2021 ഫെബ്രുവരി എട്ട് മുതല്‍ വാട്‌സാപ്പ് സേവന നിബന്ധനകള്‍ പരിഷ്‌കരിക്കുമെന്ന് റിപ്പോര്‍ട്ട്. വാബീറ്റ ഇന്‍ഫോ വെബ്‌സൈറ്റാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. അതിന്റെ ഭാഗമായി വാട്‌സാപ്പ് മുന്നോട്ട് വെക്കുന്ന വ്യവസ്ഥകള്‍ അംഗീകരിച്ചില്ലെങ്കില്‍ ഉപയോക്താക്കള്‍ക്ക് പിന്നീട് വാട്‌സാപ്പ് ഉപയോഗിക്കാന്‍ സാധിക്കില്ല. 

വാട്‌സാപ്പ് തുടര്‍ന്ന് ഉപയോഗിക്കണമെങ്കില്‍ നിങ്ങള്‍ വ്യവസ്ഥകള്‍ അംഗീകരിക്കണമെന്നും അല്ലെങ്കില്‍ നിങ്ങള്‍ക്ക് നിങ്ങളുടെ അക്കൗണ്ട് ഡിലീറ്റ് ചെയ്യാമെന്നും പറയുന്ന പ്രൈവസി പോളിസി അപ്‌ഡേറ്റ് നോട്ടിഫിക്കേഷന്റെ സ്‌ക്രീന്‍ഷോട്ട് വാബീറ്റാ ഇന്‍ഫോ പങ്കുവെച്ചു. 

ഉപയോക്താക്കളുടെ ഡാറ്റ എങ്ങനെയാണ് വാട്‌സാപ്പ് കൈകാര്യം ചെയ്യുന്നത്, വാട്‌സാപ്പ് ചാറ്റുകള്‍ കൈകാര്യം ചെയ്യാനും ശേഖരിക്കാനും വാണിജ്യ സ്ഥാപനങ്ങള്‍ക്ക് ഫെയ്‌സ്ബുക്കിന്റെ സേവനങ്ങള്‍ എങ്ങനെ ഉപയോഗിക്കാം തുടങ്ങിയ കാര്യങ്ങളാണ് പുതിയ പ്രൈവസി അപ്‌ഡേറ്റിലുള്ളത്. 

Terms
വ്യവസ്ഥകള്‍ അംഗീകരിക്കാന്‍ നിര്‍ബന്ധിച്ചുള്ള വാട്‌സാപ്പിന്റെ അറിയിപ്പ് | Photo: Wabetainfo

വാട്‌സാപ്പ് സേവനങ്ങള്‍ തുടര്‍ന്ന് ഉപയോഗിക്കണമെങ്കില്‍ നിര്‍ബന്ധമായും വ്യവസ്ഥ അംഗീകരിച്ചിരിക്കണം.

ഒരു ഇന്‍ ആപ്പ് ബാനര്‍ ആയാണ് ഈ അറിയിപ്പ് കാണിക്കുക. അടുത്തിടെയാണ് ഇന്‍ ആപ്പ് ബാനര്‍ സംവിധാനം വാട്‌സാപ്പില്‍ ഉള്‍പ്പെടുത്തിയത് ഈ ബാനറില്‍നിന്നും ഉപയോക്താക്കളെ മറ്റ് വെബ്‌സൈറ്റുകളിലേക്ക് കൊണ്ടുപോവാന്‍ കഴിയും. ഫെബ്രുവരി എട്ടിലെ അപ്‌ഡേറ്റിനെ കുറിച്ചുള്ള അറിയിപ്പ് ഈ ഫീച്ചര്‍ പ്രയോജനപ്പെടുത്തിയുള്ള വാട്‌സാപ്പിന്റെ ആദ്യ അറിയിപ്പായിരിക്കും.

Content Highlights: whatsapp users must accept new privacy terms or delete account