ന്ത്യന്‍ പൊതു തിരഞ്ഞെടുപ്പിന് മുന്നോടിയായി വ്യാജവാര്‍ത്തകളെയും തെറ്റിദ്ധാരണാജനകമായ വിവരങ്ങളെയും തടയുന്നതിനായി പുതിയ സംവിധാനമൊരുക്കി മെസേജിങ് ആപ്ലിക്കേഷനായ വാട്‌സാപ്പ്. വാട്‌സാപ്പില്‍ ലഭിക്കുന്ന സന്ദേശങ്ങളുടെ ആധികാരികത പരിശോധിക്കുന്നതിനായി ഒരു വസ്തുതാ പരിശോധന സംവിധാനമാണ് വാട്‌സാപ്പ് ഒരുക്കിയിരിക്കുന്നത്. ഇന്ത്യന്‍ സ്റ്റാര്‍ട്ട് അപ്പായ പ്രോട്ടോയുടെ സഹായത്തോടെയാണ് ഈ സംവിധാനം.

വാട്‌സാപ്പില്‍ ലഭിക്കുന്ന സന്ദേശങ്ങളുടെ ആധികാരികത പരിശോധിക്കുകയും അത്തരം സന്ദേശങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിക്കുകയുമാണ് പ്രോട്ടോയുടെ ചുമതല. വാട്‌സാപ്പ് ഇതിന് വേണ്ട സാങ്കേതിക സഹായങ്ങള്‍ നല്‍കും.

ഉപയോക്താക്കള്‍ക്ക് അവര്‍ക്ക് ലഭിക്കുന്ന സന്ദേശങ്ങളുടെ ആധികാരികത പരിശോധിച്ചറിയാം എന്നതാണ് ഈ സംവിധാനത്തിന്റെ പ്രത്യേകത. സംശയാസ്പദമായ സന്ദേശങ്ങള്‍ +91 9643 000 888 എന്ന ടിപ്പ് ലൈന്‍ നമ്പറിലേക്ക് അയക്കുക. പ്രോട്ടോ വെരിഫിക്കേഷന്‍ സെന്റര്‍ ആ സന്ദേശം സത്യമാണോ നുണയാണോ, തെറ്റിദ്ധരിപ്പിക്കുന്നതാണോ തുടങ്ങിയ കാര്യങ്ങള്‍ പരിശോധിക്കും. അക്കാര്യം ആവശ്യമായ അനുബന്ധവിവരങ്ങളോടൊപ്പം പ്രോട്ടോ ഉപയോക്താക്കളെ അറിയിക്കും.

ടെക്‌സ്റ്റ്, വീഡിയോ, ചിത്രം, വീഡിയോ ലിങ്ക് ഉള്‍പ്പടെയുള്ള സന്ദേശങ്ങളുടെ ആധികാരികത ഇതുവഴി പരിശോധിക്കാം. ഇംഗ്ലീഷിനെ കൂടാതെ, ഹിന്ദി, തമിഴ്, ബംഗാളി, മലയാളം ഉള്‍പ്പടെയുള്ള പ്രാദേശിക ഭാഷകളിലും സേവനം ലഭ്യമാണ്.

വാട്‌സാപ്പ് വഴിയുള്ള തെറ്റായ വാര്‍ത്തകളുടെ പ്രചരണം പഠനവിധേയമാക്കാനും ഈ പദ്ധതിയിലൂടെ വാട്‌സാപ്പ് ലക്ഷ്യമിടുന്നു. ഇതുവഴി, തെറ്റിദ്ധാരണാപരമായ വിഷയങ്ങള്‍, അതുമായി ബന്ധപ്പെട്ട പ്രദേശങ്ങള്‍, ഭാഷകള്‍, എന്നിവയെല്ലാം പഠനവിധേയമാക്കും. 

എന്‍ക്രിപ്റ്റഡ് സേവനമായതിനാല്‍ ഉപയോക്താക്കളുടെ സഹായത്തോടെയല്ലാതെ വ്യാജവാര്‍ത്തകളെ ചെറുക്കാന്‍ വാട്‌സാപ്പിനാവില്ല. ഉപയോക്താക്കള്‍ക്ക് നേരിട്ട് വസ്തുതാ പരിശോധകരുമായി ആശയവിനിമയം നടത്താമെന്നത് ഈ സേവനത്തിന്റെ നേട്ടമാണ്. എന്നാല്‍ കോടിക്കണക്കിന് വരുന്ന ഇന്ത്യന്‍ ഉപയോക്താക്കളില്‍ നിന്നുള്ള സന്ദേശങ്ങള്‍ പഠന വിധേയമാക്കാന്‍ മാത്രമുള്ള അംഗബലം ഈ പരിശോധന സംവിധാനത്തിനുണ്ടോ എന്ന് വ്യക്തമല്ല. 

Content Highlights: whatsapp fact checking service loksabha election