ന്യൂഡല്‍ഹി: വ്യാജ സന്ദേശങ്ങള്‍ പ്രചരിക്കുന്നത് തടയാന്‍ പുതിയ അപ്ഡേറ്റുകള് അവതരിപ്പിച്ചിട്ടുണ്ടെന്ന് വാട്സ്ആപ്പ്. ഗ്രൂപ്പ് ചാറ്റില്‍ അടുത്തിടെ കൊണ്ടുവന്ന നിയന്ത്രണങ്ങള്‍ ഇതിന്റെ ഭാഗമാണെന്നും, ജനങ്ങളുടെ സുരക്ഷ സംബന്ധിച്ച് തങ്ങള്‍ ബോധവാന്മാരാണെന്നും വാട്സ്ആപ്പ് വക്താവ് പറഞ്ഞു. വ്യാജ സന്ദേശങ്ങള്‍ പ്രചരിക്കുന്നത് തടയാന്‍ വാട്സ്ആപ്പ് അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ പ്രസ്താവന പുറത്തിറക്കിയതിന് പിന്നാലെയായിരുന്നു വാട്സ്ആപ്പിന്റെ പ്രതികരണം.
വ്യാജ വാട്സ്ആപ്പ് സന്ദേശങ്ങള്‍ ആള്‍ക്കൂട്ട കൊലപാതകങ്ങളിലേക്ക് വഴിവെച്ചതോടെയാണ് കേന്ദ്രസര്‍ക്കാര്‍ വാട്സ്ആപ്പിനോട് സ്വരംകടുപ്പിച്ചത്. മഹാരാഷ്ട്ര, ആസാം, കര്‍ണാടക, പശ്ചിമ ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ വാട്സ്ആപ്പില്‍ പ്രചരിച്ച വ്യാജ സന്ദേശങ്ങള്‍ കാരണം ജനങ്ങള്‍ അക്രമാസക്തരായിരുന്നു. മഹാരാഷ്ട്രയില്‍ കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നവരെന്ന് ആരോപിച്ച് അഞ്ച് പേരെ ജനക്കൂട്ടം തല്ലിക്കൊന്നിരുന്നു.
അതേസമയം, വ്യാജ സന്ദേശങ്ങള്‍ കണ്ടെത്താന്‍ തങ്ങള്‍ പുതിയ അപ്ഡേറ്റുകള് കൊണ്ടുവന്നിട്ടുണ്ടെന്നായിരുന്നു വാട്സ്ആപ്പിന്റെ പ്രതികരണം. ഗ്രൂപ്പ് ചാറ്റ് സന്ദേശങ്ങള്‍ നിയന്ത്രിക്കാന്‍ ഗ്രൂപ്പ് അഡ്മിന് കൂടുതല്‍ അധികാരം നല്കുന്ന ഫീച്ചര്‍ ചൂണ്ടിക്കാട്ടിയായിരുന്നു വാട്സ്ആപ്പ് വക്താവ് ഇങ്ങനെ പ്രതികരിച്ചത്. വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കാന്‍ വാട്സ്ആപ്പ് ഉപയോഗിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും, കമ്പനിക്കും സമൂഹത്തിനും ഇത് വലിയ വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു.
വാട്സ്ആപ്പ് വഴി തുടര്‍ച്ചയായി വ്യാജവും പ്രകോപനപരവുമായ സന്ദേശങ്ങള്‍ പ്രചരിക്കുന്നത് അത്യന്തം ഗൗരവകരമാണെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ നിരീക്ഷണം. ഈ സാഹചര്യത്തിലാണ് വിഷയത്തില്‍ ശക്തമായ നടപടി സ്വീകരിക്കണമെന്ന് കേന്ദ്ര ഐടി മന്ത്രാലയം വാട്സ്ആപ്പിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
വാട്സ്ആപ്പിലൂടെ പ്രചരിക്കുന്ന വ്യാജവും പ്രകോപനപരവുമായ സന്ദേശങ്ങള്‍ കണ്ടെത്താന്‍ ഉചിതമായ ടെക്നോളജി ഉപയോഗിക്കണമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ ആവശ്യം. വ്യാജ സന്ദേശങ്ങള്‍ പ്രചരിക്കുന്നതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് വാട്സ്ആപ്പിന് ഒഴിഞ്ഞുമാറാനാകില്ലെന്നും കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞിരുന്നു.