ലോകത്തെ ഏറ്റവും വലിയ സോഷ്യല്‍ മെസേജിങ് സര്‍വീസായ വാട്‌സ്ആപ്പില്‍ സുരക്ഷാവീഴ്ചയുണ്ടെന്ന് റിപ്പോര്‍ട്ട്. വാട്‌സ്ആപ്പിന്റെ ഉടമയായ ഫെയ്‌സ്ബുക്കിനും മറ്റുള്ളവര്‍ക്കും വേണമെങ്കില്‍, വാട്‌സ്ആപ്പിലെ എന്‍ക്രിപ്റ്റഡ് സന്ദേശങ്ങള്‍ വായിക്കാന്‍ കഴിയുമെന്നാണ് ഒരു സുരക്ഷാവിദഗ്ധന്റെ മുന്നറിയിപ്പ്. 

വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ വായിക്കാന്‍ ഭരണകൂടങ്ങള്‍ക്ക് അവസരമൊരുക്കുന്ന 'പിന്‍വാതില്‍ ഏര്‍പ്പാടാ'ണിതെന്ന്, 'ഗാര്‍ഡിയന്‍' കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പറയുന്നു. എന്നാല്‍, അത്തരമൊരു പിന്‍വാതില്‍ ഏര്‍പ്പാട് അനുവദിക്കില്ലെന്ന് വാട്‌സ്ആപ്പ് പ്രസ്താവനയില്‍ വ്യക്തമാക്കി. 

ടോബിയസ് ബോള്‍ട്ടര്‍ എന്ന സുരക്ഷാവിദഗ്ധനാണ്, വാട്‌സ്ആപ്പിലൊരു 'പിന്‍വാതില്‍ പഴുത്' ഉള്ളകാര്യം വെളിപ്പെടുത്തിയത്. ഇക്കാര്യം കഴിഞ്ഞ വര്‍ഷം തന്നെ ഫെയ്‌സ്ബുക്കിനെ താന്‍ അറിയിച്ചിരുന്നതായി അദ്ദേഹം പറയുന്നു. പ്രശ്‌നം പരിഹരിക്കാന്‍ ശ്രമം തുടരുന്നു എന്ന മറുപടിയാണ് തനിക്ക് ലഭിച്ചതെന്നും ബോള്‍ട്ടര്‍ അറിയിച്ചു.

അതേസമയം, ബോള്‍ട്ടര്‍ സൂചിപ്പിച്ച മാതിരിയൊരു പിന്‍വാതില്‍ പിഴവ് ഇല്ലെന്ന് വാട്ട്‌സ്ആപ്പും അതിലെ സന്ദേശങ്ങളുടെ 'എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍ പ്രോട്ടോക്കള്‍' സാധ്യമാക്കുന്ന 'ഓപ്പണ്‍ വിസ്പര്‍ സിസ്റ്റംസും' അറിയിച്ചു. സര്‍ക്കാരുകള്‍ക്ക് വാട്‌സ്ആപ്പില്‍ പിന്‍വാതില്‍ പ്രവേശനം അനുവദിക്കില്ലെന്നും വാട്ട്‌സ്ആപ്പ് വ്യക്തമാക്കി.