ഇന്ന് ലോകത്ത് ഏറ്റവും അധികമാളുകള്‍ ഇടപെടുന്ന മെസേജിങ് ആപ്ലിക്കേഷനാണ് വാട്‌സാപ്പ്. 2009ല്‍ യാഹൂവിലെ മുന്‍ ജീവനക്കാരായ ബ്രയാന്‍ ആക്ടനും ജാന്‍ കോമും ചേര്‍ന്ന് തുടക്കമിട്ട സേവനം. 2014 ൽ വാട്സാപ്പിനെ ഫെയ്സ്ബുക്ക് ഏറ്റെടുത്തതോടെ ഫെയ്സ്ബുക്കിന്റെ നിയന്ത്രണത്തിലാണ് വാട്സാപ്പിന്റെ പ്രവർത്തനം.
വാട്‌സാപ്പിന് സമാനമായ സേവനങ്ങള്‍ നല്‍കുന്ന മറ്റൊരു ആപ്ലിക്കേഷനാണ് ടെലിഗ്രാം. 2013 ല്‍ സഹോദരന്മാരായ നികോളായിയും പാവെല്‍ ദുരോവും ചേര്‍ന്നാണ് ടെലിഗ്രാമിന് തുടക്കമിട്ടത്. റഷ്യയില്‍ ഏറ്റവും കൂടുതല്‍ പ്രചാരമുള്ള വികെ എന്ന സോഷ്യല്‍ നെറ്റ് വര്‍ക്കിന് തുടക്കമിട്ടവരാണിവര്‍. പിന്നീട് മെയില്‍.ആര്‍യു ഗ്രൂപ്പ് വികെ ഏറ്റെടുത്തതോടെ ഇവര്‍ വികെയില്‍ നിന്നും വിട്ടു.
ഇരു സേവനങ്ങളും സമാനതകള്‍ ഏറെയുണ്ട്. വാട്‌സാപ്പിന് ലഭിച്ച പ്രചാരം ടെലിഗ്രാമിനുണ്ടോ? 2021 ൽ വാട്സാപ്പ്ല പുതിയ പോളിസി നിബന്ധനകൾ അവതരിപ്പിച്ചതോടെ നിരവധിയാളുകള്‍ ടെലിഗ്രാമിലേക്ക് ചേക്കേറുന്നതായി കാണുന്നുണ്ട്. വാട്‌സാപ്പ് ആണോ ടെലിഗ്രാം ആണോ മികച്ചത്. പരിശോധിക്കാം.
ടെലിഗ്രാമിന്റെ സവിശേഷതകൾ
ക്ലൗഡ് സ്റ്റോറേജ്.
ടെലിഗ്രാമിന് ക്ലൗഡ് സ്‌റ്റോറേജ് സംവിധാനമുണ്ട്. അതായത് നിങ്ങളുടെ ടെക്‌സ്റ്റ് സന്ദേശങ്ങള്‍, ചിത്രങ്ങള്‍, മീഡിയാ ഫയലുകള്‍, ഡോക്യുമെന്റുകള്‍ എന്നിവയെല്ലാം ടെലിഗ്രാമിന്റെ ക്ലൗഡില്‍ ശേഖരിക്കപ്പെടും. അതീവ സുരക്ഷിതമായ എൻ്ക്രിപ്റ്റഡ് ആയാണ്ഇവ ശേഖരിച്ചുവെക്കുന്നതെന്ന് ടെലഗ്രാം പറയുന്നു. അതുകൊണ്ടുതന്നെ നിങ്ങള്‍ക്ക് എപ്പോള്‍ വേണമെങ്കിലും ലോഗ് ഔട്ട് ചെയ്യുകയോ ലോഗിന്‍ ചെയ്യുകയോ ആവാം. വെവ്വേറെ ഉപകരണങ്ങളില്‍ ലോഗിന്‍ ചെയ്താലും ഡേറ്റയൊന്നും നഷ്ടപ്പെടില്ല.
വാട്‌സാപ്പിലെ പോലെ ബാക്ക് അപ്പ് ചെയ്യേണ്ടതിന്റേയും റീസ്റ്റോര്‍ ചെയ്യേണ്ടതിന്റേയും ആവശ്യമില്ല. ഏതെല്ലാം ഉപകരണങ്ങളില്‍ ലോഗിന്‍ ചെയ്തിട്ടുണ്ടെന്ന് കാണാനും. സാധിക്കും. ടെലിഗ്രാമില്‍ അയച്ച ഫയലുകള്‍ എപ്പോള്‍ വേണമെങ്കിലും എവിടെ നിന്നും ഡൗണ്‍ലോഡ് ചെയ്‌തെടുക്കാനാവും.
