ആന്‍ഡ്രോയിഡ് ആപ്പില്‍ ഡാര്‍ക്ക് മോഡ് അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് വാട്‌സാപ്പ്. ഡാര്‍ക്ക്‌മോഡിന് വേണ്ടി കഴിഞ്ഞ ഒരു വര്‍ഷമായി നിരവധി മാറ്റങ്ങളാണ് വാട്‌സാപ്പിന്റെ രൂപകല്‍പനയില്‍ കൊണ്ടുവന്നിരിക്കുന്നത്. ഇപ്പോഴിതാ ഡാര്‍ക്ക് മോഡ് ആക്റ്റിവേറ്റ് ചെയ്യുന്നതിനായി വാട്‌സാപ്പ് ഒരു പുതിയ ഓപ്ഷന്‍ അവതരിപ്പിക്കാനൊരുങ്ങുകയാണെന്ന് വിവരം.
വാട്‌സാപ്പ് സെറ്റിങ്‌സില്‍ 'തീംസ്' എന്ന പേരില്‍ ഒരു പുതിയ സെക്ഷന്‍ ആരംഭിക്കും. അതില്‍ ലൈറ്റ് തീം, ഡാര്‍ക്ക് തീം, ബാറ്ററി സേവര്‍ തീം എന്നിങ്ങനെ മൂന്ന് ഓപ്ഷനുകളുണ്ടാവും. ഇന്ന് നമ്മളെല്ലാം സാധാരണയായി ഉപയോഗിക്കുന്നതാണ് ലൈറ്റ് തീം, ഡാര്‍ക്ക് തീം, പേര് അര്‍ഥമാക്കുന്നപോലെ പശ്ചാത്തലം ഇരുണ്ട നിറത്തിലേക്ക് മാറ്റുന്നു. ബാറ്ററി സേവര്‍ തീം ഫോണിന്റെ ബാറ്ററി സെറ്റിങ്‌സുമായി ബന്ധപ്പെട്ടുള്ളതാണ്. ഫോണിന്റെ ബാറ്ററി ചാര്‍ജ് നിശ്ചിതകുറയുമ്പോള്‍ ആപ്പിലെ ഡാര്‍ക്ക് മോഡ് ഓണ്‍ ആവുന്ന സംവിധാനമാണിതില്‍.
ആന്‍ഡ്രോയിഡ് 9.0 പൈ ഓഎസിലോ അതിന് മുമ്പുള്ള ആന്‍ഡ്രോയിഡ് ഒഎസിലോ പ്രവര്‍ത്തിക്കുന്ന ഫോണുകളിലാണ് ഈ ബാറ്ററി സേവര്‍ ഫീച്ചര്‍ ലഭിക്കുക. പുതിയ ആന്‍ഡ്രോയിഡ് 10 ഓഎസില്‍ പുറത്തിറങ്ങുന്ന ഫോണുകളില്‍ സിസ്റ്റം ഡിഫോള്‍ട്ട് ഓപ്ഷനാണ് ഉണ്ടാവുക.
നിലവില്‍ ആന്‍ഡ്രോയിഡ് ബീറ്റാ 2.19.353 പതിപ്പിലാണ് ഈ പുതിയ സംവിധാനങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. അതുകൊണ്ട് എല്ലാ ഉപയോക്താക്കള്‍ക്കും ഇവ ലഭിക്കുന്നതിന് അല്‍പ്പ്ം കാത്തിരിക്കേണ്ടി വരും.