മെസേജിങ് ആപ്ലിക്കേഷനായ ടെലഗ്രാമിലെ സെല്‍ഫ് ഡിസ്ട്രക്ട് ടൈമര്‍ പോലെ അയക്കുന്ന സന്ദേശങ്ങള്‍ നിശ്ചിത സമയത്തേക്ക് മാത്രം സ്വീകര്‍ത്താവിന് കാണാന്‍ സാധിക്കുന്ന ഡിസപ്പിയറിങ് മെസേജ് ഫീച്ചര്‍ അവതരിപ്പിക്കാന്‍ വാട്‌സാപ്പ് മെസഞ്ചറും ശ്രമിക്കുകയാണെന്ന് നിരവധി റിപ്പോര്‍ട്ടുകളുണ്ട്. ഡിസപ്പിയറിങ് മെസേജസ് എന്നും എക്‌സ്പയറിങ് മീഡിയാ ഫീച്ചര്‍ എന്നൊക്കെയാണ് ഈ ഫീച്ചറിന് ഇതുവരെ പേര് പറഞ്ഞിരുന്നത്. എന്നാല്‍ വ്യൂ വണ്‍സ് (View Once)എന്നായിരിക്കും ഈ ഫീച്ചറിന് പേരെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

വാട്‌സാപ്പിലെ ബീറ്റാ അപ്‌ഡേറ്റുകളെ കുറിച്ച് വാര്‍ത്തകള്‍ നല്‍കി ശ്രദ്ധേയരായ വാബീറ്റാ ഇന്‍ഫോയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. അത് വ്യക്തമാക്കുന്ന ഈ ഫീച്ചറിന്റെ ചില സ്‌ക്രീന്‍ഷോട്ടുകളും വാബീറ്റ ഇന്‍ഫോ പുറത്തുവിട്ടിട്ടുണ്ട്. 

ഒരു ചിത്രം പങ്കുവെക്കാന്‍ ശ്രമിക്കുമ്പോള്‍ ഇമേജ് ഓപ്ഷന് സമീപത്തായി എക്‌സ്പയറിങ് മീഡിയാ ഐക്കണ്‍ കാണുമെന്നും സന്ദേശം ലഭിച്ചയാള്‍ ചാറ്റിന് പുറത്തുകടന്ന ഉടന്‍തന്നെ ഈ ഫീച്ചറിലൂടെ അയച്ച മീഡിയാ ഫയലുകള്‍ നീക്കം ചെയ്യപ്പെടുമെന്നും നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. 

സന്ദേശം ലഭിക്കുന്നയാളിന് തനിക്ക് ലഭിച്ചത് എക്‌സ്പയറിങ് മീഡിയാ ഫയല്‍ ആണെന്ന് തിരിച്ചറിയാനുള്ള അറിയിപ്പ് കാണാനാവുമെന്ന് വാബീറ്റാ ഇന്‍ഫോ പുറത്തുവിട്ട ചിത്രങ്ങള്‍ വ്യക്തമാക്കുന്നു. സന്ദേശം നിന്ന സ്ഥലത്ത് വ്യൂ വണ്‍സ് ഫോട്ടോ എക്‌സ്പയേഡ് എന്ന് കാണിക്കും. 

വാട്‌സാപ്പിന്റെ ആന്‍ഡ്രോയിഡ് ബീറ്റാ 2.20.201.1 പതിപ്പിലാണ് ഈ ഫീച്ചര്‍ പരീക്ഷിക്കുന്നത്. നിലവില്‍ ഈ ഫീച്ചര്‍ എപ്പോള്‍ പുറത്തിറക്കുമെന്ന് വ്യക്തമല്ല. എങ്കിലും ഉപയോക്താക്കള്‍ക്ക് ഏറെ ഉപകാരപ്രദമായ ഫീച്ചര്‍ എന്ന നിലയില്‍ ഈ ഫീച്ചര്‍ വാട്‌സാപ്പില്‍ വരുമെന്നുറപ്പാണ്. 

Content Highlights: whatsapp expiring media feature view once