മീഡിയാ കംപ്രഷന്‍
വാട്‌സാപ്പ് വഴി നിങ്ങള്‍ അയക്കുന്ന മീഡിയാ ഫയലുകള്‍ കംപ്രസ് ചെയ്ത് ചെറുതാക്കാറുണ്ട്. മുഴുവന്‍ ക്വാളിറ്റിയില്‍ അത് വാടസാപ്പ് വഴി അയക്കാന്‍ സാധിക്കാറില്ല. എന്നാല്‍ ടെലിഗ്രാമില്‍ നിങ്ങള്‍ അയക്കുന്ന ഫയലുകള്‍ കംപ്രസ് ചെയ്യണോ വേണ്ടയോ എന്ന് നിങ്ങള്‍ക്ക് തന്നെ തീരുമാനിക്കാനാവും.
ഗ്രൂപ്പിലെ അംഗങ്ങളുടെ എണ്ണത്തിലുള്ള പരിമിതി
ടെലിഗ്രാമിലെ സാധാരണ ഗ്രൂപ്പുകളില്‍ 200 പേരെയാണ് ഉള്‍ക്കൊള്ളുക. എന്നാല്‍ ഗ്രൂപ്പ് 'സൂപ്പര്‍ ഗ്രൂപ്പ്' എന്ന നിലയിലേക്ക് മാറിയാല്‍ 5000 പേരെ ഉള്‍ക്കൊള്ളിക്കാനാവും. സാധാരണ ഗ്രൂപ്പുകളേക്കാള്‍ കൂടുതല്‍ സൗകര്യങ്ങളും സൂപ്പര്‍ ഗ്രൂപ്പുകള്‍ക്കുണ്ട്.
യൂസര്‍ നെയിം സൗകര്യം
നിങ്ങളുടെ കോണ്‍ടാക്റ്റ് നമ്പര്‍ വെളിപ്പെടുത്താതെ ആരോട് വേണമെങ്കിലും ചാറ്റ് ചെയ്യാനുള്ള സൗകര്യം ടെലിഗ്രാമിലുണ്ട്. വാട്‌സാപ്പ് വഴിയുള്ള ചാറ്റുകള്‍ കോണ്‍ടാക്റ്റ് നമ്പര്‍ താത്പര്യമില്ലാത്ത പലരിലേക്കും എത്തുന്നതിനിടയാക്കുന്നുണ്ട്. വാട്‌സാപ്പിലെ പബ്ലിക് ഗ്രൂപ്പുകളില്‍ അംഗമാകുമ്പോള്‍ ഫോണ്‍ നമ്പര്‍ അപരിചിതരിലേക്ക് എത്തുന്നതിനും ഇടയാകുന്നു. എന്നാല്‍ ടെലിഗ്രാം ഗ്രൂപ്പുകളിലെ അംഗങ്ങള്‍ക്ക് ആളുകളുടെ യൂസര്‍നെയിം മാത്രമാണ് കാണാന്‍ സാധിക്കുക. അതുകൊണ്ടുതന്നെ കൂടുതല്‍ സ്വകാര്യത നല്‍കുന്നതാണ് ഈ ഫീച്ചര്‍.
ചാനലുകള്‍
ഗ്രൂപ്പുകള്‍ക്ക് സമാനമാണ് ചാനലുകള്‍ എങ്കിലും ചാനലുകളില്‍ അസംഖ്യം ആളുകളെ ഉള്‍പ്പെടുത്താനാവും. ചാനലില്‍ ആര്‍ക്കെല്ലാം പോസ്റ്റ് ചെയ്യാം എന്നത് നിര്‍മിക്കുന്ന ആള്‍ക്ക് തീരുമാനിക്കാം. അവര്‍ക്ക് മാത്രമേ ചാനലില്‍ ഉള്ളടക്കങ്ങള്‍ പോസ്റ്റ് ചെയ്യാനാവൂ. മറ്റുള്ളവര്‍ക്ക് കാണാന്‍ മാത്രമേ സാധിക്കൂ.
ഒന്നിലധികം പ്ലാറ്റ് ഫോമുകളില്‍ ലഭ്യമാണ്
ആന്‍ഡ്രോയിഡ്, ഐഓഎസ്, വിന്‍ഡോസ് ഫോണ്‍, വിന്‍ഡോസ് പിസി, മാക് ഓഎസ്, ലിനക്‌സ് ഉള്‍പ്പടെയുള്ള പ്ലാറ്റ്‌ഫോമുകളിലും വെബ് ബ്രൗസറുകള്‍ വഴിയും ടെലിഗ്രാം ഉപയോഗിക്കാനാവും. ക്ലൗഡ് അധിഷ്ടിത സേവനമായതിനാല്‍ ഫോണ്‍ ഓഫ് ആണെങ്കില്‍ പോലും ടെലിഗ്രാം വെബ് ഉപയോഗിക്കാം.
