ഏറെ കാത്തിരിപ്പിനൊടുവില്‍ വാട്‌സ്ആപ്പിന്റെ റീക്കോൾ ഫീച്ചര്‍ അഥവാ ഡെലിറ്റ് ഫോര്‍ എവരിവണ്‍ ഫീച്ചര്‍ എത്തി. വാട്‌സ്ആപ്പിന്റെ ആരാധക വെബ്‌സൈറ്റുകളിലൊന്നായ വാബ് ബീറ്റാ ഇന്‍ഫോയാണ് ഈ വിവരം പുറത്ത് വിട്ടത്. ആന്‍ഡ്രോയിഡ്, ഐഓഎസ്, വിന്‍ഡോസ് പതിപ്പുകളിലാണ് പുതിയ ഫീച്ചര്‍ എത്തിയിരിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ഇതു സംബന്ധിച്ച് വാട്‌സ്ആപ്പില്‍ നിന്നും ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഉണ്ടായിട്ടില്ല. 

ഇന്ന് മുതല്‍ ഈ പുതിയ ഫീച്ചര്‍ ലഭ്യമായിത്തുടങ്ങും. അതോടെ നിങ്ങള്‍ അബദ്ധത്തില്‍ അയച്ചതോ ചാറ്റുകള്‍ മാറി അയച്ചതോ ആയ സന്ദേശങ്ങള്‍ നിങ്ങള്‍ക്ക് തിരിച്ചെടുക്കാനാവും. 

ഈ ഫീച്ചര്‍ പ്രവര്‍ത്തിക്കണമെങ്കില്‍ സന്ദേശം അയക്കുന്നവരും സന്ദേശങ്ങള്‍ സ്വീകരിക്കുന്നവരും വാട്‌സ്ആപ്പിന്റെ അപ്‌ഡേറ്റ് ചെയ്ത പതിപ്പ് തന്നെ ഉപയോഗിക്കണം. ജിഫ്, ടെക്സ്റ്റ്, ഇമേജ്. വീഡിയോ, വോയ്‌സ് മെസേജ്, ലൊക്കേഷന്‍, സ്റ്റിക്കര്‍, കോണ്‍ടാക്റ്റ് കാര്‍ഡ് തുടങ്ങിയ സന്ദേശങ്ങളെല്ലാം ഇതുവഴി ഡെലീറ്റ് ചെയ്യാം.

സാവധാനത്തിലാണ് ഈ ഫീച്ചര്‍ ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കിവരുന്നതെന്ന് വാബ് ബീറ്റാ ഇന്‍ഫോ സൂചിപ്പിക്കുന്നു. എന്നാല്‍ ഏത് നിമിഷവും ഇതിന്റെ ആക്റ്റീവേഷന്‍ സന്ദേശം ലഭിച്ചേക്കും. ലൈവ് ലൊക്കേഷന്‍ ഷെയറിങ് ഫീച്ചറാണ് വാട്‌സ്ആപ്പ് അവസാനമായി അവതരിപ്പിച്ചത്. ഈ ഫീച്ചര്‍ ഇതിനോടകം എല്ലാ സ്മാര്‍ട്‌ഫോണ്‍ പതിപ്പുകളിലും എത്തിയിട്ടുണ്ട്.