വാട്‌സാപ്പിന്റെ വെബ്, ഡെസ്‌ക്ടോപ്പ് പതിപ്പുകളില്‍ ഉടന്‍ തന്നെ വീഡിയോ, ഓഡിയോ കോള്‍ സൗകര്യം ലഭ്യമാക്കിയേക്കുമെന്ന് റിപ്പോര്‍ട്ട്.  കോവിഡ്-19 വ്യാപന കാലത്ത് വീഡിയോ കോള്‍ സേവനങ്ങള്‍ക്ക് ആവശ്യക്കാരേറിയതോടെ കഴിഞ്ഞ കുറച്ച് മാസങ്ങളായി വാട്‌സാപ്പ് വെബ്ബില്‍  കോളിങ് സൗകര്യം അവതരിപ്പിക്കാന്‍ ഫെയ്‌സ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള വാട്‌സാപ്പ് ശ്രമിച്ചുവരികയാണ്. 

ഇത് അവസാനഘട്ടത്തിലാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. അതായത് അധികം വൈകാതെ തന്നെ ഈ സൗകര്യം വാട്‌സാപ്പിന്റെ ബ്രൗസര്‍ പതിപ്പിലും ഡെസ്‌ക്ടോപ്പ് ആപ്പിലും ലഭ്യമാവും. വാട്‌സാപ്പ് നിരീക്ഷണ വെബ്‌സൈറ്റായ വാബീറ്റാ ഇന്‍ഫോയാണ് ഈ വിവരം പുറത്തുവിട്ടത്. വാട്‌സാപ്പിന്റെ ഒരു ബീറ്റാ പതിപ്പില്‍ വീഡിയോ കോള്‍ ഫീച്ചര്‍ എത്തിയിട്ടുണ്ട് എന്ന് വാബീറ്റാ ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്യുന്നു. 

പരീക്ഷണ ഘട്ടത്തിലിരിക്കുന്ന ഈ സംവിധാനത്തിന് ഇനിയും മാറ്റങ്ങള്‍ വന്നേക്കുമെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. അതേസമയം, ഫെയ്‌സ്ബുക്കിന്റെ മെസഞ്ചര്‍ റൂംസ് എന്ന ഗ്രൂപ്പ്  വീഡിയോ കോള്‍ സേവനം വാട്‌സാപ്പ് വെബ്ബുമായി നിലവില്‍ ബന്ധിപ്പിച്ചിട്ടുണ്ട്. വാട്‌സാപ്പിന്റെ മൊബൈല്‍ ആപ്ലിക്കേഷനില്‍ ഏറെ നാളുകളായി വീഡിയോ, ഓഡിയോ കോള്‍ സൗകര്യം ലഭ്യമാണ്. 

ഓഫീസ് ജോലികളില്‍ ഏര്‍പ്പെടുന്ന വലിയൊരു വിഭാഗം ഉപയോക്താക്കള്‍ വാട്‌സാപ്പ് വെബ്ബിന്റെ സ്ഥിരം ഉപയോക്താക്കളാണ്. പല സ്ഥാപനങ്ങളും ഔദ്യോഗിക ആശയവിനിമയങ്ങള്‍ക്കായി വാട്‌സാപ്പ് ഗ്രൂപ്പുകള്‍ പ്രയോജനപ്പെടുത്തുന്നുണ്ട്. വീഡിയോ കോള്‍ സൗകര്യം കൂടിയെത്തുന്നതോടെ ഇത് വാട്‌സാപ്പ് വെബ്ബിനെ സംബന്ധിച്ചിടത്തോളം വലിയ നേട്ടമാവും. സമാനമായ മറ്റ് സേവനങ്ങളുമായി മത്സരിക്കാന്‍ ഇത് വാട്‌സാപ്പിനെ പ്രാപ്തമാക്കും. 

നിലവില്‍ മൊബൈല്‍ ആപ്പിനോട് ചേര്‍ത്താണ് വാട്‌സാപ്പ് വെബ്ബിന്റെ പ്രവര്‍ത്തനമെങ്കിലും വാട്‌സാപ്പ് വെബ്ബിന് സ്വതന്ത്ര ലോഗിന്‍ നല്‍കാനുള്ള ശ്രമവും കമ്പനി നടത്തുന്നുണ്ട്.

Content Highlights: whatsapp will soon get video audio call feature says report