സീക്രട്ട് ചാറ്റ്
എന്റ് റ്റു എന്റ് എന്‍ക്രിപ്ഷന്‍ ലഭ്യമാകുന്ന ചാറ്റ് മോഡ് ആണിത്. ചാറ്റിന് കൂടുതല്‍ രഹസ്യ സ്വഭാവം ലഭിക്കുന്നു. അയക്കുന്ന സന്ദേശം നിശ്ചിത സമയത്തിനുള്ളില്‍ നീക്കം ചെയ്യപ്പെടുന്ന 'സെല്‍ഫ് ഡിസ്ട്രക്റ്റ് ടൈമര്‍' സംവിധാനം ഇതിലുണ്ട്. ഈ ചാറ്റില്‍ നുഴഞ്ഞുകയറാന്‍ മറ്റൊരാള്‍ക്കാവില്ല.
ബോട്ടുകള്‍ (Bots)
നിര്‍മിത ബുദ്ധിയും മെഷീന്‍ ലേണിങും അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സംവിധാനമാണിത്. നിരവധി ഉപയോഗങ്ങള്‍ ഇതുകൊണ്ടുണ്ട്. ഉദാഹരണത്തിന് ഇമേജ് ബോട്ട് ഉപയോഗിച്ച് പേരില്‍ നിന്നും ചിത്രങ്ങള്‍ ചാറ്റില്‍ ചേര്‍ക്കാന്‍ സാധിക്കും. ഇത് പോലെ സ്റ്റിക്കര്‍ ബോട്ട്, ജിഫ് ബോട്ട് തുടങ്ങി നിരവധിയുണ്ട്.
വോയ്‌സ് കോളുകള്‍
ടെലിഗ്രാമിന്റെ ഏറ്റവും പുതിയ പതിപ്പില്‍ വോയ്‌സ് കോള്‍ സൗകര്യം ലഭ്യമാണ്.
ഏത് തരത്തിലുള്ള ഫയലുകളും അയക്കാം
ടെലിഗ്രാം വഴി ഏത് തരത്തിലുള്ള ഫയലുകളും അയക്കാന്‍ സാധിക്കും. മാത്രവുമല്ല വലിയ ഫയലുകളും ടെലിഗ്രാം വഴി അയക്കാനാവും. വാട്‌സാപ്പില്‍ വീഡിയോ, ചിത്രങ്ങള്‍, ഡോക്യുമെന്റ് എന്നിവ മാത്രമേ അയക്കാന്‍ സാധിക്കൂ.
ഒരേ സമയം ഒന്നിലധികം ഉപകരണങ്ങള്‍
ഒരേ സമയം ഒന്നിലധികം ഉപകരണങ്ങളില്‍ ലോഗിന്‍ ചെയ്യാനാവുമെന്നതും ടെലിഗ്രാമിന്റെ ഒരു നേട്ടമാണ്.
വിവര ശേഖരണം, കൈകാര്യം
പരസ്യങ്ങൾ കാണിക്കാൻ ഉപയോക്താക്കളുടെ വിവരങ്ങൾ ഉപയോഗിക്കില്ലെന്നും ടെലഗ്രാമിന്റെ പ്രവർത്തനത്തിന് ആവശ്യമായ വിവരങ്ങൾ മാത്രമേ ശേഖരിക്കുന്നുള്ളൂ എന്നും ടെലഗ്രാം പ്രൈവസി പോളിസിയിൽ തുടക്കത്തിൽ തന്നെ വ്യക്തമാക്കുന്നുണ്ട്.
മൊബൈൽ നമ്പർ, പ്രൊഫൈൽ നെയിം, പ്രൊഫൈൽ ചിത്രം, എബൗട്ടിൽ നൽകിയ വിവരങ്ങൾ ഉൾപ്പെടുന്ന അടിസ്ഥാന അക്കൗണ്ട് വിവരങ്ങൾ എന്നിവ ടെലഗ്രാം ശേഖരിക്കുന്നുണ്ട്. ഉപയോക്താവിന്റെ യഥാർത്ഥ പേര്, ലിംഗം, വയസ് എന്നിവയൊന്നും തങ്ങൾക്ക് അറിയേണ്ടതില്ലെന്ന് ടെലഗ്രാം പറയുന്നു.
