വാട്സാപ്പ് ഇതിനോടകം നിരവധി പുതിയ ഫീച്ചറുകൾ അവതരിപ്പിച്ചിട്ടുണ്ട്. ഡിസപ്പിയറിങ് ഫീച്ചർ, വാട്സാപ്പ് പേമെന്റ്സ്, ബൾക്ക് ഡിലീറ്റ്, ഷോപ്പിങ് ബട്ടൻ പോലുള്ളവ ഏറ്റവും ഒടുവിൽ അവതരിപ്പിക്കപ്പെട്ട സൗകര്യങ്ങളാണ്.

എന്നാൽ കൂടുതൽ സൗകര്യങ്ങൾ ഇനിയും അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് വാട്സാപ്പ്. റീഡ് ലേറ്റർ, വീഡിയോ അയക്കുന്നതിന് മുമ്പ് മ്യൂട്ട് ചെയ്യുക, റിപ്പോർട്ട് ടു വാട്സാപ്പ് പോലുള്ളവ അതിൽ ചിലതാണ്. ഈ സൗകര്യങ്ങൾ നിലവിൽ വികസന ഘട്ടത്തിലാണ്. വാട്സാപ്പ് ബീറ്റയുടെ ചില അപ്ഡേറ്റുകളിൽ ഇവ ശ്രദ്ധയിൽ പെട്ടതായി വാബീറ്റാ ഇൻഫോ റിപ്പോർട്ടുകൾ പറയുന്നു.

റീഡ് ലേറ്റർ

നിർമാണ ഘട്ടത്തിലിരിക്കുന്ന വാട്സാപ്പ് ഫീച്ചറുകളിലൊന്നാണ് റീഡ് ലേറ്റർ. പേര് സൂചിപ്പിക്കുന്ന പോലെ സന്ദേശങ്ങൾ പിന്നീട് വായിക്കുന്നതിനുള്ളതാണ് ഇത്. നിലവിൽ വാട്സാപ്പിൽ ലഭ്യമായ ആർക്കൈവ്ഡ് ചാറ്റിന്റെ പരിഷ്കൃത രൂപമാണിതെന്നാണ് വാബീറ്റാ ഇൻഫെ വെബ്സൈറ്റ് പറയുന്നത്.

റീഡ് ലേറ്റർ ഓൺ ചെയ്തുവെച്ച ചാറ്റുകളിൽ നിന്നുള്ള നോട്ടിഫിക്കേഷനുകൾ നിങ്ങൾക്ക് ലഭിക്കില്ല. ആർക്കൈവ് ചാറ്റിൽ ഉൾപ്പെടുന്ന മറ്റൊരു സംവിധാനമാണ് വെക്കേഷൻ മോഡ്. ഈ സംവിധാനത്തിലൂടെ പുതിയ സന്ദേശങ്ങൾ വന്നാലും അവ സ്ഥിരമായി ആർക്കൈവ് ലിസ്റ്റിൽ തന്നെ നിലനിർത്തുന്നതിനാണ് ഇത്.

റിപ്പോർട്ട് ടു വാട്സാപ്പ്

അനാവശ്യ കോൺടാക്റ്റുകളിൽ നിന്നും ഗ്രൂപ്പുകളിൽ നിന്നുമുള്ള സന്ദേശങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനുള്ള സൗകര്യമാണിത്. ഫെയ്ബുക്കിൽ അക്കൗണ്ടുകൾ റിപ്പോർട്ട് ചെയ്യുന്നതിന് സമാനമായ സൗകര്യമാണിത്.

ഇങ്ങനെ റിപ്പോർട്ട് ചെയ്യപ്പെടുന്ന നമ്പറുകൾക്കെതിരെ വാട്സാപ്പ് നടപടി സ്വീകരിക്കും. ഈ ഫീച്ചർ ഇതുവരെ ലഭ്യമായിട്ടില്ലെങ്കിലും. വാട്സാപ്പ് ബീറ്റാ പതിപ്പിൽ ഇത് പരീക്ഷിക്കപ്പെടുന്നുണ്ട്.

മൾടി ഡിവൈസ് സപ്പോർട്ട്

ഏറെ നാളുകളായി വാർത്തകളിൽ നിറയുന്ന ഒരു ഫീച്ചർ ആണിത്. വ്യത്യസ്ത ഉപകരണങ്ങളിൽ നിന്ന് അക്കൗണ്ടിൽ സൈൻ ഇൻ ചെയ്യാൻ സാധിക്കുന്ന ഫീച്ചർ ആണിത്. നിലവിൽ വെബ് ആപ്പ് ഉപയോഗിക്കുന്നവർ ആദ്യം മൊബൈൽ ആപ്പിൽ ലോഗിൻ ചെയ്യണം. ഇതിന്റെ നിർമാണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലാണെന്നാണ് വിവരം.

കസ്റ്റമൈസബിൾ വാൾപേപ്പറുകൾ

ചാറ്റുകൾക്ക് ഇഷ്ടാനുസരണം വ്യത്യസ്ത വാൾപേപ്പറുകൾ വെക്കാനുള്ള സൗകര്യമാണിത്. നിലവിൽ വാൾപേപ്പർ മാറ്റാൻ സാധിക്കുമെങ്കിലും എല്ലാ ചാറ്റുകൾക്കും ഒരേ വാൾപേപ്പർ തന്നെ ആയിരിക്കും ഉണ്ടാവുക.

Content Highlights:whatsapp new features under development