രു മെസഞ്ചര്‍ ആപ്ലിക്കേഷന്‍ എന്നതിലുപരി ഇന്ത്യയില്‍ ഏറെ സ്വീകാര്യത ലഭിച്ച സേവനമാണ് വാട്‌സാപ്പ്. പ്രാദേശിക തലത്തില്‍ ജനസമ്മതി നേടിയ ഈ സേവനം. രാജ്യത്തെ വ്യവസായ സംരംഭങ്ങള്‍ക്ക് സഹായകമാവും വിധം വാട്‌സാപ്പ് ബിസിനസ് സേവനവും നല്‍കിവരുന്നുണ്ട്. വളര്‍ന്നുവരുന്ന വ്യവസായ സ്ഥാപനങ്ങള്‍ക്കും സ്റ്റാര്‍ട്ട് ആപ്പുകള്‍ക്കും ഉപയോക്താക്കളുമായി സംവദിക്കാന്‍ ഏറെ ഉപകാരപ്രദമാണ് വാട്‌സാപ്പ് ബിസിനസ് സേവനം. ഇപ്പോഴിതാ പുതിയ സ്റ്റാര്‍ട്ട്ആപ്പുകള്‍ക്ക് പ്രോത്സാഹനം നല്‍കുന്നതിനായി വാട്‌സാപ്പിന്റൈ 'സ്റ്റാര്‍ട്ട്അപ്പ് ഇന്ത്യ വാട്‌സാപ്പ് ഗ്രാന്റ് ചലഞ്ച്'.

ഇന്ത്യയിലെ സ്റ്റാര്‍ട്ട്അപ്പുകള്‍ക്ക് ശക്തിപകരുക എന്ന ലക്ഷ്യത്തോടെയാണ് വാട്‌സാപ്പിന്റെ ഈ മത്സരം. മത്സരില്‍ വിജയികളാകുന്ന അഞ്ച് പേര്‍ക്ക് 1.8 കോടി രൂപയാണ് വാട്‌സാപ്പ് നല്‍കുക. ആരോഗ്യം, പ്രാദേശികം, വാണിജ്യം, സാമ്പത്തികം, ഡിജിറ്റല്‍, വിദ്യാഭ്യാസം,ജനങ്ങളുടെ സുരക്ഷ എന്നിവയുള്‍പ്പടെ എല്ലാ മേഖലകളില്‍ നിന്നുള്ള സംരംഭകരേയും ലക്ഷ്യമിട്ടുള്ളതാണ് മത്സരം.

രാജ്യത്തെ വിവിധ പ്രശ്‌നങ്ങള്‍ നേരിടാന്‍ സാധിക്കുന്നതും, വലിയ അളവില്‍ സാമൂഹിക സാമ്പത്തിക സ്വാധീനം ഉണ്ടാക്കുന്നതുമായ മികച്ച നവീന ആശയങ്ങളും, വ്യവസായ രീതികളും ഉള്ള സംരഭകര്‍ക്ക് മത്സരത്തിനായി അപേക്ഷിക്കാം എന്ന് വാട്‌സാപ്പ് പറഞ്ഞു.

  • 2019 മാര്‍ച്ച് പത്ത് വരെയാണ് മത്സരത്തിന് രജിസ്റ്റര്‍ ചെയ്യാനുള്ള അവസരം. 
  • ഒരു സ്വതന്ത്ര കമ്മിറ്റിയായിരിക്കും അപേക്ഷകള്‍ വിലയിരുത്തുക
  • ആദ്യം തിരഞ്ഞെടുത്തവയില്‍ നിന്നും 30 മികച്ച ആശയങ്ങള്‍ ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്യും. അങ്ങനെ അവസാനം മികച്ച 10 ആശയങ്ങളിലേക്ക് അപേക്ഷകള്‍ ക്രമീകരിക്കും.
  • ഈ ആശയങ്ങള്‍ അവതരിപ്പിച്ചവരെ അവസാന റൗണ്ടില്‍ പങ്കെടുക്കുന്നതിനായി ക്ഷണിക്കും.
  • അവസാനം വിജയിക്കുന്ന അഞ്ച് ആശയങ്ങള്‍ക്ക് 50,000 ഡോളര്‍ ( ഏകദേശം 35 ലക്ഷം രൂപ ) ലഭിക്കും.

ഇത് രാജ്യത്തെ സംരഭകര്‍ക്ക് പ്രോത്സാഹനം നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 80 ശതമാനത്തിലേറെ വ്യവസായ സംരഭങ്ങള്‍ വാട്‌സാപ്പ് സേവനങ്ങള്‍ അവരുടെ വ്യവസായ വളര്‍ച്ചയ്ക്കായി പ്രയോജപ്പെടുത്തുന്നുണ്ടെന്നാണ് വാട്‌സാപ്പ് അവകാശപ്പെടുന്നത്. 

Contemt Highlights:WhatsApp will give Rs 1.8 crores to new Indian startups