വാട്‌സാപ്പിന്റെ വിവാദമായ സ്വകാര്യതാ നയവുമായി ബന്ധപ്പെട്ട് പുതിയ റിപ്പോര്‍ട്ട്. പുതിയ നയ വ്യവസ്ഥകള്‍ അംഗീകരിക്കാന്‍ ഉപഭോക്താക്കളെ വാട്‌സാപ്പ് നിര്‍ബന്ധിക്കില്ല. വാബീറ്റ ഇന്‍ഫോ വെബ്‌സൈറ്റാണ് ഈ വിവരം പുറത്തുവിട്ടത്. പുതിയ വ്യവസ്ഥകള്‍ നിഷേധിക്കാന്‍ ഉപഭോക്താവിന് സ്വാതന്ത്ര്യമുണ്ടാവും. എന്നാല്‍ ഇതില്‍ മറ്റ് ചില കാര്യങ്ങളുണ്ട്. 

ഇന്ന് പല സേവനങ്ങളും വാണിജ്യാവശ്യങ്ങള്‍ക്കായി വാട്‌സാപ്പ് പ്രയോജനപ്പെടുത്തുന്നുണ്ട്. വാണിജ്യ സ്ഥാപനങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനായി പ്രത്യേകം ബിസിനസ് ആപ്പ് വാട്‌സാപ്പിനുണ്ട്. ഇത്തരം ബിസിനസ് അക്കൗണ്ടുകളുമായി ചാറ്റ് ചെയ്യണമെങ്കില്‍ ഉപഭോക്താവ് പുതിയ നയവ്യവസ്ഥകള്‍ പുനഃപരിശോധിച്ച് അംഗീകരിക്കേണ്ടതായി വരും. 

ബിസിനസ് അക്കൗണ്ടുകളുമായി ചാറ്റ് ചെയ്യാത്തവരെ പുതിയ പ്രൈവസി അപ്‌ഡേറ്റ് ബാധിക്കുകയില്ല. 

വാട്‌സാപ്പ് ബിസിനസ് അക്കൗണ്ടുകളുമായി ഒരു ഉപഭോക്താവ് ചാറ്റ് ചെയ്യാന്‍ തുടങ്ങുമ്പോള്‍ തന്നെ വാട്‌സാപ്പ് പുതിയ നയ വ്യവസ്ഥകള്‍ അയാളെ കാണിക്കും. അത് അംഗീകരിച്ചാല്‍ മാത്രമേ ആ ചാറ്റ് ആരംഭിക്കാന്‍ ഉപഭോക്താവിന് സാധിക്കൂ. 

അധികം വൈകാതെ തന്നെ വാട്‌സാപ്പിന്റെ പുതിയ അപ്‌ഡേറ്റിനൊപ്പം ഈ സംവിധാനവും അവതരിപ്പിക്കുമെന്ന് വാബീറ്റാ ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്തു.

ഈ വര്‍ഷം ജനുവരിയിലാണ് വാട്‌സാപ്പ് പുതിയ നയവ്യവസ്ഥകള്‍ പ്രഖ്യാപിച്ചത്. ഇത് അംഗീകരിക്കാത്തവര്‍ക്ക് വാട്‌സാപ്പ് സേവനം തുടര്‍ന്ന് ഉപയോഗിക്കാന്‍ സാധിക്കില്ലെന്ന നിബന്ധനയും വാട്‌സാപ്പ് മുന്നോട്ടുവെച്ചു. ഉപഭോക്താവിന്റെ വിവരങ്ങള്‍ ഫെയ്‌സ്ബുക്കിന്റെ മറ്റ് സേവനങ്ങളുമായി പങ്കുവെക്കും എന്നതുള്‍പ്പടെയുള്ള വ്യവസ്ഥകള്‍ അതിലുണ്ടായിരുന്നു. 

ഇതിനെതിരെ വലിയ പ്രതിഷേധങ്ങള്‍ ഉയരുകയും. പകരം സംവിധാനങ്ങളിലേക്ക് ചേക്കേറാനുള്ള ആഹ്വാനം ഉപഭോക്താക്കളില്‍ നിന്നുയരുകയും ചെയ്തതോടെയാണ് തീരുമാനം പുനഃപരിശോധിക്കാന്‍ വാട്‌സാപ്പ് തയ്യാറായത്.

content highlights: WhatsApp may not force you to accept new policy