സോഷ്യല്‍ മീഡിയ നിശ്ചലമാകുന്നത് ലോകം നിശ്ചലമാകുന്നതിന് തുല്യമായ അവസ്ഥയാണ്. വെള്ളിയാഴ്ച വാട്‌സ്ആപ്പ് കുറച്ച് നേരത്തേക്ക് നിശ്ചലമായപ്പോള്‍ കണ്ട കാഴ്ചയും അതാണ്. ഫോണുകളിലേക്ക് മാത്രം തലകുനിച്ച് നടന്ന ലോകം തലയുയര്‍ത്തി ചുറ്റും നോക്കിയ നിമിഷങ്ങളായിരുന്നു അത്.

ട്വിറ്റര്‍ ഉള്‍പ്പടെയുള്ള മറ്റ് സോഷ്യല്‍ മീഡിയാ സേവനങ്ങള്‍ വഴിയാണ് വാട്‌സ്ആപ്പ് പ്രവര്‍ത്തിക്കുന്നില്ലെന്ന വാര്‍ത്ത ലോകമെങ്ങും വ്യാപിച്ചത്. ആളുകളെല്ലാം അവരുടെ ആശങ്കകള്‍ രസകരമായി തന്നെ പങ്കുവെച്ചു. #WhatsAppDown എന്ന ഹാഷ്ടാഗ് ആഗോളതലത്തില്‍ ട്രെന്‍ഡിങ് ആവുകയും ചെയ്തു. 

'നമ്മള്‍ എന്ത് ചെയ്യും ?', 'ഇത് ലോകാവസാനമാണോ?' തുടങ്ങിയ ആശങ്കാവചനങ്ങള്‍ അക്കൂട്ടത്തിലുണ്ടായിരുന്നു.

'വാട്‌സ്ആപ്പ് നിശ്ചലമായി. ഞാന്‍ എന്റെ വീട്ടുകാരോട് സംസാരിച്ചു. അവര്‍ എത്ര നല്ലവരാണ്' എന്നാണ് ഒരാള്‍ ട്വീറ്റ് ചെയ്തത്. വാട്‌സ്ആപ്പ് പ്രവര്‍ത്തന രഹിതമായോ എന്നറിയാന്‍ അയല്‍പക്കത്തെ വീടുകളിലെല്ലാം ലൈറ്റ് അണഞ്ഞോ എന്ന് നോക്കിയാല്‍ മതിയെന്നായിരുന്നു മറ്റൊരാളുടെ ട്വീറ്റ്. 

വാട്‌സ്ആപ്പ് നിശ്ചലമായെന്ന മാതൃഭൂമി ഡോട്ട് കോമിന്റെ വാര്‍ത്തയ്ക്ക് താഴെ വന്ന കമന്റുകളും ഏറെ രസകരമാണ്. 
'എത്രപേര്‍ മരിച്ചു ? ഈ കുന്തം മനുഷ്യന്മ്മാരുടെ ജീവ വായു ആണല്ലോ ' എന്നാണ് ഒരാള്‍ കമന്റ് ചെയ്തത്. 

വാട്‌സ്ആപ്പ്  ഇല്ലാത്തതു കൊണ്ട് അച്ഛനും അമ്മയും ചേട്ടനും മുത്തശ്ശനും മുത്തശ്ശിയും ഞാനും ഇന്ന് കുറേസമയം വര്‍ത്തമാനം പറഞ്ഞു.
എല്ലാദിവസവും രണ്ടു മണിക്കൂര്‍ വാട്‌സ്ആപ്പ് നിശ്ചലമായാല്‍ നന്നായിരുന്നു. എന്നായിരുന്നു മറ്റൊരാള്‍.  

ഇങ്ങനെ ലോകത്തിന്റെ സോഷ്യല്‍ മീഡിയാ ഭ്രമത്തെ ഒളിഞ്ഞും തെളിഞ്ഞും വിമര്‍ശിച്ചുകൊണ്ടുള്ള നിരവധി ട്വീറ്റുകളാണ് ചുരുങ്ങിയ മണിക്കൂറുകള്‍ക്കുള്ളില്‍ ലോകം കണ്ടത്. അവയും പങ്കുവെക്കാന്‍ സോഷ്യല്‍ മീഡിയ തന്നെ വേണ്ടിവന്നു എന്നത് ഒരു പരമാര്‍ത്ഥം.