ടു സ്റ്റെപ്പ് വെരിഫിക്കേഷന് വേണ്ടി ഇമെയിൽ നൽകിയാൽ അത് ടെലഗ്രാം ശേഖരിച്ചുവെക്കും. ഇത് പാസ് വേഡ് മറന്നുപോയാൽ തിരിച്ചെടുക്കുന്നതിന് വേണ്ടി മാത്രമാണ് ഉപയോഗിക്കുക. ഇത് മാർക്കറ്റിങ് ആവശ്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കില്ലെന്നും കമ്പനി വ്യക്തമാക്കുന്നു.
ടെലിഗ്രാമില്‍ നിന്നും വാട്‌സാപ്പിനുള്ള വ്യത്യാസങ്ങൾ
വോയ്‌സ് കോളിനൊപ്പം വീഡിയോ കോള്‍ സൗകര്യവും
ടെലിഗ്രാമില്‍ വോയ്‌സ് കോള്‍ മാത്രമേ ഉള്ളൂ എന്നാല്‍ വാട്‌സാപ്പില്‍ വോയ്‌സ് കോളും വീഡിയോ കോള്‍ സൗകര്യവുമുണ്ട്.
എല്ലാ ചാറ്റും എന്റ് റ്റു എ്ന്റ് എന്‍ക്രിപ്ഷന്‍
ടെലിഗ്രാമില്‍ സീക്രട്ട് ചാറ്റ് മോഡില്‍ മാത്രമാണ് എന്റ് റ്റു എന്റ് എന്‍ക്രിപ്ഷനുള്ളത്. എന്നാല്‍ വാട്‌സാപ്പിലെ എല്ലാ ചാറ്റുകള്‍ക്കും എന്‍ക്രിപ്ഷനുണ്ട്.
ഗുണമേന്മയുള്ള ഫയലുകൾ അയക്കാനും ഡൗണ്‍ലോഡ് ചെയ്യാനും വളരെ എളുപ്പമാണ് ടെലിഗ്രാമില്‍. വാട്സാപ്പിനേക്കാൾ വേഗം ടെലിഗ്രാമിനുണ്ടെന്നാണ് വിലയിരുത്തൽ. സമാനതകള്‍ ഉള്ളപ്പോഴും നല്‍കുന്ന സൗകര്യങ്ങളുടെ കാര്യത്തില്‍ വാട്‌സാപ്പിനേക്കാള്‍ ഒരുപടി മുന്നില്‍ നില്‍ക്കുന്നത് ടെലിഗ്രാം ആണ്.
വാട്സാപ്പിന്റെ വിവര ശേഖരണം, കൈകാര്യം
നിങ്ങള്‍ നല്‍കിയിരിക്കുന്ന പേര്, പ്രൊഫൈല്‍ ചിത്രം, എബൗട്ട് വിവരങ്ങള്‍, ഫോണിലെ കോണ്‍ടാക്റ്റുകള്‍, നിങ്ങള്‍ ഏതെല്ലാം നമ്പറുകളുമായി ചാറ്റ് ചെയ്യുന്നു, ഏതെല്ലാം വാണിജ്യ സ്ഥാപനങ്ങളുമായി ചാറ്റ് ചെയ്യുന്നു, വാട്സാപ്പ് വഴി വരുന്ന ലിങ്കുകളിലൂടെ ഏതെല്ലാം വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കുന്നു, എത്രനേരം വാട്സാപ്പില്‍ സമയം ചെലവിടുന്നു, നിങ്ങളുടെ പണമിടപാട് വിവരങ്ങള്‍ തുടങ്ങിയവ വാട്സാപ്പ് ശേഖരിക്കും. അത് വാണിജ്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുകയും ചെയ്യും.
ഓരോ സേവനങ്ങളും കാര്യക്ഷമമാക്കുന്നതിനും പഠിക്കുന്നതിനും വിശകലനം ചെയ്യുന്നതിനുമായി ആ വിവരങ്ങള്‍ കമ്പനി ഉപയോഗിക്കും. അതിനായി സഹായിക്കുന്ന മറ്റ് സ്ഥാപനങ്ങളുമായും ഫെയ്സ്ബുക്കിന്‍റെ ഉടമസ്ഥതയിലുള്ള മറ്റ് സ്ഥാപനങ്ങളുമായും അവ പങ്കുവെക്കുകയും ചെയ്യും. ഫോണ്‍ ഉപയോഗിക്കുന്ന വ്യക്തിയുടെ ലൊക്കേഷന്‍, മൊബൈല്‍ നെറ്റ് വര്‍ക്ക്, പോലുള്ള വിവരങ്ങളും വാട്സാപ്പ് ശേഖരിക്കുന്നുണ്ട്.
Content Highlights: whatsapp or telegram which is better