പയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്താന്‍ വാട്‌സാപ്പ് നിരന്തരം ഉപയോഗിക്കപ്പെടുമെന്നും വാട്‌സാപ്പ് എത്രയും പെട്ടെന്ന്  നീക്കം ചെയ്യണമെന്നും മെസേജിങ് സേവനമായ ടെലിഗ്രാം സ്ഥാപകന്‍ പാവെല്‍ ദുരോവ്. ചിത്രങ്ങളും വീഡിയോകളും ഒരു കാലത്ത് പരസ്യമാവുന്നതില്‍ പ്രശ്‌നമുള്ളവരാണ് എങ്കില്‍ വാട്‌സാപ്പ് ഉടന്‍ തന്നെ ഫോണില്‍ നിന്നും നീക്കം ചെയ്യണമെന്ന് ദുരോവ് പറഞ്ഞു. 

പെഗാസസ് സ്‌പൈവെയര്‍ ആക്രമണത്തിന് പിന്നാലെ വാട്‌സാപ്പിലൂടെ വീഡിയോ ഫയലുകള്‍ വഴി മാല്‍വെയര്‍ പ്രചരിച്ചുവെന്ന വാര്‍ത്തകളുടെ പശ്ചാത്തലത്തിലാണ് ദുരോവിന്റെ ടെലിഗ്രാം പോസ്റ്റ്. 

വാട്‌സാപ്പിലുണ്ടായ ഏറ്റവും പുതിയ സുരക്ഷാ വീഴ്ച അതീവ ഗുരുതരമാണെന്നാണ് ഇന്ത്യന്‍ കംപ്യൂട്ടര്‍ എമര്‍ജന്‍സി റസ്‌പോണ്‍സ് ടീമിന്റെ (സി.ഇ.ആര്‍.ടി.) വിലയിരുത്തല്‍. വീഡിയോ ഫയലുകള്‍ വഴിയുണ്ടായ സൈബര്‍ ആക്രമണത്തിന്റെ തെളിവുകള്‍ വിശദമാക്കാന്‍ വാട്‌സാപ്പ് ഉടമയായ ഫെയ്‌സ്ബുക്ക് തയ്യാറായിട്ടില്ല.

വാട്‌സാപ്പ് മെസേജുകള്‍ സംരക്ഷിക്കുന്നതില്‍ മാത്രമല്ല വാട്‌സാപ്പ് പരാജയപ്പെട്ടത്. നിങ്ങളുടെ ചിത്രങ്ങളും വാട്‌സാപ്പ് സന്ദേശങ്ങളും നിരീക്ഷിക്കുന്നതിനായുള്ള ട്രോജന്‍ കുതിരയായി വാട്‌സാപ്പ് നിരന്തരം ഉപയോഗിക്കപ്പെടുന്നുവെന്നും ദുരോവ് തന്റെ പോസ്റ്റില്‍ പറഞ്ഞു. 

നിരീക്ഷണ പദ്ധികളുടെ ഭാഗമാവുന്നതില്‍ വാട്‌സാപ്പിന്റെ മാതൃസ്ഥാപനമായ ഫെയ്‌സ്ബുക്കിനെയും ദുരോവ് വിമര്‍ശിക്കുന്നു. വാട്‌സാപ്പ് ഏറ്റെടുക്കുന്നതിന് മുമ്പും ഫെയ്‌സ്ബുക്ക് ഇത്തരം പ്രവൃത്തികളുടെ ഭാഗമാണ്. വാട്‌സാപ്പ് ഏറ്റെടുത്തതിന് ശേഷവും ഉപയോക്താക്കളെ നിരീക്ഷിക്കുന്ന് ഫെയ്‌സ്ബുക്ക് തുടരുകയാണെന്നും ദുരോവ് കുറ്റപ്പെടുത്തി. 

നേരത്തെ വാട്‌സാപ്പിന്റെ സ്ഥാപകരിലൊരാളായ ബ്രയാന്‍ ആക്ടണും ഫെയ്‌സ്ബുക്കിനെതിരെ രംഗത്തുവന്നിരുന്നു. ഉപയോക്താക്കളുടെ സ്വകാര്യതയ്ക്കും വിവരങ്ങള്‍ക്കും ഫെയ്‌സ്ബുക്ക് ഒട്ടും വിലകല്‍പ്പിക്കുന്നില്ലെന്നും ഉപയോക്താക്കള്‍ ഫെയ്‌സ്ബുക്ക് നീക്കം ചെയ്യണമെന്നും ആക്ടണ്‍ ആഹ്വാനം ചെയ്തു. 

അതേസമയം വാട്‌സാപ്പിനെ ഫെയ്‌സ്ബുക്കിന് നല്‍കിയതിലൂടെ തന്റെ ഉപയോക്താക്കളുടെ ഡാറ്റയും സ്വകാര്യതയും ആക്ടണ്‍ വിറ്റുവെന്ന് പാവെല്‍ ദുരോവ് ആരോപിക്കുകയുണ്ടായി. സോഷ്യല്‍ മീഡിയാ സ്ഥാപനങ്ങളുടെ സ്വകാര്യതാ നയങ്ങള്‍ സ്ഥിരമല്ലെന്ന് ഇത് വ്യക്തമാക്കുന്നുവെന്നും ദുരോവ് പറഞ്ഞു. 

വിപണിയില്‍ റഷ്യന്‍ കമ്പനിയായ ടെലിഗ്രാമിന്റെ മുഖ്യ എതിരാളിയാണ് വാട്‌സാപ്പ്. ഇതിന് മുമ്പും വാട്‌സാപ്പിലെ സുരക്ഷാ പ്രശ്‌നങ്ങള്‍ക്കെതിരെ ദുരോവ് രംഗത്തുവന്നിട്ടുണ്ട്.

Content Highlights: Whatsapp should be deleted says telegram founder pavel durov