വാട്‌സാപ്പില്‍ ഇന്‍-ആപ്പ് ബ്രൗസിങ്,  റിവേഴ്‌സ് ഇമേജ് സെര്‍ച്ച് ഫീച്ചറുകള്‍ പരീക്ഷിക്കുന്നു എന്ന വാര്‍ത്ത ദിവസങ്ങള്‍ക്ക് മുമ്പാണ് വന്നത്. ഇപ്പോഴിതാ വ്യാജവാര്‍ത്തകളുടെ പ്രചരണം നിയന്ത്രിക്കുന്നതിനായി ഫോര്‍വേഡ് മെസേജില്‍ രണ്ട് പുതിയ അപ്‌ഡേറ്റുകള്‍ കൂടി അവതരിപ്പിക്കാന്‍ വാട്‌സാപ്പ് ഒരുങ്ങുന്നു. ഫോര്‍വേഡിങ് ഇന്‍ഫോ, ഫ്രീക്വന്റ്‌ലി ഫോര്‍വേഡഡ് എന്നീ സംവിധാനങ്ങളാണ് വാട്‌സാപ്പ് കൊണ്ടുവരുന്നത്. 

നിങ്ങള്‍ നിങ്ങളുടെ സുഹൃത്തിനയച്ച സന്ദേശം എത്രതവണ ഫോര്‍വേഡ് ചെയ്യപ്പെട്ടു എന്ന് അറിയുന്നതിനുള്ള സൗകര്യമാണ് ഫോര്‍വേഡിങ് ഇന്‍ഫോ. മെസേജ് ഇന്‍ഫോ സെക്ഷനില്‍ നിന്നും ഈ വിവരങ്ങള്‍ പരിശോധിക്കാവുന്നതാണ്. ഇതിനായി സന്ദേശങ്ങളില്‍ ലോങ് പ്രസ് ചെയ്തതിന് ശേഷം മുകളിലായി തെളിയുന്ന ഇന്‍ഫോ ഐക്കണ്‍ തിരഞ്ഞെടുക്കുക.

നിങ്ങള്‍ മറ്റൊരാള്‍ക്ക് അയക്കുന്ന സന്ദേശങ്ങളുടെ കണക്കുകള്‍ മാത്രമേ ഈ രീതിയില്‍ ലഭ്യമാവുകയുള്ളൂ. നിങ്ങള്‍ക്ക് ലഭിച്ച സന്ദേശങ്ങള്‍ എത്ര തവണ പങ്കുവെക്കപ്പെട്ടു എന്ന് കാണാന്‍ കഴിയില്ല. 

ഒരു സന്ദേശം അസാധാരണമായി പങ്കുവെക്കപ്പെടുന്നു എന്ന മുന്നറിയിപ്പ് നല്‍കുന്നതാണ് ഫ്രീക്വന്റ്‌ലി ഫോര്‍വേഡഡ് ലേബല്‍. ഒരാള്‍ നാല് പ്രാവശ്യത്തില്‍ കൂടുതല്‍ പങ്കുവെക്കുന്ന സന്ദേശങ്ങളുടെ മുകളിലായാണ് ഫ്രീക്വന്റ്‌ലി ഫോര്‍വേഡഡ് ലേബല്‍ കാണുക. 

വാട്‌സാപ്പിലെ അണിയറ രഹസ്യങ്ങള്‍ പുറത്തുവിട്ട് ശ്രദ്ധേയമായ വാബീറ്റാ ഇന്‍ഫോ വെബ്‌സൈറ്റാണ് ഈ വിവരവും പുറത്തുവിടുന്നത്. പുതിയ ഫീച്ചറുകള്‍ ഇപ്പോഴും നിര്‍മാണ ഘട്ടത്തിലാണ്. വാട്‌സാപ്പിന്റെ 2.19.80 ആന്‍ഡ്രോയിഡ് അപ്‌ഡേറ്റിലാണ് ഈ രണ്ട് ഫീച്ചറുകളും പരീക്ഷിക്കുന്നത്.

Content Highlights: WhatsApp 'forwarded' message feature to get two updates