ഫെയ്‌സ്ബുക്കിന്റെ വാട്ട്‌സ്ആപ്പും ഗൂഗിളിന്റെ ജീമെയിലും നൂറുകോടി ഉപയോക്താക്കളെന്ന നാഴിക്കല്ല് പിന്നിട്ടു. ഇതിനര്‍ഥം, ലോകജനസംഖ്യയുടെ ഏഴിലൊന്ന് വീതം ഈ രണ്ട് സര്‍വീസുകളും ഉപയോഗിക്കുന്നു എന്നാണ്. 

നൂറുകോടിയിലേറെ യൂസര്‍മാരുള്ള ഫെയ്‌സ്ബുക്ക് (പ്രതിമാസം 159 കോടി ഉപയോക്താക്കള്‍), ഗൂഗിള്‍ സെര്‍ച്ച്, ഗൂഗിള്‍ ക്രോം (മൊബൈലിലും ഡെസ്‌ക്‌ടോപ്പിലും), ഗൂഗിള്‍ മാപ്‌സ്, യൂട്യൂബ്, ഗൂഗിളിന്റെ ആന്‍ഡ്രോയ്ഡ് (ഇതുവഴി ഗൂഗിള്‍ പ്ലേ) എന്നീ സര്‍വീസകള്‍ക്കൊപ്പം ചേരുകയാണ് ഇതോടെ വാട്ട്‌സ്ആപ്പും ജീമെയിലും. 

മുന്‍ യാഹൂ ജീവനക്കാരായ ബ്രിയാന്‍ ആക്ടണ്‍, ജാന്‍ കോവും എന്നിവര്‍ ചേര്‍ന്ന് ആറുവര്‍ഷം മുമ്പ് രൂപംനല്‍കിയ വാട്ട്‌സ്ആപ്പ് ഇന്ന് ലോകത്ത് ഏറ്റവുമധികം പേര്‍ ഉപയോഗിക്കുന്ന മൊബൈല്‍ മെസഞ്ചര്‍ സര്‍വീസാണ്. ഏതാണ്ട് എല്ലാ രാജ്യങ്ങളിലും, എല്ലാ മൊബൈല്‍ പ്ലാറ്റ്‌ഫോമുകളിലും വാട്ട്‌സ്ആപ്പ് പ്രവര്‍ത്തിക്കുന്നു.

1900 കോടി ഡോളര്‍ നല്‍കി 2014 ഫിബ്രവരിയിലാണ് വാട്ട്‌സ്ആപ്പിനെ ഫെയ്‌സ്ബുക്ക് സ്വന്തമാക്കിയത്. അന്നുതന്നെ, നൂറുകോടി ആളുകളെ പരസ്പരം ബന്ധിപ്പിക്കുന്ന സര്‍വീസായി വാട്ട്‌സ്ആപ്പ് മാറ്റുമെന്ന് ഫെയ്‌സ്ബുക്ക് മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗ് പ്രസ്താവിച്ചിരുന്നു. കഴിഞ്ഞ 21 മാസത്തിനിടെയാണ് വാട്ട്‌സ്ആപ്പ് ഉപയോക്താക്കളുടെ സംഖ്യ ഇരട്ടിയായത്. 

ടെക്‌സ്റ്റ്, ചാറ്റ്, ചിത്രങ്ങള്‍, വീഡിയോ എന്നിവ അനായാസം പങ്കിടാനാണ് വാട്ട്‌സ്ആപ്പ് കൂടുതലായും ഉപയോഗിക്കുന്നത്. എന്നാല്‍, അതിലേറെ വൈവിധ്യമാര്‍ന്ന തരത്തില്‍ ഉപയോഗിക്കാന്‍ കഴിയുന്ന സര്‍വീസാണ് ഗൂഗിളിന്റെ ജീമെയില്‍. 

ജീമെയില്‍ സജീവമായി ഉപയോഗിക്കുന്ന പ്രതിമാസ ഉപയോക്താക്കളുടെ സംഖ്യ 100 കോടി പിന്നിട്ട കാര്യം ഗൂഗില്‍ മേധാവി സുന്ദര്‍ പിച്ചായ് ആണ് അറിയിച്ചത്. സെര്‍ച്ച് കഴിഞ്ഞാല്‍ ഏറ്റവും പ്രധാനപ്പെട്ട ഗൂഗിള്‍ സര്‍വീസുകളിലൊന്നായി ഇതോടെ ജീമെയില്‍ മാറി. 

2004 ഏപ്രില്‍ 1 ന് ഗൂഗിള്‍ അവതരിപ്പിച്ച ജീമെയില്‍ സര്‍വീസ്, പരസ്യങ്ങളുടെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഒന്നാണ്. ഗൂഗിളിന്റെ വരുമാനത്തിലേക്ക് ജീമെയില്‍ കാര്യമായ സംഭാവന ചെയ്യുന്നു എന്നര്‍ഥം. 

അതേസമയം, ഫെയ്‌സ്ബുക്കിന്റെ വാട്ട്‌സ്ആപ്പ് അടുത്തിയിടെയാണ് അതിന്റെ ഒരു ഡോളര്‍ വാര്‍ഷിക ഫീസ് ഒഴിവാക്കുന്നതായി പ്രഖ്യാപിച്ചത്. എങ്ങനെയാണ് നൂറുകോടിയിലേറെ യൂസര്‍മാരുള്ള വാട്ട്‌സ്ആപ്പ് ലാഭമുണ്ടാക്കുക എന്നകാര്യം ഇപ്പോഴും വ്യക്തമായിട്ടില്ല.