പുതുവര്‍ഷ രാത്രിയില്‍ വാട്‌സാപ്പ് വീഡിയോ, ഓഡിയോകോള്‍ സേവനങ്ങളുടെ ഉപയോഗത്തില്‍ 50 ശതമാനം വര്‍ധനവുണ്ടായെന്ന് ഫെയ്‌സ്ബുക്ക്. കഴിഞ്ഞ വര്‍ഷത്തെ നിരക്കുമായി താരതമ്യം ചെയ്താണ് ഈ റിപ്പോര്‍ട്ട്. 

കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ വലിയൊരു വിഭാഗം ആളുകളും സാമൂഹ്യ അകലം പാലിച്ചുകൊണ്ട് പുതുവര്‍ഷത്തെ വരവേറ്റതാണ് ഈ വര്‍ധനവിന് കാരണമെന്ന് വിലയിരുത്തപ്പെടുന്നു. വലിയൊരു വിഭാഗം ഉപയോക്താക്കളും വാട്‌സാപ്പ് വീഡിയോ കോള്‍ സേവനം പുതുവര്‍ഷദിനത്തില്‍ പ്രീയപ്പെട്ടവരെ കാണാന്‍ പ്രയോജനപ്പെടുത്തി. 

ഫെയ്‌സ്ബുക്ക് പുറത്തുവിട്ട കണക്ക് അനുസരിച്ച് ആഗോളതലത്തില്‍ പുതുവര്‍ഷ രാത്രിയില്‍ 140 കോടിയിലധികം വീഡിയോ കോളുകളും വോയ്‌സ് കോളുകളുമാണ് ചെയ്തത്. ഫെയ്‌സ്ബുക്കിലും ഇന്‍സ്റ്റാഗ്രാമിലുമായി 5.5 കോടി ലൈവ് ബ്രോഡ്കാസ്റ്റുകളും നടന്നു. 

വീഡിയോകോള്‍, വോയ്‌സ് കോള്‍, ബ്രോഡ്കാസ്റ്റിങ് സേവനങ്ങളുടെ ഉപയോഗത്തില്‍ പെട്ടന്നുണ്ടായ വര്‍ധനവ് കൈക്കാര്യം ചെയ്യാന്‍ ഫെയ്‌സ്ബുക്കിന്റെ എഞ്ചിനീയറിങ് വിഭാഗത്തിന് കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ സാധിച്ചുവെന്ന് ഫെയ്‌സ്ബുക്ക് ടെക്‌നിക്കല്‍ പ്രോഗ്രാം മാനേജര്‍ കെയ്റ്റ്‌ലിന്‍ ബാന്‍ഫോര്‍ഡ് പറഞ്ഞു. 

Content Highlights: whatsapp video call voice calls hike on new year eve