ന്യൂഡല്‍ഹി:  ഡിജിറ്റല്‍ ഇന്ത്യയുടെ ചുവടു പിടിച്ച് പ്രമുഖ മെസേജിങ് ആപ്പായ വാട്ട്‌സ് ആപ്പ് ഡിജിറ്റല്‍ പേമെന്റിലേക്ക് കടക്കാനൊരുങ്ങുന്നു. വാട്ട്‌സ് ആപ്പിന്റെ എട്ടാം ജന്‍മദിനത്തിന്റെ ഭാഗമായി ഇന്ത്യയിലെത്തിയ ആപ്പിന്റെ സഹസ്ഥാപകന്‍ ബ്രയാന്‍ ആക്ടണ്‍ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 

പ്രമുഖ ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഡിജിറ്റല്‍ പേമെന്റ് സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനായുള്ള പ്രാഥമിക ഘട്ടത്തിലാണ് തങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസം കേന്ദ്ര ഐടി മന്ത്രി രവിശങ്കര്‍ പ്രസാദുമായി ബ്രയാന്‍ ആക്ടണ്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. 

ഇന്ത്യയിലേക്കുള്ള തന്റെ സന്ദര്‍ശനം വാട്ട്‌സ് ആപ്പിന്റെ അംബാസിഡര്‍ എന്ന നിലയിലാണെന്നും അദ്ദേഹം പറഞ്ഞു. 20 കോടി സജീവ ഉപഭോക്താക്കളാണ്‌ മാസംതോറും വാട്ട്‌സ് ആപ്പിന് ഇന്ത്യയിലുള്ളത്‌.

ഇന്ത്യ തങ്ങളുടെ പ്രധാനപ്പെട്ട മാര്‍ക്കറ്റാണെന്നും ഇന്ത്യക്കാരുടെ ഭാവിക്കായി ഒന്നിച്ച് പ്രവര്‍ത്തിക്കാന്‍ തങ്ങള്‍ ആഗ്രഹിക്കന്നുവെന്നും ബ്രയാണ്‍ പറയുന്നു. 

പുതിയതായി ഉള്‍പ്പെടുത്തിയ സ്റ്റാറ്റസ് സൗകര്യത്തിനോട് ഉപയോക്താക്കള്‍ അനുകൂലമായാണ് പ്രതികരിക്കുന്നതെന്നും പ്രതികരണങ്ങളും നിര്‍ദ്ദേശങ്ങളും സ്വീകരിച്ച് സൗകര്യം കൂടുതല്‍ മെച്ചപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. കൊമേഴ്‌സ്യലായിട്ടുള്ള മെസേജുകള്‍ വാട്ട്‌സ് ആപ്പുവഴി പ്രചരിക്കുന്നത് നിയന്ത്രിക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വാട്ട്‌സ്ആപ്പിനെ ഫെയ്‌സ് ബുക്ക് ഏറ്റെടുത്തതിന് ശേഷം വളര്‍ച്ച വളരെ വേഗമായെന്നും നിരവധി പ്രതിസന്ധികളെ തരണം ചെയ്യാനുള്ള സാങ്കേതിക സഹായം ഫെയ്‌സ് ബുക്കിന്റെ ഭാഗത്തുനിന്നുണ്ടായതായും ബ്രയാണ്‍ പറഞ്ഞു.