വാട്‌സ്ആപ്പിനും ഫെയ്‌സ്ബുക്ക് മെസ്സഞ്ചറിനും ജിമെയിലിനും മുന്‍പ് ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ പ്രിയപ്പെട്ട ചാറ്റിംങ് സൈറ്റായിരുന്ന യാഹു മെസ്സഞ്ചറിന് ഇന്ന് യാത്രാമൊഴി. 20 വര്‍ഷം നീണ്ടുനിന്ന മെസ്സഞ്ചറിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതായി ജൂലായ് നാലിന് യാഹു പ്രഖ്യാപിച്ചിരുന്നു. സാങ്കേതിക വിദ്യയിലെ വികാസങ്ങള്‍ കണക്കിലെടുത്ത് പുതിയ സാധ്യതകള്‍ പരിചയപ്പെടുത്താനാണ് മെസ്സഞ്ചര്‍ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതെന്ന് യാഹു കുറിപ്പില്‍ വ്യക്തമാക്കി. 

2000ന്റെ തുടക്കത്തില്‍ ഇന്റര്‍നെറ്റ് ലോകത്തെ ഏറ്റവും ജനകീയമായ ആപ്പായിരുന്നു യാഹു മെസ്സഞ്ചര്‍. യാഹു ഐഡി ഉള്ളവര്‍ക്ക് എല്ലാം ഈ ചാറ്റ് ഉപയോഗിക്കാമായിരുന്നു. ചാറ്റ് ഉപയോഗിക്കുന്നവരുടെ ചാറ്റ് ചെയ്യാനുള്ള താല്‍പര്യം അറിയിക്കാനായി പച്ച, ചുവപ്പ്, മഞ്ഞ എന്നീ നിറത്തിലുള്ള സിഗ്നല്‍ ഓപ്ഷനും ചാറ്റില്‍ ഉണ്ടായിരുന്നു. അപരിചിതരായ ആളുകള്‍ തമ്മിലുള്ള ചാറ്റിങിനും യാഹു മെസ്സഞ്ചറിൽ‌ അനുവദനീയമായിരുന്നു. ഇമോജികള്‍ ഇന്റര്‍നെറ്റ് ലോകത്തിന് അത്ര പരിചിതമല്ലായിരുന്ന കാലത്തേ യാഹു മെസ്സഞ്ചറില്‍ അവയ്ക്ക് ജനപ്രീതിയുണ്ടായിരുന്നു. 

എന്നാല്‍ ചാറ്റിങ് എളുപ്പത്തിലും കൂടുതല്‍ ആകര്‍ഷകവുമാക്കുന്ന വാട്‌സ്ആപ്പ്, ഫെയ്‌സ്ബുക്ക് മെസ്സഞ്ചര്‍ എന്നീ ചാറ്റിങ് ആപ്പുകളുടെ വരവോടെ യാഹു പിന്തള്ളപ്പെട്ടു. എന്നാലും ഇപ്പോഴും ചാറ്റിങിനായി യാഹു മെസ്സഞ്ചര്‍ ഉപയോഗിക്കുന്ന ഒരു വിഭാഗം ഇപ്പോഴും യാഹുവിനുണ്ടായിരുന്നു.

മെസ്സഞ്ചറിന്റെ പകരം ഉപയോഗിക്കാന്‍ കഴിയുന്ന 'യാഹു സ്‌ക്വിറല്‍' എന്ന ആപ്പ് ഉടന്‍ പുറത്തിറങ്ങുമെന്ന് വിടവാങ്ങല്‍ ബ്ലോഗ് പോസ്റ്റില്‍ യാഹു വ്യക്തമാക്കി. പഴയ ഉപയോക്താക്കള്‍ക്ക് 2018 നവംബറിന് ശേഷം പഴയ ചാറ്റിങ് ഹിസ്റ്ററി ഡൗണ്‍ലോഡ് ചെയ്ത് എടുക്കാമെന്നും യാഹു അറിയിച്ചു. 

content highlights: Yahoo Messenger will be discontinued