തിലുള്ള പുതിയ ഡിസൈന്‍ മാറ്റങ്ങള്‍ ഒന്നും വരുത്തിയിട്ടില്ല എന്നാണ് മനസ്സിലാക്കുന്നത്.

ഫേസ്ബുക്ക് നേരത്തെ തന്നെ ന്യൂസ് ഫീഡുകളില്‍ വരുന്ന സ്റ്റോറികള്‍ക്ക് ഡിസ്ലൈക്ക് ബട്ടണ്‍ (Dislike Reaction) ഒരു പരീക്ഷണം എന്ന പോലെ അവതരിപ്പിച്ചിരുന്നു. എന്നാല്‍ പലരും അതിനെ ദുരുപയോഗം ചെയ്യുന്നു എന്ന് മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തില്‍  അത് നീക്കം ചെയ്യുകയായിരുന്നു.

Content Highlight : YouTube is removing the dislike count on all videos across its platform. But the dislike button will not be removed