അടുത്തുള്ള കടകളും റസ്റ്റോറന്റുകളുമെല്ലാം തിരഞ്ഞ് കണ്ടുപിടിക്കാനാകുന്ന പുതിയ ഫീച്ചര്‍ വാട്‌സാപ്പ് പ്രഖ്യാപിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. സാവോ പോളോയില്‍ ചിലയാളുകള്‍ക്ക് മാത്രമായി ഈ ഫീച്ചര്‍ പരീക്ഷിക്കുന്നുണ്ടെന്നും ഭാവിയില്‍ കൂടുതല്‍ പേരിലേക്ക് അവതരിപ്പിക്കുമെന്നും വാബീറ്റാ ഇന്‍ഫോ വെബ്‌സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

ഈ ഫീച്ചര്‍ ആന്‍ഡ്രോയിഡിലും ഐഒഎസിലും ലഭ്യമാവും. ഹോട്ടലുകള്‍, റസ്‌റ്റോറന്റുകള്‍, പലചരക്ക് കടകള്‍, തുണിക്കടകള്‍ പോലുള്ള അടുത്തുള്ള സ്ഥാപനങ്ങള്‍ തിരഞ്ഞുകണ്ടുപിടിക്കാന്‍ ഇതില്‍ സാധിക്കും. ഇതിന് വേണ്ടി ബിസിനസ് (Businesses Nearby) എന്ന പുതിയ സെക്ഷന്‍ വാട്‌സാപ്പില്‍ ചേര്‍ക്കും.  

നിരന്തരം പുതിയ സൗകര്യങ്ങളാണ് വാട്‌സാപ്പ് പരീക്ഷിച്ചുകൊണ്ടിരിക്കുന്നത്. വോയ്‌സ് മെസേജുകള്‍ അയക്കുന്നതിന് മുമ്പ് കേള്‍ക്കാനുള്ള സൗകര്യം, ലാസ്റ്റ് സീന്‍ സ്റ്റാറ്റസ് എന്നിവ അപരിചിത കോണ്‍ടാക്റ്റുകള്‍ കാണാതിരിക്കാനുള്ള സംവിധാനം തുടങ്ങിയവ അടുത്തിടെ അവതരിപ്പിച്ചവയാണ്. 

ഇത് കൂടാതെ ചാറ്റ് വിന്‍ഡോയില്‍ അടിമുടി മാറ്റം വരുത്താനും വാട്‌സാപ്പ് ശ്രമിക്കുന്നുണ്ടെന്നാണ് വിവരം. ചാറ്റ് ബബിളുകളുടെ ആകൃതിയും. വലിപ്പവും നിറവുമെല്ലാം മാറ്റാന്‍ കഴിയുന്ന സൗകര്യം അണിയറയിലൊരുങ്ങുകയാണ്.

Content Highlights: WhatsApp feature to search for nearby restaurants, local stores