വാട്‌സാപ്പിന്റെ പ്രൈവസി പോളിസി അപ്‌ഡേറ്റ് സംബന്ധിച്ച് ആഗോളതലത്തില്‍ ചര്‍ച്ചകളും സംവാദങ്ങളും ശക്തമായിരിക്കെ വാട്‌സ്ആപ്പിന്റെ സാങ്കേതികതയൊന്നും വശമില്ലാത്ത സാധാരണ ഉപയോക്താക്കളെ സംബന്ധിച്ചിടത്തോളം ഒരുപാട് തെറ്റിദ്ധാരണകള്‍ ഉണ്ടാവാനിടയുണ്ട്. അതിലൊന്നാണ് വാട്‌സ്ആപ്പിലൂടെ അയക്കുന്ന സന്ദേശങ്ങള്‍ നിരീക്ഷിക്കപ്പെടുമോ എന്നുള്ളത്. 

അത് വിശദമാക്കുന്നതിന് മുമ്പായി പുതിയ അപ്ഡേറ്റ് എന്താണെന്ന് ചെറുതായൊന്നു പറയാം. കാര്യക്ഷമമമായി സേവനങ്ങള്‍ നല്‍കുന്നതിനായി ഉപയോക്താക്കളില്‍ നിന്ന് മറ്റേതൊരു മൊബൈല്‍ ആപ്പിനേയും പോലെ തന്നെ വാട്‌സ്ആപ്പും ചില വിവരങ്ങള്‍ (User Data) ശേഖരിക്കുന്നുണ്ട്. 

ഇങ്ങനെ ശേഖരിക്കുന്ന വിവരങ്ങള്‍ മാതൃസ്ഥാപനമായ ഫെയ്‌സ്ബുക്കുമായി പങ്കുവെക്കാനുള്ള ശ്രമങ്ങള്‍ നേരത്തെതന്നെ ആരംഭിച്ചിരുന്നു. അന്നുതൊട്ട് ആ നീക്കം വിമര്‍ശിക്കപ്പെടുന്നുണ്ട്. അതിന്റെ പശ്ചാത്തലത്തില്‍ ഫെയ്‌സ്ബുക്കുമായി വാട്‌സ്ആ​പ്പ് ഡാറ്റ പങ്കുവെക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള ഒരു ഓപ്ഷന്‍ ഉപയോക്താക്കള്‍ക്ക് നല്‍കി വന്നിരുന്നു. ഈ ഓപ്ഷന്‍ ഒഴിവാക്കുകയും ഫെയ്‌സ്ബുക്ക് കമ്പനികളുമായി വാട്‌സ്ആ​പ്പ് ഡാറ്റ നിര്‍ബന്ധമായും പങ്കുവെക്കണമെന്ന് വ്യവസ്ഥ ചെയ്യുകയുമാണ് പുതിയ പോളിസി പരിഷ്‌കാരത്തില്‍ ചെയ്തിരിക്കുന്നത്. 

ഫെബ്രുവരി എട്ട് മുതല്‍ പുതിയ മാറ്റം നിലവില്‍ വരും. ഈ തീയ്യതി മുതല്‍ ഇപ്പോള്‍ വന്നിരിക്കുന്ന നോട്ടിഫിക്കേഷനിലെ എഗ്രീ ബട്ടന്‍ ക്ലിക്ക് ചെയ്യാതെ വാട്‌സ്ആ​പ്പ് ഉപയോഗിക്കാനാവില്ല. 

whatsapp policyഇനി വിഷയത്തിലേക്ക് വരാം; വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ ചോര്‍ത്തുമോ

വാട്‌സ്ആപ്പ് ചാറ്റിലെ സന്ദേശങ്ങള്‍ വാട്‌സ്ആപ്പ് ചോര്‍ത്തുമോ, നിരീക്ഷിക്കുമോ? വാട്‌സാപ്പിന്റെ പ്രൈവസി പോളിസിയില്‍ പറയുന്നത് ഇല്ല എന്നാണ്. വാട്‌സ്ആപ്പിലൂടെയുള്ള സന്ദേശ കൈമാറ്റം എന്റ് റ്റു എന്റ് എന്‍ക്രിപ്ഷന്‍ സാങ്കേതിക വിദ്യയാല്‍ സംരക്ഷിക്കപ്പെട്ടിട്ടുള്ളതാണ്. അത് വാട്‌സ്ആപ്പിന്റെ സെര്‍വറുകളിലൂടെയാണ് കടന്നുപോവുന്നതെങ്കിലും അത് അവര്‍ ശേഖരിച്ചുവെക്കുന്നില്ല. 

ഒരിടത്ത് നിന്നും മറ്റൊരിടത്തേക്കുള്ള കൈമാറ്റത്തിനിടെ എന്റ് റ്റു എന്റ് ചാനലിന് ഇടയില്‍ നുഴഞ്ഞുകയറാന്‍ ആര്‍ക്കും സാധിക്കില്ലെന്ന് വാട്‌സ്ആപ്പ് പറയുന്നു. അതായത് സന്ദേശങ്ങള്‍ വായിക്കാന്‍ വാട്‌സ്ആപ്പിന് സാധിക്കില്ല. ഉപയോക്താക്കളില്‍ നിന്ന് ശേഖരിക്കുന്ന വിവരങ്ങളുടെ പട്ടികയില്‍ അയക്കുന്ന സന്ദേശങ്ങള്‍ ഉൾപ്പെടുന്നില്ല. 

അതേസമയം, ഫോണുകളില്‍ എത്തിക്കഴിഞ്ഞ സന്ദേശങ്ങള്‍ക്ക് വാട്‌സ്ആപ്പ് സുരക്ഷ ഉറപ്പു നല്‍കുന്നില്ല. വാട്‌സ്ആപ്പിലൂടെ അത് ആര്‍ക്കും ചോര്‍ത്താന്‍ സാധിക്കില്ലെങ്കിലും ഫോണുകള്‍ കയ്യടക്കുന്നതിലൂടെ പുറത്തുള്ളവര്‍ക്ക് സന്ദേശം കാണാന്‍ സാധിക്കും.

അതുകൊണ്ടുതന്നെ വാണിജ്യ സ്ഥാപനങ്ങളുമായി നടത്തുന്ന ആശയവിനിമയങ്ങളില്‍ പ്രധാനപ്പെട്ട രേഖകളൊന്നും കൈമാറരുത്. കാരണം വാണിജ്യ സ്ഥാപനങ്ങള്‍ക്ക് വാട്‌സ്ആപ്പിലൂടെ അയക്കുന്ന സന്ദേശം മറുവശത്ത് ആ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട ആളുകള്‍ക്ക് കാണാന്‍ സാധിച്ചേക്കും. പല കമ്പനികളും വാട്‌സ്ആപ്പ് ആശയവിനിമയങ്ങള്‍ക്കായി പുറത്തുള്ള സ്ഥാപനങ്ങളെ ചുമതലപ്പെടുത്തുന്നുണ്ട്. അതിനാല്‍ വാണിജ്യ സ്ഥാപനങ്ങളുമായി സംവദിക്കുമ്പോള്‍ ജാഗ്രത വേണം. 

ഫോണുകളിൽ കടന്നുകയറാൻ ഹാക്കർമാർക്ക് പല വഴിയുണ്ട്. അതിനാൽ ഫോണുകള്‍ വഴിയുള്ള സുരക്ഷാ ഭീഷണികൾക്ക് വാട്‌സ്ആപ്പ് സംരക്ഷണം വാഗ്ദാനം ചെയ്യുന്നില്ല. 

Content Highlights: will WhatsApp leak the messages you send explainer