മ്മള്‍ എപ്പോഴെല്ലാം വാട്‌സാപ്പ് ഉപയോഗിക്കുന്നുണ്ട് എന്നുള്ളത് മറ്റുള്ളവര്‍ അറിയുന്നത് ഒരു തരത്തില്‍ സ്വകാര്യതാ ലംഘനം തന്നെയാണ്.  ഓണ്‍ലൈനിലുണ്ടോ എന്ന് പരസ്പരം ഉപഭോക്താക്കള്‍ അറിയേണ്ടതും ഒരു ചാറ്റിങ് ആപ്ലിക്കേഷന്റെ പ്രവര്‍ത്തനത്തെ സംബന്ധിച്ചിടത്തോളം അനിവാര്യവുമാണ്. 

രാത്രിസമയത്തെ വാട്‌സാപ്പ് ഉപയോഗത്തിന് സദാചാര വാദികളുടെ ചോദ്യം ചെയ്യലുകള്‍ നേരിടേണ്ടി വരുന്നത് പലപ്പോഴും സ്ത്രീകളാണ്. കോണ്‍ടാക്റ്റ് ലിസ്റ്റിലുള്ള ഇത്തരക്കാരെ അവഗണിക്കാന്‍ സഹായിക്കുന്ന ഒരു സംവിധാനമാണ് വാട്‌സാപ്പ് അവതരിപ്പിക്കാനൊരുങ്ങുന്നത്. 

അവസാനമായി എപ്പോഴാണ് വാട്‌സാപ്പ് ഉപയോഗിച്ചത് എന്ന വിവരം, പ്രൊഫൈല്‍ ചിത്രം, എബൗട്ട് സ്റ്റാറ്റസ് എന്നിവ മറച്ചുവെക്കാനുള്ള സൗകര്യം വാട്‌സാപ്പ് നേരത്തെ അവതരിപ്പിച്ചിരുന്നു.

ഒന്നുകില്‍ എല്ലാവര്‍ക്കും കാണാം, അല്ലെങ്കില്‍ കോണ്‍ടാക്റ്റുകള്‍ക്ക് മാത്രമായി കാണാം, അതുമല്ലെങ്കില്‍ ആരും കാണരുത്. ഈ ഓപ്ഷനുകള്‍ മാത്രമാണ് ലഭ്യമായിരുന്നത്. അപരിചിതരായ ആളുകളില്‍ നിന്ന് നിങ്ങളുടെ വ്യക്തി വിവരങ്ങള്‍ മറച്ചുവെക്കാന്‍ കോണ്‍ടാക്റ്റുകള്‍ക്ക് മാത്രമായി പ്രൈവസി ചുരുക്കുന്നത് ഗുണം ചെയ്യും. എന്നാല്‍ നിങ്ങളുടെ കോണ്‍ടാക്റ്റ് ലിസ്റ്റിലുള്ള ചിലരില്‍ നിന്ന് മാത്രമായി മറച്ചുവെക്കാനാവുമായിരുന്നില്ല.

എന്നാല്‍ ഇനി മുതല്‍ ചിലര്‍ ഒഴികെ കോണ്‍ടാക്റ്റ് ലിസ്റ്റിലുള്ള മറ്റുള്ളവര്‍ക്കെല്ലാം നിങ്ങളുടെ ലാസ്റ്റ് സീന്‍ സ്റ്റാറ്റസും, പ്രൊഫൈല്‍ ചിത്രവും, എബൗട്ട് സ്റ്റാറ്റസും കാണാന്‍ അനുവദിക്കുന്ന My Contacts Except എന്ന ഓപ്ഷനും കൂടി നല്‍കാനാണ് വാട്‌സാപ്പ് ഒരുങ്ങുന്നത്. 

വാബീറ്റാ ഇന്‍ഫോയാണ് ഇതിന്റെ വിവരങ്ങള്‍ പങ്കുവെച്ചത്. ആന്‍ഡ്രോയിഡ്, ഐഓഎസ് ഉപഭോക്താക്കള്‍ക്ക് ഈ സൗകര്യം ലഭ്യമാവും.